22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

March 12, 2024
February 11, 2024
February 8, 2024
February 8, 2024
February 8, 2024
February 8, 2024
February 6, 2024
February 4, 2024
February 4, 2024
January 28, 2024

അയോധ്യയിലെ പ്രച്ഛന്നവേഷവും മോഡിയുടെ യജമാൻ പദവിയും

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
January 26, 2024 4:45 am

രാമജന്മഭൂമിയും ബാബറി മസ്ജിദും രൂക്ഷമായ തർക്കവിഷയമായപ്പോൾ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായ എൻ ഇ ബാലറാം ‘അയോധ്യ സത്യവും മിഥ്യയും’ എന്ന പുസ്തകം ചരിത്രരേഖകളുടെ പിൻബലത്തിൽ രചിച്ചു. 1949ലെ ഇരുണ്ട രാവില്‍ രാമവിഗ്രഹം ഒളിച്ചു കടത്തിയ പശ്ചാത്തലത്തിൽ തർക്കഭൂമി താഴിട്ടു ബന്ധിച്ച് രാമൻ മുങ്ങിത്താണ സരയൂ നദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിയണമെന്നും ഇനിയൊരിക്കലും തുറക്കരുതെന്നും അന്ന് പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ചരിത്രപരമായ വാക്കുകളും എൻ ഇ ബാലറാം ഉദ്ധരിച്ചു. അയോധ്യയുടെ പുരാതന ചരിത്രവും 464 വർഷക്കാലത്തെ പഴമയുണ്ടായിരുന്ന ബാബറി മസ്ജിദിന്റെ ചരിത്രമഹിമയും തെളിവുകളുടെ പിൻബലത്തോടെ ബാലറാം സമർത്ഥിച്ചു. അയോധ്യ രാമജന്മഭൂമിയാണെന്നത് കേട്ടുകേൾവിയും ഇരുട്ടുമായണം എന്ന വാത്മീകിയുടെ രാമായണത്തിലെ കാവ്യസങ്കല്പവും മാത്രമാണെന്ന് സഖാവ് ബാലറാം അടിവരയിട്ടു. 1995 ജൂലൈ 31ന് കണ്ണൂരിൽ നടത്തിയ എൻ ഇ ബാലറാം അനുസ്മരണ പ്രഭാഷണത്തിൽ ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞു; “അദ്ദേഹം (ബാലറാം) ശ്രീരാമകൃഷ്ണ മിഷന്റെയും മറ്റും പ്രവർത്തകനായിട്ടാണ് യുവാവായി തീർന്നതെങ്കിലും ആ പ്രവർത്തനവും പഠന ഗവേഷണങ്ങളും ഇന്ത്യയിലെ, വിശേഷിച്ച് കേരളത്തിലെ തൊഴിലാളി കർഷകാദി ബഹുജനങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ സമരങ്ങളിലുള്ള പങ്കാളിത്തവും ചേർന്ന് അദ്ദേഹത്തിന്റേതായ ഒരു ദർശനത്തിനു തന്നെ രൂപം കൊടുത്തിട്ടുണ്ട്. ആ ദർശനം ഇന്നത്തെ ഇന്ത്യയു‍ടെയും ലോകത്തിന്റെയും സാഹചര്യത്തിൽ വളരെയേറെ പ്രസക്തമാണ്. ആ കാര്യം ഊന്നിപ്പറയാൻ മാത്രമാണ് ഞാനെന്റെ വാക്കുകൾ ഉപയോഗിക്കുന്നത്.

