മുനമ്പത്തെ അറുനൂറിൽപരം കുടുംബങ്ങളും വഖഫ് സംരക്ഷണ സമിതിയും തമ്മിലുള്ള ഭൂമിതർക്കത്തെ രണ്ട് മതസമൂഹങ്ങളെ ഭിന്നിപ്പിച്ച്, കേരളത്തിൽ നടക്കുന്ന ലോക്‌സഭ‑നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ, രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റാനുള്ള ബിജെപിയുടെയും സംഘ്പരിവാർ ശക്തികളുടെയും കുത്സിത നീക്കം അങ്ങേയറ്റം അപലപനീയമാണ്. മതമൈത്രിക്ക് പേരുകേട്ട കേരളത്തിലെ രണ്ട് പ്രമുഖ ന്യൂനപക്ഷ സമുദായങ്ങളെ ഭിന്നിപ്പിച്ച് പരസ്പരം പോരടിക്കുന്ന ശത്രുപാളയങ്ങളിലാക്കി തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കുകയെന്നത് ബിജെപിയുടെയും സംഘ്പരിവാറിന്റെയും പ്രഖ്യാപിത ലക്ഷ്യവും ഹീനരാഷ്ട്രീയ തന്ത്രവുമാണ്. മൂന്നാം നരേന്ദ്ര മോഡി സർക്കാരിന്റെ നിർദിഷ്ട വഖഫ് ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ മുനമ്പത്തെ ഭൂമിത്തർക്കം ബിജെപിയുടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിന് അനുകൂലമായി പ്രയോജനപ്പെടുത്താമെന്ന് അവരുടെ സംസ്ഥാന — ദേശീയ നേതൃത്വങ്ങൾ കണക്കുകൂട്ടുന്നു. കേരളത്തിലെ ബിജെപി ഇതര രാഷ്ട്രീയശക്തികൾ ഭരണ‑പ്രതിപക്ഷ ഭേദമന്യേ മോഡിസർക്കാരിന്റെ വഖഫ് ഭേദഗതി നിയമ നിർമ്മാണനീക്കത്തിനെതിരെ യോജിച്ച നിലപാട് സ്വീകരിക്കുകയും സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ദേശീയതലത്തിൽ പാർലമെന്റിലെ പ്രതിപക്ഷം മാത്രമല്ല എൻഡിഎ സഖ്യകക്ഷികൾ തന്നെയും നിർദിഷ്ട നിയമത്തിനെതിരെ രംഗത്തുവന്നതിനെത്തുടർന്നാണ് പ്രസ്തുത ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടാൻ മോഡി ഭരണകൂടം നിർബന്ധിതമായത്. മുനമ്പത്തെ ഭൂമിതർക്കം അടിസ്ഥാനപരമായി രണ്ട് ന്യൂനപക്ഷ മത സമുദായങ്ങൾ തമ്മിലുള്ള തർക്കമാണെന്ന് ചിത്രീകരിക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാൽ തർക്കഭൂമിയിൽ കാലങ്ങളായി താമസിച്ചുവരുന്ന, മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളിലും ഏർപ്പെട്ടിരിക്കുന്ന അറുനൂറിൽപരം കുടുംബങ്ങളിൽ ഇരുനൂറോളവും ഭൂരിപക്ഷ മതസമുദായങ്ങളിൽ പെട്ടവരാണെന്ന വസ്തുത ബിജെപിയുടെ ഭിന്നിപ്പിക്കൽ തന്ത്രത്തെയാണ് തുറന്നുകാട്ടുന്നത്.
