
ആഭ്യന്തര ഉല്പാദന രംഗത്തെ ശക്തിപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസന്റീവ് (പിഎല്‍ഐ) സ്‌കീം പരാജയമെന്ന് റിപ്പോര്‍ട്ട്.
ആറ് വര്‍ഷത്തില്‍ 1.9 ലക്ഷം കോടി രൂപ സബ്സിഡി ഇനത്തില്‍ നല്‍കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. 2023 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 3,400 കോടി രൂപയുടെ അവകാശവാദം മാത്രമാണ് ഉണ്ടായതെന്നും ഇതില്‍ 2,900 കോടി വിതരണം ചെയ്തതായും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശരാശരി അഞ്ച് ശതമാനം തുക സബ്സിഡിയായി നല്‍കുന്നതിലൂടെ പദ്ധതി ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 38 ലക്ഷം കോടി രൂപയുടെ നിക്ഷേപ സാധ്യത ഉണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നിലവിലെ കണക്കനുസരിച്ച് 60,000 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ഉണ്ടായിട്ടുള്ളത്.
അതേസമയം പദ്ധതി നിര്‍വഹണത്തിലെ പിഴവുകള്‍ പരിശോധിക്കുമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എട്ട് മേഖലകള്‍ക്കാണ് പദ്ധതിയിലൂടെ ഗുണം ലഭിക്കുകയെന്നും ആറ് മേഖലകള്‍ക്ക് പദ്ധതി ഭാവിയില്‍ ഗുണകരമാകുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നാല് മേഖലകള്‍ ശക്തി ആര്‍ജിക്കുന്നതായും രണ്ട് മേഖലകള്‍ ‘അഡ്വാൻസ്ഡ് സ്റ്റേജ്’ വിഭാഗത്തിലാണെന്നും ഉദ്യാേഗസ്ഥര്‍ അറിയിച്ചു.
ആഭ്യന്തര ഉല്പാദനം ശക്തിപ്പെടുത്തി രാജ്യത്തെ നിര്‍മ്മാണ മേഖലയ്ക് ഉണര്‍വേകുക എന്ന ലക്ഷ്യത്തോടെ 2020 മാര്‍ച്ചിലാരംഭിച്ച പദ്ധതിയില്‍ ആദ്യം മൂന്ന് വ്യവസായങ്ങളെയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നവംബറില്‍ 10 വ്യവസായങ്ങളെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന് ഡ്രോണ്‍ വ്യവസായത്തെക്കൂടി ഉള്‍പ്പെടുത്തിയതോടെ 14 വ്യവസായങ്ങളാണ് നിലവില്‍ പട്ടികയിലുള്ളത്. ഇന്ത്യയുടെ ജിഡിപിയില്‍ വെറും 17 ശതമാനം മാത്രമാണ് ഉല്പാദന മേഖലയുടെ പങ്ക്. നാല് ദശലക്ഷം തൊഴില്‍ മാത്രമാണ് 2010 മുതല്‍ ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ആപ്പിള്‍ ഇന്ത്യയില്‍ ഫാക്ടറികള്‍ ആരംഭിക്കുന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടമായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ മേഖലയ്ക്കായുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസന്റീവ് സ്‌കീം പരാജയം നേരിടുന്നതായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ വിമര്‍ശനം നടത്തിയിരുന്നു. “മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ മേഖലയിലെ അധിപനാകാൻ ഇന്ത്യക്ക് സാധിച്ചോ?” എന്ന് പേരിട്ടിരിക്കുന്ന പ്രബന്ധം പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസന്റീവ് സ്‌കീമിനെയും മൊബൈല്‍ ഫോണ്‍ കയറ്റുമതിയിലെ ഇന്ത്യയുടെ പ്രകടനത്തേയും ചോദ്യം ചെയ്യുന്നുണ്ട്.
പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസന്റീവ് പദ്ധതിയിലൂടെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ മേഖലയ്ക്ക് ലഭിച്ച നേട്ടങ്ങള്‍ കുറവാണെന്നും നിര്‍മ്മാണത്തേക്കാള്‍ ഭാഗങ്ങള്‍ സംയോജിപ്പിക്കലാണ് നടക്കുന്നതെന്നും കയറ്റുമതിയേക്കാള്‍ ഇറക്കുമതി മുന്നിട്ടു നില്‍ക്കുന്നതായും രഘുറാം രാജൻ പ്രബന്ധത്തില്‍ ചൂണ്ടികാണിക്കുന്നു.
english summary;PLI project is a huge failure
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.