22 December 2024, Sunday
KSFE Galaxy Chits Banner 2

കവിത (എഴുത്ത്) രാഷ്ട്രീയ പ്രവർത്തനമാകുന്നു

പ്രീത് ചന്ദനപ്പള്ളി
May 22, 2022 3:21 pm

കവിതയെഴുത്തും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. അടുക്കള ഒരു രാജ്യമാണ് എന്ന കവിതാ സമഹാരം ജയ അജിത്ത് എന്ന കവിയുടെ, അധ്യാപികയുടെ, വീട്ടമ്മയുടെ, സർവ്വോപരി ഒരു പെണ്ണിൻ്റെ രാഷ്ട്രീയ പ്രവർത്തനമാകുന്നു. നിയതമായ നിയമാവലികൾക്കുള്ളിൽ നിന്ന് കാവ്യ ലക്ഷണങ്ങൾ തീരുമാനിക്കുന്ന കാലം കഴിഞ്ഞു പോയിരിക്കുന്നു. മലയാള സാഹിത്യമണ്ഡലത്തിൽ എക്കാലത്തും ഉയർന്നു വന്ന ഒരു പ്രധാന വിഷയമാണ് എന്താണ് കവിത. എങ്ങനെയൊക്കെ കവിതയെ വിഭാവനം ചെയ്താലും അതിൻ്റെ മുഴുവൻ ആധികാരികതയോടെ നിർവ്വചിക്കുക എന്നത് സാധ്യമല്ല. ‘വാക്യം രസാത്മകം കാവ്യം’ എന്ന സാഹിത്യ ദർപ്പണത്തിലെ നിർവ്വചനം കടമെടുത്താൽ രസാത്മകമായ വാക്യമാണ് കാവ്യം അല്ലെങ്കിൽ കവിത. ‘വികാരങ്ങളുടെ നൈസർഗ്ഗീകമായ പ്രവാഹമാണ് ’ കവിതയെന്ന് വില്ല്യം വേർഡ്സ് വർത്ത് ഒരിക്കൽ അഭിപ്രായപ്പെടുകയുണ്ടായി.

ആംഗലേയ കവിയുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ വികാരമാണ് കവിതയുടെ ജീവൻ എന്ന് കൂട്ടി വായിക്കാം. ഏതൊരു കവിതയുടെ പുറകിലും രചയിതാവിൻ്റ മനസ്സിനെ ഉലച്ച അത്രയേറെ സ്വാധീനിച്ച ഒരു അനുഭവം ഉണ്ടായിരിക്കും. അങ്ങനെയൊരു സംഭവത്തോടുള്ള പ്രതികരണമാകാം, പ്രതിരോധമാകാം പരിഹാരാമാകാം കവിത. മലയാള കവിതയുടെ ചരിത്രം പരിശോധിച്ചാൽ ഇത്തരം വികാരങ്ങളും സങ്കടങ്ങളും പ്രതിരോധങ്ങളുമൊക്കെ പുരുഷ മേധാവിത്വ സമൂഹ കാഴ്ചയിലൂടെമാണ് കവിതയിൽ പ്രതിഫലിച്ചിട്ടുള്ളത്.

കുടുംബം എന്നത് ആണധികാരത്തിൻ്റ കൈകളിലായിരിക്കുന്നിടത്തോളം സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി മാത്രമേ കാണുകയുള്ളു. തൊഴിലിടങ്ങളിൽ ആണിനൊപ്പം തുല്യത സ്ത്രീകൾക്കുമുണ്ടായി വന്നിട്ടും അടുക്കള ഇപ്പോഴും സ്ത്രീകളുടെ മാത്രം രാജ്യമാണന്നുള്ള ഒരു പൊതുബോധം പിന്തുടരുന്ന കേരളീയ സമൂഹത്തോടുള്ള കലഹവും സമരവുമാണ് ജയ അജിത്തിൻ്റെ കവിതകൾ. സ്വാതന്ത്ര്യവും പ്രണയവും പ്രകൃതിയും കമ്മ്യൂണിസവും നിറഞ്ഞ ഒരു ബോധ മണ്ഡലത്തിൽ നിന്നാണ് ജയ അജിത്തിൻ്റെ കവിതകൾ വാർന്നു വീഴുന്നത്. പെണ്ണുങ്ങൾ എഴുത്തിടങ്ങളിൽ സജീവമാണിന്ന്. സ്ത്രീകൾ എഴുത്തിനെ പരിപോഷിക്കാൻ തുടങ്ങിയതോടെയാണ് കവിത ഒരു ചാലക ശക്തിയായി വളർന്നു വന്നത്.അങ്ങനെ പെൺ പ്രതിരോധങ്ങൾ ഉയർന്നു വരികയും ചെയ്തു. ആണധികാര കോയ്മയെ നിയന്ത്രിക്കുന്ന ഒരവസ്ഥ വർത്തമാന കാലത്ത് സംജാതമായി.\