നേരത്തെ പറഞ്ഞതുപോലെ അദ്ദേഹം തുടങ്ങിയത് ഒരു ഹൈന്ദവ വേദാന്തവിദ്യാർത്ഥിയായിട്ടാണ്. അതിൽ അദ്ദേഹം നേടിയ പാണ്ഡിത്യം പിന്നീടുപയോഗിച്ചത് ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ജൈനൻ മുതലായ വ്യത്യാസങ്ങളില്ലാതെ ഈ രാജ്യത്തെ ഒന്നായി കാണാനാണ്. അദ്ദേഹം ആദ്യം സ്വീകരിച്ച വിവേകാനന്ദ ദർശനത്തിലുള്ള യഥാർത്ഥ ഐക്യം ഇന്ത്യയുടെ ഐക്യമാണ്. ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും താമസിക്കുന്നുണ്ട്. സിഖുകാരുമുണ്ട്. മുമ്പ് ജൂതന്മാർ താമസിച്ചിരുന്നു. പാഴ്സികളും താമസിക്കുന്നു. ഹിന്ദുക്കളിൽ തന്നെ പെട്ടെതെന്നു പറയാവുന്ന ജൈനരും ബൗദ്ധരും താമസിച്ചിരുന്നു, ഈ മതവിഭാഗങ്ങളെല്ലാം താമസിക്കുന്ന ഇന്ത്യാരാജ്യത്തിൽ അതിലെ പൗരന്മാരെല്ലാം ഒന്നാണ്.” ഏതുമതത്തിൽ വിശ്വസിക്കുന്നവരായാലും ഒരു മതത്തിലും വിശ്വസിക്കാത്തവരായാലും അവരെല്ലാം സമന്മാരാണ് എന്നതാണ് വിവേകാനന്ദ ദർശനമെന്ന് സഖാവ് ബാലറാം യുക്തിഭദ്രതയോടെ ചൂണ്ടിക്കാട്ടി. ആ വിവേകദർശനങ്ങളെയാണ് നരേന്ദ്ര മോഡിയുടെ സ്വേച്ഛാധിപത്യ ഭരണകൂടവും മോഹൻ ഭാഗവതിന്റെ ഫാസിസ്റ്റ് അജണ്ടാ സംഘവും അട്ടിമറിക്കുന്നത്. ജനുവരി 22ന് നടന്ന അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പ്രാണഭയത്തിന്റെ തിരശീല ഉയർത്തുകയാണ്. വേദാന്തികളും തന്ത്രികളും നരേന്ദ്ര മോഡി യജമാൻ പദവി ഏറ്റെടുക്കുന്നതിന്റെ സ്വേച്ഛാധിപത്യത്തെ ചോദ്യം ചെയ്തു. ശങ്കരാചാര്യന്മാർ മോഡിയുടെ ഏകാധിപത്യ പ്രവണതയെ ചോദ്യം ചെയ്ത് പ്രതിഷ്ഠ ബഹിഷ്കരിച്ചു. “ശിലാസ്ഥാപനത്തിന് പോകാത്തതിന്റെ കാരണം ഏതെങ്കിലും വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ രാഷ്ട്രീയമല്ല. ശാസ്ത്രവിധി പിൻതുടരുകയും അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ശങ്കരാചാര്യരുടെ കടമയാണ്. ഇവിടെ ശാസ്ത്രവിധി അവഗണിക്കപ്പെടുന്നു. ക്ഷേത്രം അപൂർണമായിരിക്കേയാണ് പ്രാണപ്രതിഷ്ഠ നടത്തുന്നത്. ഇതുപറഞ്ഞാൽ ഞങ്ങളെ മോഡി വിരുദ്ധരായി മുദ്രകുത്തും.


