5 January 2026, Monday

Related news

January 4, 2026
January 4, 2026
January 4, 2026
January 3, 2026
January 3, 2026
January 2, 2026
December 31, 2025
December 30, 2025
December 29, 2025
December 28, 2025

എസ്ഐആര്‍ നീട്ടിവയ്ക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍; ഉരുണ്ടുകളിച്ച് ബിജെപി

Janayugom Webdesk
തിരുവനന്തപുരം
November 22, 2025 9:48 pm

സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വീണ്ടും ആവശ്യപ്പെട്ടു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ബിജെപി ഒഴികെ പാര്‍ട്ടികള്‍ ആവശ്യമുയര്‍ത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യവും ബിഎല്‍ഒമാരുടെ സമ്മര്‍ദവും പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഫോം വിതരണത്തിലുള്‍പ്പെടെ അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ യോഗത്തില്‍ പറഞ്ഞു.
അതേസമയം, ബിജെപിക്കുവേണ്ടി പങ്കെടുത്ത രണ്ടുപേരും രണ്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതും ശ്രദ്ധേയമായി. എൻ രാജൻ (സിപിഐ), എം വിജയകുമാർ (സിപിഐ(എം), എം കെ റഹ്‌മാൻ (കോൺഗ്രസ്), ആനന്ദകുമാർ (കേരള കോൺഗ്രസ്(എം), മാത്യു ജോർജ് (കേരള കോൺഗ്രസ്), മുഹമ്മദ് ഷാ (മുസ്ലിം ലീഗ്), കെ ജയകുമാർ (ആർഎസ്‌പി), ജെ ആർ പത്മകുമാർ, ബി ഗോപാലകൃഷ്ണൻ (ബിജെപി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കേരളത്തില്‍ മാത്രമല്ല, ഗുജറാത്ത് ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ എസ്ഐആര്‍ നടപടികളുടെ സമ്മര്‍ദം കാരണം ബിഎല്‍ഒമാര്‍ മരിച്ച സംഭവങ്ങള്‍ എന്‍ രാജന്‍ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങള്‍ വ്യാപകമായി ഉയരാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാനത്ത് എസ്ഐആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം വിജയകുമാര്‍ ഉള്‍പ്പെടെ നേതാക്കളും സമാനവിഷയങ്ങള്‍ ചൂണ്ടിക്കാട്ടി.
ബിഎൽഒമാർക്ക് പരിശീലനം ലഭിച്ചിട്ടില്ലെന്നും ഫോം പൂരിപ്പിക്കുന്നതിൽ ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടെന്നും ബിജെപി നേതാക്കള്‍ യോഗത്തില്‍ സമ്മതിച്ചു. എന്നാല്‍ എസ്ഐആര്‍ സമയം നീട്ടിയാലും കുഴപ്പമില്ലെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞപ്പോള്‍, ജെ ആര്‍ പത്മകുമാര്‍ ഇടപെട്ട് തിരുത്തുകയായിരുന്നു. ഇതേ പത്മകുമാര്‍ കഴിഞ്ഞ യോഗത്തിൽ സമയം നീട്ടിയാലും കുഴപ്പമില്ലെന്ന് പറഞ്ഞിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് ആരെങ്കിലും പുറത്തുപോകുന്നുണ്ടെങ്കിൽ അവർ അർഹതയില്ലാത്തവരാണെന്നും പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഫോമുകള്‍ മലയാളത്തിലായതില്‍ ഭാഷാന്യൂനപക്ഷങ്ങൾക്ക് ആശങ്കയേറുകയാണ്. തമിഴ്, കന്നട ഭാഷ സംസാരിക്കുകയും എഴുതുകയും മലയാളം അറിയാത്തതുമായ പതിനായിരക്കണക്കിനുപേർ കേരളത്തിലുണ്ട്. മലയാളത്തിൽ എന്യൂമറേഷൻ ഫോം ലഭിച്ചാൽ എങ്ങനെ പൂരിപ്പിക്കുമെന്നാണ് അവർ ചോദിക്കുന്നത്. അനുയോജ്യ ഭാഷയിൽ ഫോം വിതരണംചെയ്യണമെന്ന് എസ്ഐആറിന് മുമ്പുതന്നെ ആവശ്യമുന്നയിച്ചെങ്കിലും നടപടിയുമുണ്ടായില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പട്ടികയുൾപ്പെടെ ഇ‍ൗ രീതിയിൽ നൽകുന്ന സംസ്ഥാനമാണ് കേരളം. കാസർകോട്, ഇടുക്കി, പാലക്കാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലാണ് ആശങ്ക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.