മുനമ്പത്തെ ഭൂമിതർക്കത്തിൽ കേരളത്തിലെ എൽഡിഎഫ് സർക്കാർ ആർക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. എൽഡിഎഫ് മന്ത്രിസഭയിലെ ന്യൂനപക്ഷ ക്ഷേമ, വഖഫ് മന്ത്രി വി അബ്ദുറഹ്മാനും വൈപ്പിനിലെയും മുനമ്പത്തെയും ജനങ്ങളുടെ വീടുകളും സ്വത്തുക്കളും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എൽഡിഎഫ് ഘടകകക്ഷികളെല്ലാം പ്രസ്തുത നിലപാടിനൊപ്പമാണ് നിലകൊള്ളുന്നത്. എന്നാൽ കേരളാ ഹൈക്കോടതിയുടെ പരിഗണനയിലുള്ള സങ്കീർണമായ തർക്കവിഷയം സമാധാനപൂർണമായ ചർച്ചകളിലൂടെയേ പരിഹരിക്കാനാവൂ. അത്തരം ചർച്ചകൾക്കും, ആവശ്യമെങ്കിൽ സർവകക്ഷി യോഗം വിളിച്ചുചേർത്തുള്ള സമവായ ശ്രമങ്ങൾക്കുമുള്ള സന്നദ്ധതയും സംസ്ഥാന സർക്കാർ വൃത്തങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. പ്രശ്നം ചർച്ചകളിലൂടെ സൗഹാർദാന്തരീക്ഷത്തിൽ പരിഹരിക്കാനുള്ള സന്നദ്ധത മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. പ്രതിപക്ഷത്തെ യുഡിഎഫിനൊ അതിന് നേതൃത്വം നൽകുന്ന കോൺഗ്രസിനൊ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ലെന്നുവേണം കരുതാൻ. രാഷ്ട്രീയ കേരളം സമാധാനപരമായ ചർച്ചകളിലൂടെ, സൗഹൃദാന്തരീക്ഷത്തിൽ പരിഹരിക്കാൻ ശ്രമിക്കുന്ന വിഷയം ‘വെടക്കാക്കി തനിക്കാക്കാനാ‘ണ് ജനങ്ങളെ ഭിന്നിപ്പിച്ചുമാത്രം ശീലമുള്ള, ആ മാർഗത്തിലൂടെ അധികാരം നിലനിർത്താൻ വിഷലിപ്ത വർഗീയത വമിപ്പിക്കുന്ന ബിജെപിയുടെയും സംഘ്പരിവാറിന്റെയും കുത്സിത തന്ത്രം. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച സങ്കീർണമായ ഒരു നിയമ പോരാട്ടത്തെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും അന്തരീക്ഷത്തിൽ, രാഷ്ട്രീയ സമവായത്തിന്റെ മാർഗത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങളെ അട്ടിമറിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് ബിജെപിയും സംഘ്പരിവാറും നടത്തുന്നത്. അത് തിരിച്ചറിയാനുള്ള രാഷ്ട്രീയബോധവും വിവേകവും കേരളസമൂഹത്തിന് ഉണ്ടെന്നാണ് നാളിതുവരെയുള്ള സംസ്ഥാനത്തിന്റെ നവോത്ഥാന പാരമ്പര്യവും ചരിത്രവും നമ്മെ ബോധ്യപ്പെടുത്തുന്നത്.
രാജ്യത്ത് മറ്റൊരിടത്തും പ്രകടമല്ലാത്ത സവിശേഷ പ്രതിപത്തിയാണ് ബിജെപി കേരളത്തിലെ ഒരു പ്രത്യേക മത ന്യൂനപക്ഷത്തിന്റെ പേരിൽ പ്രകടിപ്പിക്കുന്നത്. അവരുടെ ലക്ഷ്യം വ്യക്തമാണ്. രാജ്യത്തെ ഏറ്റവും വലിയ മത ന്യൂനപക്ഷത്തെ ശത്രുസ്ഥാനത്ത് നിർത്തിക്കൊണ്ടുമാത്രമേ അവരുടെ വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും രാഷ്ട്രീയത്തിന് നിലനിൽപ്പുള്ളൂ. മത ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാതെ കേരളത്തിന്റെ രാഷ്ട്രീയഭൂപടത്തിൽ ഇടംപിടിക്കാൻ കഴിയില്ലെന്നും അവർക്കറിയാം. മണിപ്പൂരിൽ അറുന്നൂറിൽപരം ന്യൂനപക്ഷ ദേവാലയങ്ങൾ തീവച്ചും തല്ലിത്തകർത്തും നശിപ്പിച്ച, മതത്തിന്റെപേരിൽ പുരോഹിതന്മാരും സന്യാസിനികളുമടക്കം നൂറുകണക്കിന് പേരെ അരുംകൊലചെയ്ത, സന്യസ്ഥരെ കൂട്ടബലാത്സംഗത്തിനും ചിത്രവധത്തിനും വിധേയരാക്കിയ അതേ ശക്തികളാണ് ഇവിടെ അതേ ന്യൂനപക്ഷത്തിന്റെ രക്ഷകരുടെ കപടവേഷം ധരിച്ചെത്തിയിരിക്കുന്നത്. ജർമ്മൻ ദൈവശാസ്ത്ര പണ്ഡിതനും ലൂഥറൻ സഭാ പുരോഹിതനും ജൂതവിരോധിയും ഹിറ്റ്ലറുടെ ആരാധകനുമായിരുന്ന പാസ്റ്റർ മാർട്ടിൻ ന്യുമോളറുടെ ജീവിത, വിശ്വാസ പരിണാമങ്ങളും ഫാസിസത്തിന്റെ ഭീകരതയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പ്രശസ്ത കവിതയും മതനിരപേക്ഷ കേരളത്തിലെ വിശ്വാസികൾക്കും യുക്തിചിന്തകർക്കും ഒരുപോലെ സുപരിചിതമാണ്. ഇന്ന് സൗഹൃദത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഹസ്തങ്ങളുമായി വരുന്നവരുടെ പുഞ്ചിരിക്കുന്ന മുഖംമൂടികൾക്കുപിന്നിലുള്ള ഫാസിസ്റ്റ് ഭീകരത തിരിച്ചറിയാനുള്ള വിവേകം മതനിരപേക്ഷ കേരളം കൈവിട്ടുകൂടാ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.