ഇതുകൂടി വായിക്കൂ:ഇനി രാമന്‍ മോഡിയെ ഭയക്കണം


രാമക്ഷേത്ര നിർമ്മാണവും രാമപ്രതിഷ്ഠയെക്കുറിച്ചുള്ള പ്രചാരണങ്ങളും ക്ഷേത്രത്തെ രാഷ്ട്രീയവല്‍ക്കരിച്ചു. രാഷ്ട്രീയ പ്രവർത്തകർക്ക് ഭരണഘടനയ്ക്ക് കീഴിൽ വലിയ ഉത്തരവാദിത്തം നിർവഹിക്കാനുണ്ട്. അവര്‍ എല്ലാ മേഖലകളിലും കൈകടത്തുന്നത് ഒരു തരത്തിൽ ഭ്രാന്താണ്”, ഉത്തരാഖണ്ഡ് ജോഷി മഠ് അധിപതി അവിമുക്തേശ്വരാനന്ദയുടെ വാക്കുകളാണിത്. ശങ്കരാചാര്യരുടെ വാക്കുകൾ സംഘപരിവാരത്തിന്റെ കപട ഹിന്ദുത്വവും കപട ആത്മീയതയും വിളിച്ചറിയിക്കുന്നു. രാമൻ, രാമൻ എന്ന് ഉച്ചെെസ്തരം ഉദ്ഘോഷിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, ശ്രീരാമനെ രാഷ്ട്രീയ ആയുധമാക്കി രാമക്ഷേത്രത്തിന്റെ പണിതീരാത്തയിടങ്ങൾ മറവു ചെയ്ത് ഉദ്ഘാടന മഹാമാമാങ്ക നാടകം നടത്തുകയായിരുന്നു ‘യജമാനൻ’ നരേന്ദ്ര മോഡി. അമ്പലങ്ങൾ കയറിയിറങ്ങാത്ത പ്രഥമ പ്രധാനമന്ത്രി നെഹ്രു മതനിരപേക്ഷതയുടെ പതാക ഹിമാലയ സാനുക്കൾക്കും മുകളിൽ പാറിച്ചു. അമ്പലങ്ങളല്ല ആവശ്യം പള്ളിക്കൂടങ്ങളും അണക്കെട്ടുകളുമാണ് ആവശ്യമെന്ന് നെഹ്രു പറഞ്ഞു. ‘ഇന്ത്യയെ കണ്ടെത്തൽ’, ‘ഒരച്ഛൻ മകൾക്കെഴുതിയ കത്തുകൾ ’ എന്നീ ഗ്രന്ഥങ്ങളിലൂടെ ഭാരതീയ സാംസ്കാരിക പൈതൃകത്തെയും അത് മുന്നോട്ടുവച്ച ഭൗതിക ശാസ്ത്രീയ ചിന്തയെയും കുറിച്ച് നെഹ്രു യുക്തിഭദ്രമായി പ്രതിപാദിച്ചു. ആ നെഹ്രുവിൽ നിന്ന് മോഡിയിലേക്കെത്തുമ്പോൾ മതരാഷ്ട്രീയത്തിന്റെ ദുരന്തക്കിടങ്ങുകളിലേക്ക് ഇന്ത്യ വലിച്ചെറിയപ്പെടുകയാണ്. നെഹ്രുവിനെ ഫാസിസ്റ്റ് ഭരണകൂടം ചരിത്രത്തിൽ നിന്ന് തമസ്കരിക്കുകയാണ്. ഇന്ത്യയെ തകർത്തത് നെഹ്രുവാണെന്ന് നരേന്ദ്ര മോഡിയും അമിത്ഷായും സർസംഘചാലക് മോഹൻ ഭാഗവത്തും ആവർത്തിച്ച് ജല്പനം ചെയ്യുന്നു. ഭരണഘടനാ സ്രഷ്ടാവായ ഡോ. ബി ആർ അംബേദ്കറും സവർണ പൗരോഹിത്യ വക്താക്കളായ സംഘ്പരിവാറിന് ശത്രുഗണത്തിൽ പെട്ടയാളാണ്.

