23 January 2026, Friday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026

ധ്രുവീകരണ രാഷ്ട്രീയത്തെ ചെറുത്ത് തോല്പിക്കണം: സിപിഐ

Janayugom Webdesk
പിണറായി
January 11, 2026 10:53 pm

ധ്രുവീകരണ രാഷ്ട്രീയം ശക്തിപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കൃത്യമായ രാഷ്ട്രീയം പറഞ്ഞ് അതിനെ ഒറ്റക്കെട്ടായി ചെറുത്ത് തോല്പിക്കണമെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പി സന്തോഷ് കുമാർ എം പി. സിപിഐ നൂറാം വാർഷികാഘോഷത്തിന്റെ ജില്ലാതല സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത വെല്ലുവിളിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ഓരോ ജാതിയെയും ഉപജാതിയെയും പ്രീണിപ്പിക്കുന്നതിന് ബിജെപിയും പലയിടത്തും കോൺഗ്രസും പരിശ്രമിക്കുന്നു. വലതുപക്ഷ ആക്രമണം ലോകത്താകെ നടന്നു കൊണ്ടിരിക്കുന്നു. ഒരു രാജ്യത്തെ പ്രസിഡന്റിനെ പാതിരാത്രിയിൽ പിടി കൂടി ലോകത്തുതന്നെ ക്രൂരതയ്ക്ക് പേരുകേട്ട തടവറയിലെത്തിച്ച് പീഡിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇതിനെതിരെ പ്രതിഷേധം നടന്നു. പക്ഷെ ഒരക്ഷരം നമ്മുടെ പ്രധാനമന്ത്രി ശബ്ദിച്ചില്ല. 

ശബരിമല സ്വർണക്കൊള്ളയില്‍ എസ്ഐടി കൃത്യമായ അന്വേഷണം നടത്തി. ഏറ്റവും ഒടുവിൽ തന്ത്രിയെ പിടികൂടിയപ്പോൾ വീട്ടിൽ പോയി ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള തൊലിക്കട്ടി ബിജെപിക്ക് മാത്രമെ കാണൂ. തന്ത്രിക്ക് തെറ്റ് പറ്റില്ലെന്നാണ് അവരുടെ വിചിത്രമായ വാദം. ആധുനിക ഇന്ത്യക്ക് പറ്റുന്ന രാഷ്ട്രീയ പാർട്ടിയല്ല ബിജെപി. രണ്ട് ആളുകൾ മാത്രം നിയന്ത്രിക്കുന്ന ആർക്കും കയറി പറ്റാൻ കഴിയുന്ന അഴുക്കുചാലാണത്. ഇതിനെ പരാജയപ്പെടുത്താൻ ഇന്ത്യയിലെ ലക്ഷക്കണക്കിനാളുകൾ ഒന്നിച്ചാൽ സാധ്യമാകും. പക്ഷെ കോൺഗ്രസ് സ്വപ്ന രാജ്യത്താണ്. അവരിൽ പലരുടേതും ബിജെപി അനുകൂല മനസാണ്.
സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവർ പോയി കണ്ട് ചരട് കെട്ടിയ പോറ്റിയെ ഇടതുപക്ഷവുമായി ചേർത്ത് കോൺഗ്രസ് പരിഹസിക്കുന്നു. വിശ്വാസികളോടും വിശ്വാസത്തോടും നല്ല സമീപനമാണ് കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനുള്ളത്. എന്നാൽ നേരെ വിപരീത പ്രചാരണമാണ് നമുക്കെതിരെ പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

തെറ്റുകളും പോരായ്മകളും തിരുത്തി എൽഡിഎഫ് മുന്നോട്ടു പോകും. കേരളത്തിൽ സമാനതകളില്ലാത്ത നേട്ടങ്ങൾ ഉണ്ടാക്കിയ സർക്കാരാണ് എൽഡിഎഫ് സർക്കാർ അതുകൊണ്ട് വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നാം ഊഴം നേടിയെടുക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും പി സന്തോഷ് കുമാർ എംപി പറഞ്ഞു. ജില്ലാ സെക്രട്ടറി സി പി സന്തോഷ്‍കുമാർ അധ്യക്ഷനായി. മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവംഗം സി എൻ ചന്ദ്രൻ, സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ സി പി മുരളി, സംസ്ഥാന കൗൺസിലംഗം സി പി ഷൈജൻ, എ പ്രദീപൻ, സി രവീന്ദ്രൻ, ഒ കെ ജയകൃഷ്ണൻ, കെ എം സപ്ന എന്നിവർ സംസാരിച്ചു. അഡ്വ. എം. എസ് നിഷാദ് സ്വാഗതവും മഹേഷ് കുമാർ മഠത്തിൽ നന്ദിയും പറ‍‍ഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി നാടൻപാട്ടുകളും അവതരിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.