26 December 2024, Thursday
KSFE Galaxy Chits Banner 2

എഫ്‌സിആര്‍എ നിഷേധത്തിന്റെ പിന്നിലെ ഭരണകൂട രാഷ്ട്രീയം

Janayugom Webdesk
December 31, 2021 5:00 am

മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി‌ക്ക് വിദേശത്തുനിന്ന് സഹായം സ്വീകരിക്കുന്നതിനുള്ള അനുമതി തടഞ്ഞുകൊണ്ടുള്ള ആഭ്യന്തര മന്ത്രാലയ തീരുമാനം രാജ്യത്തെ രാഷ്ട്രീയ സംഭവഗതികള്‍ സ്വതന്ത്രമായി നിരീക്ഷിക്കുന്ന ആരെയും അത്ഭുതപ്പെടുത്തില്ല. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ക്രിസ്ത്യാനികളടക്കം മതന്യൂനപക്ഷങ്ങള്‍ക്കെതിരെ തീവ്രഹിന്ദുത്വ വൃത്തങ്ങളില്‍ നിന്നും ഉയരുന്ന ഉന്മൂലന ഭീഷണിയടക്കമുള്ള സ്തോഭജനകമായ അന്തരീക്ഷത്തില്‍ ആഭ്യന്തര മന്ത്രാലയ നടപടി കേവലം പതിവ് ഭരണനടപടിയായോ ഒറ്റപ്പെട്ട ഒന്നോ ആയി കണക്കാക്കാന്‍ ആവില്ല. ഭേദഗതി ചെയ്ത വിദേശ സംഭാവന നിയന്ത്രണനിയമം (എഫ്‌സിആര്‍എ) അനുസരിച്ച് മിഷനറീസ് ഓഫ് ചാരിറ്റി നല്കേണ്ട ചില വിവരങ്ങളുടെ അപര്യാപ്തതയാണ് അനുമതി നിഷേധിക്കുന്നതിനു കാരണമായി ആദ്യം ചൂണ്ടിക്കാട്ടിയത്. അത് സംബന്ധിച്ച വിവാദം ആഗോളതലത്തില്‍ത്തന്നെ ശക്തിയാര്‍ജിച്ചതോടെ കണക്കുകള്‍ ഓഡിറ്റ് ചെയ്തു സമര്‍പ്പിച്ചതിലെ വീഴ്ചയാണ് നടപടിക്കു കാരണമായി ഇപ്പോള്‍ പറയുന്നത്. ആഗോളതലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതും ഇന്ത്യയില്‍ മാത്രം 22,000ത്തില്‍പരം പേര്‍ തങ്ങളുടെ ജീവന്റെ നിലനില്പിനായി ആശ്രയിച്ചുവരുന്നതുമായ സംഘടന പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. പല ഗവണ്മെന്റേതര സംഘടനകളുടെയും പ്രവര്‍ത്തനത്തില്‍ എന്നതുപോലെ ഈ സംഘടനയുടെയും പ്രവര്‍ത്തനത്തെപ്പറ്റി ഗവണ്മെന്റിനും പൊതുസമൂഹത്തിനും വിമര്‍ശനങ്ങളും അഭിപ്രായഭിന്നതയും സ്വാഭാവികമാണ്. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നടപടി അത്തരത്തിലുള്ള ഒന്നാണെന്ന് കരുതുക വയ്യ. ‘നിര്‍ബന്ധിത മതപരിവര്‍ത്തനം’ ബിജെപി-സംഘപരിവാര്‍-തീവ്ര ഹിന്ദുത്വ വൃത്തങ്ങളെ സംബന്ധിച്ചിടത്തോളം അടുത്ത വ­ര്‍ഷം ആരംഭത്തില്‍ നടക്കാന്‍ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിലും 2024ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലും നിര്‍ണായകമാണ്. ഇന്ത്യന്‍ സമൂഹത്തെ തീവ്ര വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ചു മാത്രമെ തങ്ങ­ള്‍­ക്ക് അധികാരം നിലനിര്‍ത്താനാവു എന്ന തിരിച്ചറിവാണ് ആ തന്ത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഈ പ­ശ്ചാത്തലത്തില്‍ വേ­ണം ഇപ്പോഴത്തെ സംഭവവികാസത്തെ വിലയിരുത്താന്‍.