പെൺ എഴുത്ത് എന്ന് പറയുന്ന ഒരു അക്കാദമിക് രൂപത്തോട് യോജിക്കാൻ സാധിക്കില്ലയെങ്കിലും ജീവിത യാഥാർത്ഥ്യങ്ങളെ തുറന്നു കാട്ടുവാനും പ്രതിരോധ മതിലുകൾ തീർക്കുവാനും കവിത വളരെ ശക്തമായ ഒരു മാധ്യമമായി മാറിയിട്ടുണ്ട്. സ്ത്രീകൾക്കും കവിതയ്ക്കും കിട്ടുന്ന സ്വാതന്ത്ര്യത്തെ അംഗീകരിക്കാൻ കേരളീയ പൊതുബോധം ഇപ്പോഴും മടിക്കുന്നു എന്ന് ഒരു സത്യം തന്നെയാണ്. അടുക്കളയെ ഒരു സ്ത്രീ എങ്ങനെയൊക്കെയാണ് നോക്കി കാണുന്നത്. ചിലപ്പോൾ അടുക്കള അവൾക്ക് ഒരു ആരാമമാണ്.… പൂക്കൾ കണ്ട് സുഗന്ധം മണത്ത് നിൽക്കുന്ന ഉന്മാദാവസ്ഥ കവി ഇങ്ങനെയാണ് വർണ്ണിക്കുന്നത്.

“വസന്തങ്ങളുടെ സുഗന്ധമേറ്റ്
വിശപ്പിന്റെ വരൾച്ചയിൽ നിന്ന്
ദാരിദ്ര്യത്തിന്റെ വിളർച്ചയിലേക്ക്‌
പെയ്യുന്ന മഴ കുലീനയായ പുലർമഴ.
ചാരം മൂടിയ അടുപ്പുകല്ലുകൾക്കിടയിലെ
അവസാന കനൽത്തരിയേയും
ചോർച്ചയിൽ പരക്കുന്ന തുള്ളിക്കുടങ്ങൾ
കെടുത്തുമ്പോഴും മഴക്കവിതകളാൽ
സമ്പന്നമായ ഹൃദയങ്ങളോട് അവരാണയിട്ടു പറയും
‘അടുക്കള ഒരു ആരാമമാണ് ’ എത്ര വിളമ്പിയാലും
തീ കെടാത്ത വിശപ്പിന്റെ
ഉൾവിളികൾ ഉറങ്ങിയുണരുന്നൊരുദ്യാനം..!

അവിടെ തീരുന്നില്ല. ആഭരണങ്ങളോട് ഒരു വല്ലാത്ത ഭ്രമമുണ്ട് സ്ത്രീകൾക്ക്. സ്ത്രീകളിൽ ജന്മസിദ്ധമായുള്ള സൗന്ദര്യ ബോധമാണതിന് കാരണം. അവൾ ചിന്തിക്കുന്നു.

