
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ അമിതാധികാരം ചോദ്യംചെയ്യുന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) ജുഡീഷ്യൽ പരിശോധനകളില്ലാതെ 180 ദിവസത്തേക്ക് സ്വത്തുക്കൾ കണ്ടുകെട്ടാനും കൈവശം വയ്ക്കാനും നൽകുന്ന അധികാരം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്ര സർക്കാരിനും ഇഡിക്കും നോട്ടീസ് അയച്ചിരിക്കുന്നത്. കർണാടക എംഎൽഎയായ കെ സി വീരേന്ദ്ര സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ചയാണ് നോട്ടീസ് അയച്ചത്. പിഎംഎൽഎ നിയമത്തിലെ 20, 21 വകുപ്പുകളുടെ ഭരണഘടനാപരമായ സാധുതയാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്. സമാനമായ മറ്റ് ഹർജികളോടൊപ്പം ഈ കേസും സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി ചേർത്തു. ജുഡീഷ്യൽ പരിശോധന ഇല്ലാതെ ആറ് മാസം വരെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡിക്ക് അധികാരം നൽകുന്നത് ദുരുപയോഗത്തിന് വഴിയൊരുക്കുമെന്ന് ഹർജിക്കാരൻ വാദിക്കുന്നു. ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകരായ മുകുൾ റോഹത്ഗിയും രഞ്ജിത് കുമാറും കോടതിയിൽ ഹാജരായി.
കണ്ടുകെട്ടിയ സ്വത്തുക്കളുടെ സാധുത പരിശോധിക്കാൻ നിയമിക്കപ്പെട്ടിട്ടുള്ള ‘അഡ്ജുഡിക്കേറ്റിങ് അതോറിട്ടിക്ക്’ ജുഡീഷ്യൽ പശ്ചാത്തലമില്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ബാങ്ക് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ, ആഭരണങ്ങൾ, വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള തന്റെ എല്ലാ സ്വത്തുക്കളും യാതൊരു കാരണവും പറയാതെയും നടപടിയെ ചോദ്യം ചെയ്യാൻ അവസരം നൽകാതെയും ഇഡി കണ്ടുകെട്ടിയെന്ന് ഹർജിക്കാരൻ ആരോപിച്ചു. നിയമത്തിലെ ഈ വ്യവസ്ഥകൾ, ഏതെങ്കിലും ജുഡീഷ്യൽ പരിശോധന തുടങ്ങുന്നതിന് മുമ്പ് ഇഡിക്ക് ആറുമാസത്തോളം നിയന്ത്രണമില്ലാതെ പ്രവർത്തിക്കാൻ അവസരം നൽകുന്നു. ഇത് വ്യാപകമായ അധികാര ദുർവിനിയോഗത്തിന് കാരണമായെന്ന് അഭിഭാഷകർ വാദിച്ചു. രാജ്യത്തുടനീളം ഒരു കോസ്റ്റ് അക്കൗണ്ടന്റ് മാത്രമാണ് അഡ്ജുഡിക്കേറ്റിങ് അതോറിട്ടിയായി പ്രവർത്തിക്കുന്നത്. ഇഡി നടത്തിയ കണ്ടുകെട്ടലുകളുടെ ഏകദേശം 99 ശതമാനവും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കണക്കുകൾ ഇഡിയുടെ വെബ്‌സൈറ്റിൽ നിന്നുള്ളതാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
“നിയമത്തിൽ ഒരു പിഴവുണ്ട്” എന്ന് നിരീക്ഷിച്ച ജസ്റ്റിസ് നരസിംഹ, സ്വത്തവകാശങ്ങളും ഭരണഘടനാപരമായ സംരക്ഷണങ്ങളും ഉൾപ്പെടുന്ന സങ്കീർണമായ വിഷയങ്ങളിൽ ജുഡീഷ്യൽ പശ്ചാത്തലമില്ലാത്ത ഒരു വ്യക്തിക്ക് എങ്ങനെ വിധി പറയാൻ കഴിയുമെന്ന് ചോദ്യമുന്നയിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി കേന്ദ്രത്തിനും ഇഡിക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയായിരുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെയും ഇഡിയുടെയും മറുപടി ലഭിച്ച ശേഷം സുപ്രീം കോടതി തുടർ നടപടികൾ സ്വീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.