ഇതുകൂടി വായിക്കാം; രാഷ്ട്രനിലനില്പിനെ വെല്ലുവിളിക്കുന്ന വര്‍ഗീയ രാഷ്ട്രീയം


22,000ത്തില്‍പരം സര്‍ക്കാരിതര സംഘടന(എന്‍ജിഒ)കളാണ് രാജ്യത്ത് എഫ്‌സിആര്‍എ അനുസരിച്ച് വിദേശത്തുനിന്നും സംഭാവനകള്‍ സ്വീകരിച്ചുവരുന്നത്. രാഷ്ട്രസുരക്ഷയ്ക്കോ ഭരണഘടനയ്ക്കോ നിയമവാഴ്ചക്കോ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനകള്‍ അവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവയെ നിലയ്ക്കു നിര്‍ത്താനും നിരോധിക്കാന്‍പോലും ഭരണകൂടത്തിന് കഴിയും, കഴിയണം. അതിനെ രാജ്യസ്നേഹികള്‍ ആരെങ്കിലും എതിര്‍ക്കുമെന്ന് കരുതേണ്ടതില്ല. എന്നാല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളില്‍ ഏറെയും നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഭരണകൂട പരാജയത്തിന്റെ പശ്ചാത്തലത്തിലാണ്. അഗതികളെയും രോഗികളെയുമടക്കം ലക്ഷക്കണക്കിന് മനുഷ്യരെ അത്തരം എന്‍ജിഒകളുടെ കാരുണ്യത്തിന് എറിഞ്ഞുകൊടുക്കുന്ന ഭരണകൂട പരാജയം ആര്‍ക്കാണ് മറച്ചുപിടിക്കാനാവുക? കോര്‍പറേറ്റ് കൊള്ളക്ക് പ്രകൃതിയെയും മനുഷ്യരെയും ബലിനല്കുന്ന ഭരണകൂടത്തിന് കാലാവസ്ഥാവ്യതിയാനത്തെയും പാരിസ്ഥിതിക തകര്‍ച്ചയെയും അവ സൃഷ്ടിക്കുന്ന മനുഷ്യ ദുരന്തങ്ങളെയും പറ്റി സംസാരിക്കുന്ന സംഘടനകള്‍ ശത്രുക്കളാവുക സ്വാഭാവികമാണ്. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള വെല്ലുവിളികളെ ധീരമായി ചെറുത്തും അതിജീവിച്ചുമാണ് സ്വതന്ത്ര ഇന്ത്യ 75 വര്‍ഷം പിന്നിടുന്നത്. ആ യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ വേണം എന്‍ജിഒകള്‍ക്കും വിദേശ സഹായങ്ങള്‍‌ക്കും എതിരായ ബിജെപി സംഘപരിവാര്‍ വിമര്‍ശനങ്ങളും നടപടികളും വിലയിരുത്തപ്പെടാന്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം, രാഷ്ട്രദ്രോഹപരമായ അട്ടിമറി പ്രവര്‍ത്തനം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ വിദേശ രാഷ്ട്രീയ സംഭാവനകള്‍ക്ക് നിയമസാധുത ഉറപ്പുവരുത്തുന്ന വിരോധാഭാസത്തിന് രാജ്യം സാക്ഷിയാണ്. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍, പിഎം കെയേഴ്സ് തുടങ്ങിയവയില്‍ വിദേശ സംഭാവനകള്‍ ഉറപ്പുവരുത്തുക മാത്രമല്ല അവ നിഗൂഢമായി നിലനിര്‍ത്താനും മോഡി സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുകയുണ്ടായി. സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് കമ്മിഷനും രൂക്ഷവിമര്‍ശനത്തിനു വിധേയമാക്കിയ പ്രസ്തുത നിയമം നിലനില്‍ക്കെയാണ് ‘അന്യന്റെ കണ്ണിലെ കരടെടുക്കാനുള്ള’ ഭരണകൂട യത്നം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.