“അടുക്കള ഒരു ആഭരണമാണ്..
തേൻ പുരട്ടിയ വാക്കുകൾ കോർത്തൊരുക്കുന്ന
മറവിയുടെ, മരണത്തിന്റെ, ഏകാന്തതയുടെ
കറുത്ത തൂവൽ തുന്നിയ അസ്തമന സൂര്യന്റെ
കനൽഞരമ്പുകളിലെ കാമനകൾ ചുവപ്പിക്കുന്ന
വിപ്ലവഹാസങ്ങളുടെ വജ്ര ചന്തമുള്ളൊരു മൂക്കുത്തി

തീരുന്നില്ല.

വിങ്ങി വീർത്തൊരജ്ഞാത
ശവത്തിന്റെ
പച്ചകുത്തിയ മാറിടത്തിൽ
പുഴുക്കളോടൊപ്പം അഴുകാതെ ശേഷിച്ച
സ്വർണ്ണപ്പതക്കത്തിന്റെ ആഢ്യത്വം.”

എന്നും നാം വായിക്കുമ്പോൾ പരിഹാസത്തിൻ്റെ കൂരമ്പുകൾ എവിടൊക്കെയോ തട്ടി രക്തം പൊടിക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും അടുക്കള അഭിമാനത്തിന്റെ അടയാളമാണ്.. എന്ന് കവി പറയുന്നു. ആ അഭിമാനമാണ് അടുക്കള ഒരു രാജ്യമാണ് എന്ന സങ്കല്പത്തിലേക്ക് കവിയെ നയിക്കുന്നത്. തുടർന്ന് ഇങ്ങനെ വായിക്കുന്നു.

“തിരിച്ചറിയൽ കാർഡുകളിലെ
വൈരൂപ്യം ദർശിച്ച്
ഭയചകിതനായ ഹൃദയത്തോട്
വിരൽപ്പാട് പകർത്താൻ കല്പിക്കുന്ന
രാജനീതി സ്വയമുടഞ്ഞു
ചിതറി ചിന്തയായ് പതറി
ചിതയിൽ ജ്വലിക്കുന്ന
കാലവേഗത്തിൽ കുതിക്കുന്ന
കോട്ടിനും സ്യൂട്ടിനുമുള്ളിൽ
ഉടൽ മറന്നു വെച്ചൊരു
ഉയിരിന്റെ പുസ്തകം
അതിന്റെ അവസാന പേജിൽ
ഞാനിങ്ങനെ ഇങ്ങനെ എഴുതി വയ്ക്കുന്നു
അടുക്കള ഒരു രാജ്യമാണ്
വിശപ്പിന്റെ നാവിലെ ഉമിനീർ കടലുകളിലെ
കപ്പലോട്ടക്കാർക്കറിയാം
വെന്തു പാകമാകും വരെയുള്ള വേലിയേറ്റത്തിൻ്റെ കഥകൾ…”

 

ജയ അജിത്തിന് മുൻപ് പലരും അടുക്കള രാജ്യത്തെക്കുറിച്ച് പരാമർശിച്ചു പോയിട്ടുണ്ട്. അവരിൽ ശ്രദ്ധേയ ആണ് സാവിത്രി രാജീവൻ’ അടുക്കളയിൽ തേഞ്ഞു തീരുന്ന വീട്ടുപകരണം മാത്രമാണ് സ്ത്രീ എന്ന് സാവിത്രി രാജീവൻ ‘പ്രതിഷ്ഠ’ എന്ന കവിതയിലൂടെ നമ്മോടു ’ പറയുന്നു. ശ്വസിക്കുന്നതു കൊണ്ട് നടക്കുകയും നടക്കുന്നത് കൊണ്ട് കിടക്കുകയും പാചകത്തോടൊപ്പം വാചകം വിളമ്പുന്ന വീട്ടുപകരണമാണ് ഞാൻ എന്ന് സാവിത്രി രാജീവൻ അടുക്കളയിലെ അമ്മമാരെ കുറിച്ച് പറയുന്നു. നിശബ്ദമാക്കപ്പെട്ട നാവിൽ ഉറഞ്ഞു പോയ വാക്കുകൾ അക്ഷരപ്പുറ്റു പൊട്ടിച്ച് പുറത്തേക്ക് ഇറങ്ങുകയാണ് ജയ അജിത്തിൻ്റെ ഓരോ കവിതകളും. എഴുത്തിലായാലും ജീവിതത്തിലായാലും സ്ത്രീകൾ സ്വയം പര്യാപ്തരായിരിക്കണം. അവളുടെ അനുഭവങ്ങളാണ് ഓരോ സ്ത്രീക്കും കരുത്ത് നൽകുന്നതെന്ന് കവയത്രി അവകാശപ്പെടുന്നു. തലക്കെട്ട് കവിത ഉൾപ്പെടെ 30 കവിതകളാണ് അടുക്കള ഒരു രാജ്യമാണ് എന്ന കവിതാ സമാഹാരത്തിൽ.

