മണിപ്പൂര്‍ വിഷയത്തില്‍ ലോക്‌സഭയില്‍ പ്രതിപക്ഷം നോട്ടീസ് നല്‍കിയ അവിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കും. വിഷയത്തില്‍ മോഡി തുടരുന്ന മൗനം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. രാജ്യത്തെ ഒരു സംസ്ഥാനം കത്തിയെരിയുന്ന വേളയിലും മൗനം ഭൂഷണമാക്കിയ മോഡിയുടെ കാപട്യം അവിശ്വാസ പ്രമേയത്തിലൂടെ തുറന്ന് കാട്ടാനുള്ള അവസരമാണ് ഇന്ത്യ സഖ്യം മുന്നില്‍ക്കാണുന്നത്. രാജ്യം കാതോര്‍ക്കുന്ന വിഷയത്തില്‍ മോഡിയുടെ മറുപടി ആയുധമാക്കാനും പ്രതിപക്ഷം വരും നാളുകളില്‍ ശ്രമിക്കും.
മണിപ്പൂരില്‍ ഇന്ത്യയെന്ന മാതാവിന്റെ ഘാതകരാണ് മോഡി സര്‍ക്കാരെന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങള്‍ ദേശദ്രോഹികളാണ് ദേശീയ വാദികളല്ല. മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി പ്രധാനമന്ത്രി അംഗീകരിക്കുന്നില്ല. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സേനയെ നിയോഗിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെയും രാഹുല്‍ ചോദ്യം ചെയ്തു.
രാഹുല്‍ സംസാരിക്കുന്നതിനിടെ 60 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ തീവ്രവാദത്തിലേക്ക് നയിച്ചതെന്ന ആക്ഷേപമുയര്‍ത്തി അരുണാചല്‍ പ്രദേശില്‍ നിന്നുള്ള കേന്ദ്ര മന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. എന്നാല്‍ എങ്ങനെയാണ് റിജിജുവിന്റെ മൈക്ക് രാഹുല്‍ സംസാരിക്കുമ്പോള്‍ ഓണായതെന്ന ചോദ്യം പ്രതിപക്ഷം സ്പീക്കര്‍ക്കു നേരെ ഉന്നയിച്ചു.
മണിപ്പൂരിലെ അക്രമ സംഭവങ്ങള്‍ നാണക്കേടായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുറന്ന് പറഞ്ഞു. അക്രമ സംഭവങ്ങള്‍ വേദന ഉളവാക്കി. കേന്ദ്ര സര്‍ക്കാര്‍ വടക്കു കിഴക്കന്‍ മേഖലകളുടെ സംയുക്ത വികസനം മുന്നോട്ടു വച്ച് നടത്തിയ നീക്കങ്ങളും തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ നടത്തിയ ശ്രമങ്ങളുമാണ് അമിത് ഷാ ചര്‍ച്ചയില്‍ ഉയര്‍ത്തിയത്.
അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷം മണിപ്പൂര്‍ വിഷയത്തിലെ സര്‍ക്കാരിന്റെ കഴിവുകേടുകള്‍ ഉയര്‍ത്തി കാട്ടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മറ്റ് പല വിഷയങ്ങളാണ് ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത്. ചര്‍ച്ചകളില്‍ മണിപ്പൂരിനെ മനഃപൂര്‍വം മാറ്റി നിര്‍ത്തുന്ന ട്രഷറി ബഞ്ച് തടിതപ്പാനുള്ള ശ്രമമാണ് നടത്തുന്നത്.
English Summary: PM’s Reply To No-Trust Motion Today Amid Fierce Manipur Debate
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.