അറിയുമോ നിങ്ങളീ നങ്ങേമക്കുട്ടിയെ
ഒളപ്പമണ്ണയുടെ വിരഹിയാം പഥികയെ
തേങ്ങുന്ന ഹൃദയവും നൊമ്പരവുംപേറി
പേറ്റുനോവുമായി വീഥിയിലലഞ്ഞു നടന്നവളെ
ഒരു പുതു നാമ്പിനെ വയറ്റിലേറ്റി ഭ്രഷ്ടയായ് വീഥിയില്‍ തപിച്ചുനടന്നവള്‍
ഉള്ളില്‍ തുടിപ്പുംനോവുമായെത്രയോ
നാടുകള്‍തെണ്ടി നിരാലംബമലഞ്ഞവള്‍
കൊട്ടിയടച്ചവളെ മാതാക്കള്‍ തങ്ങള്‍തന്‍ വീടും പരിസരവും
ദുരഭിമാനഭൃതത്താല്‍
എട്ടും പൊട്ടുമറിയാ പ്രായത്തില- ദ്ധ്യാപകനോടു തോന്നിയതാംകമ്പം
തള്ളുവാനും തഥാ കൊള്ളാനുമാകാഞ്ഞ്
ദണ്ണം പൂണ്ടു വലഞ്ഞതിന്‍ നാമ്പുമായ്
ജന്മം നല്കിയവള്‍ ഒരു ദിനം പൈതലേ
തന്‍ വീട്ടുപടിയിലുപേക്ഷിച്ചു മറഞ്ഞങ്ങകലെ
ഇടറുന്നനെഞ്ചുമായ് ജീവിച്ച മാതാക്കളോ- ശിഷ്ടകാലം പേറി അവള്‍തന്‍ വൃണിതമാം ഓര്‍മ്മകള്‍
മാതംഗിയല്ലവള്‍ സാവിത്രിയുമല്ല പുതു
നവോത്ഥാന പന്ഥാവ് വെട്ടിയ നങ്ങേമകുട്ടിയിവള്‍
ദുരഭിമാനക്കൊലകളേറുമീകാലത്തില്‍ മനസ്സിലോര്‍ത്തീടണം ഈ നങ്ങേമചരിതം
താത്രിക്കുട്ടിയല്ലെങ്കിലും തേതിയുമല്ലെങ്കിലും നീറുന്നൊരോര്‍മ്മയായ് നിറയുന്നു നങ്ങേമയും.….
( ഒളപ്പമണ്ണയുടെ ജന്മശതാബ്ധിയോടനുബന്ധിച്ച് എഴുതിയത്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.