കുരീപ്പുഴ ശ്രീകുമാറിൻറെ അവതാരികയും ഡോ. നിബുലാൽ വെട്ടൂരിൻ്റെ പഠനവും പുസ്തകത്തെ പ്രൗഢോജ്ജ്വലമാക്കുന്നു സ്നേഹ ഭാഷ്യത്തെ ഉടലിൻ്റെ പേരിൽ ഭ്രഷ്ട് കല്പിച്ചവളുടെ ഇരുൾ പൂത്ത ശൂന്യസ്വപ്നങ്ങളിൽ വീണ് പിടഞ്ഞുമരിച്ച കവിതയ്ക്കും ഭ്രാന്തായിരുന്നു എന്ന് പറയുന്നു ഭ്രാന്ത് എന്ന കവിതയിൽ ഗഹനമായ ചിന്തകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കവിതയാണ് ചക്രവാതങ്ങൾ.
“ഈ ഭൂമി ഇങ്ങനെയാണ്
മരണം വരെ ഒരേ വിധത്തിൽ മാത്രം
ചുറ്റുന്ന സദാചാര വിഡ്ഢികളുടെ പറുദീസ ” എന്നുപറഞ്ഞ് സങ്കടപ്പെടുന്ന ഭൂകമ്പം വഴിമാറ്റി ഒഴുകിയ പുഴ ആവർത്തിച്ച് വായിക്കേണ്ട കവിതയാണ്. പ്രണയ കവിതകളിൽ പോലും നിറയെ പ്രകൃതിയാണ്.. മതങ്ങൾ സൃഷ്ടിക്കുന്ന നരകങ്ങളെ നോക്കിയാണ് ”ഏത് ഇടവഴിയിൽ വെച്ചാണ് ദൈവമേ നീ എന്നെയും ഞാൻ നിന്നെയും സൃഷ്ടിച്ചത് ” എന്ന് കവി ഇടവഴികൾ എന്ന കവിതയിൽ സങ്കടപ്പെടുന്നത്. നിശബ്ദ ഗർജ്ജനങ്ങൾ എന്ന കവിത തുടങ്ങുന്നത് ഇങ്ങനെയാണ് . നിഗൂഢതയെ ഞാൻ നിൻ്റെ പേരിട്ടു വിളിക്കുന്നു എന്തുകൊണ്ടെന്നാൽ കനപ്പെട്ട ഒരു മൗനത്തിൻ്റെ ചിറകിൽ നിന്ന് ആത്മദാഹങ്ങളുടെ പാപനാശിനിയിലേക്ക് ഹൃദയപൂർവ്വമെന്നെ നീ വലിച്ചെറിയാറുണ്ട്. ഈ ഹൃദയപൂർവ്വമുള്ള തിരസ്കാരങ്ങളുടെ സങ്കടപ്പെടലുകളാണ് ഈ കവിതാ പുസ്തകത്തിലെ ചില കവിതകളിൾ നാം കണ്ടെത്തുന്നത്. ഇതിലെ കഴ്ചകൾ പെൺ കാഴ്ചകളാണ്. പ്രണയവും, പ്രകൃതിയും, രാഷ്ട്രീയവും, അടുക്കളയും എല്ലാം ഒരു സ്ത്രീയുടെ കാഴ്ചകളിലൂടെയും ഭാഷയിലൂടെയും ആണ് അവതരിപ്പിക്കുന്നത്. മലയാണ്മ പബ്ളിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് വില 110.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.