ഭരണഘടന മാറ്റി മനുസ്മൃതി ഭരണഘടനയാക്കണമെന്ന് വാദിക്കുന്നവർ അംബേദ്കറെ ശത്രുവാക്കിയില്ലെങ്കിലേ അതിശയപ്പെടാനുള്ളൂ. രാഷ്ട്രപിതാവ് ഗാന്ധിജി രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് വെടിയുണ്ടകൾ വർഷിച്ച നാഥൂറാം വിനായക് ഗോഡ്സെ രാജ്യസ്നേഹിയാണെന്നും ഉദ്ഘോഷിക്കുന്ന, നേതാവ് പ്രഗ്യാസിങ് ഠാക്കൂർ എംപിയായിരിക്കുന്ന പാർട്ടിയുമാണത്. ‘രാഷ്ട്രം സംശയരഹിതമായി മതനിരപേക്ഷമായിരിക്കണം. ഇവിടെ ജീവിക്കുന്ന ഏതൊരാൾക്കും രാഷ്ട്രത്തിന്റെ പൊതുനിയമങ്ങൾ അനുസരിക്കുന്നിടത്തോളം കാലം തടസങ്ങളൊന്നുമില്ലാതെ ഇഷ്ടപ്പെട്ട മതവിശ്വാസത്തിനനുസരിച്ച് ജീവിക്കാൻ കഴിയണം. എന്നാൽ അതിന് ഏതെങ്കിലും തരത്തിലുള്ള സർക്കാർ സംവിധാനങ്ങളുടെ സഹായം പാടില്ല’ എന്നു പറഞ്ഞ ഗാന്ധിജി, സർക്കാർ സംവിധാനത്തിലൂടെ അമ്പലം പണിയുകയും പ്രാണപ്രതിഷ്ഠയ്ക്ക് യജമാനനാവുകയും ചെയ്യുന്നവർക്ക് എങ്ങനെ ശത്രുവാകാതിരിക്കും. ആർഎസ്എസിന്റെ ഗുമസ്തപ്പണിയെടുക്കുന്ന തമിഴ്‌നാട് ഗവർണർ ആർ എൻ രവി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജിക്കും നെഹ്രുവിനും നിർണായക പങ്കൊന്നുമില്ലെന്ന് അണ്ണാമല സർവകലാശാലയിൽ ചെന്ന് പ്രസംഗിച്ചത് ചരിത്രത്തെ വക്രീകരിക്കുന്നതിന്റെയും ഫാസിസവല്‍ക്കരണത്തിന്റെയും തുടർക്കഥയാണ്.


ഇതുകൂടി വായിക്കൂ:ജനകീയ വിഷയങ്ങള്‍ മറയ്ക്കാന്‍ ക്ഷേത്രം


മഥുരയിലും കാശിയിലുമുൾപ്പെടെ ഇരുന്നൂറിലേറെ മുസ്ലിം-ക്രൈസ്തവ പള്ളികൾ പൊളിക്കാനുള്ള പട്ടികയുമായി ആക്രോശിക്കുകയാണ് സംഘപരിവാര ഫാസിസ്റ്റുകൾ. മണിപ്പൂർ ഇപ്പോഴും കത്തിയമർന്നുകൊണ്ടിരിക്കുമ്പോൾ നരേന്ദ്ര മോഡിയും അമിത്ഷായും കൂട്ടരും ആനന്ദത്തിൽ ആറാടുന്നു. അവിടെ ക്രൈസ്തവ പള്ളികളും പള്ളിക്കൂടങ്ങളും അഗ്നിക്കിരയാവുന്നു. ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവർ കൂട്ടക്കൊലയ്ക്കും കൂട്ട ബലാത്സംഗത്തിനും ഇരകളാവുന്നു, വംശഹത്യാ പരീക്ഷണത്തിന്റെ പരിശീലകനായ നരേന്ദ്ര മോഡിയും മണിപ്പൂർ മുഖ്യമന്ത്രിയും ആയുധകാരികളെ പ്രചോദിപ്പിക്കുന്നു. മാനവ സ്നേഹത്തിന്റെ പ്രതീകമായാണ് ആദികവി വാത്മീകി ശ്രീരാമനെ വിശേഷിപ്പിച്ചത്. വിദ്വേഷത്തിന്റെയും വിഘടനതയുടെയും അരാജകത്വ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവർ രാമനെന്ന മിത്തിനെ വോട്ട് രാഷ്ട്രീയത്തിന്റെ ബിംബമാക്കുമ്പോൾ കവിയുടെ വരികൾ നമുക്ക് ആവർത്തിച്ച് ചൊല്ലാം: രാമ രഘുരാമ നാമിനിയും നടക്കാം രാവിന്റെ മുമ്പേ കനല്‍ക്കാടു താണ്ടാം നോവിന്റെ ശൂലമുന മുകളിൽ കരേറാം നാരായബിന്ദുവിൽ അഗസ്ത്യനെ കാണാം.’ നാരായ ബിന്ദുവിൽ, നോവിന്റെശൂലമുനയിലാണ് ഇന്ന് ഇന്ത്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.