
പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസിലെ മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്സാല്‍മേര്‍ ചന്ദന്‍ ഫീല്‍ഡ് ഫയറിംങ് റേഞ്ചിലെ ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസില്‍ ജോലി ചെയ്യുന്ന ഉത്തരാഖണ്ഡ് സ്വദേശി മഹേന്ദ്ര പ്രസാദ് (32) ആണ് അറസ്റ്റിലായത്.രാജസ്ഥാന്‍ പൊലീസിന്റെ ഡിഐഡി ഇന്റലിജന്‍സ് വിഭാഗമാണ് ഇയാളെ പിടികൂടിയത്.
വിവിധ മിസൈലുകള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ തന്ത്രപ്രധാനമായ ആയുധങ്ങളുടെ പരീക്ഷണം നടക്കുന്നയിടമാണ് ജയ്‌സാല്‍മേറിലെ ചന്ദന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ച്. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജസ്ഥാന്‍ പൊലീസിന്റെ സിഐഡി വിഭാഗം സംസ്ഥാനത്ത് ശക്തമായ നിരീക്ഷണം നടത്തിവരികയാണ്. ഇതിനിടെയാണ് മഹേന്ദ്രപ്രസാദും നിരീക്ഷണവലയത്തിലായത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുകയും ഡിആര്‍ഡിഒ ഗസ്റ്റ്ഹൗസിലെ കരാര്‍ ജീവനക്കാരനായ ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയിലെ ഉദ്യോഗസ്ഥനുമായി മഹേന്ദ്ര പ്രസാദിന് ബന്ധമുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്.
ഇന്ത്യയുടെ പ്രതിരോധപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള പലവിവരങ്ങളും ഇയാള്‍ പാകിസ്താന് ചോര്‍ത്തിനല്‍കിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് മഹേന്ദ്ര പ്രസാദ് പാകിസ്ഥാന്‍ ചാരസംഘടനയുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിവരങ്ങളും ഇവരുടെ യാത്രയുടെ വിശദാംശങ്ങളും ഉള്‍പ്പെടെ ഇയാള്‍ പാക് ചാരസംഘടനയ്ക്ക് കൈമാറിയിരുന്നു. ഇതിനുപുറമേ ചന്ദന്‍ ഫയറിങ് റേഞ്ചില്‍ മിസൈല്‍ പരീക്ഷണത്തിന് ഉള്‍പ്പെടെ എത്തിച്ചേരുന്ന സൈനികഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളും പ്രതി കൈമാറിയിരുന്നു. മഹേന്ദ്ര പ്രസാദിന്റെ മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ളവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍പേര്‍ക്ക് ചാരവൃത്തിയില്‍ പങ്കുണ്ടോ എന്നതും സിഐഡി വിഭാഗം അന്വേഷിച്ചുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.