
ജനങ്ങളാണ് രാജാക്കന്മാരെന്ന് ബോധ്യമുള്ള ഭരണാധികാരികൾ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ക്ഷേമത്തിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നവരായിരിക്കും. എതുവിധത്തിലുമുണ്ടാകുന്ന കടമ്പകൾ തരണം ചെയ്യുന്നതിനും പുതിയ കാലത്തുയർന്നുവരുന്ന വെല്ലുവിളികൾ നേരിടുന്നതിനുമുള്ള നടപടികളും അവരിൽ നിന്നുണ്ടാകും. അത് മുൻകാല നിയമങ്ങളിൽ ഭേദഗതി വരുത്തിയോ പുതിയ നിയമനിർമ്മാണങ്ങളിലൂടെയോ നടത്തുന്നതിനുള്ള ഇച്ഛാശക്തി കാട്ടുകയും ചെയ്യും. ജനപക്ഷ കാഴ്ചപ്പാടും വിവിധ ജനവിഭാഗങ്ങളുടെ താല്പര്യങ്ങളും അവർ നേരിടുന്ന പ്രശ്നങ്ങളും പരിഗണിച്ചുള്ള അത്തരം നിരവധി നിയമനിർമ്മാണങ്ങളും ഭേദഗതികളും ഇതിനകം തന്നെ സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിൽ നിന്നുണ്ടായി. അതിൽ കൂടുതൽ പ്രാധാന്യമുള്ള ഒരു കൂട്ടം ബില്ലുകൾക്കും നിയമ ഭേദഗതികൾക്കുമാണ് കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരിക്കുന്നത്. അവ നടപ്പു നിയമസഭാ സമ്മേളനത്തിൽ പാസാക്കുമെന്ന് ബന്ധപ്പെട്ട മന്ത്രിമാർ അറിയിച്ചിരിക്കുകയാണ്. പുതിയ ബില്ലുകളുടെയും ഭേദഗതികളുടെയും പ്രത്യേകത അവയെല്ലാം പുതിയ കാലത്തുയർന്നുവന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നവയും പരിഹാരം തേടുന്നവയുമാണ് എന്നുള്ളതാണ്. ഇതിൽ എടുത്തുപറയേണ്ടത് 2025ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവൽക്കരണം, കേരള ഏക കിടപ്പാടം സംരക്ഷണം, വന്യജീവി സംരക്ഷണം (കേരള ഭേദഗതി), സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വിൽക്കൽ എന്നീ ബില്ലുകളാണ്.
സംസ്ഥാനത്തെ റീസർവേ പ്രവർത്തനങ്ങളുടെ മെല്ലെപ്പോക്കും കാലപ്പഴക്കവും മൂലമുണ്ടായ പരിമതികളെ തുടർന്ന് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഭൂമി കൈവശക്കാർ അനുഭവിക്കുന്ന പ്രശ്ന പരിഹാരത്തിനുള്ളതാണ് സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവൽക്കരണ ബിൽ. മതിയായ അളവ് നിർണയ രീതികളോ മാനദണ്ഡങ്ങളോ ഇല്ലാതിരുന്ന കാലത്ത് പാരമ്പര്യമായി കൈമാറിയോ വിലയ്ക്ക് വാങ്ങിയോ കിട്ടിയ ഭൂമിയാണ് പലരും ഇപ്പോൾ കൈവശത്തിൽ വച്ചുവരുന്നത്. കൃത്യമായ അളവ് രേഖപ്പെടുത്തൽ സംവിധാനത്തിൽ റീസർവേ ആരംഭിച്ചതോടെ രേഖപ്രകാരവും കൈവശത്തിലുള്ളതുമായ ഭൂമിയുടെ അളവിൽ വ്യത്യാസം കണ്ടെത്തിയതിനാൽ കൂടുതലുള്ള ഭൂമിക്ക് കരം അടയ്ക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായി. സ്വന്തം കൈവശത്തിലുണ്ടെങ്കിലും അവ അനന്തരാവകാശികൾക്കോ അത്യാവശ്യഘട്ടത്തിൽ വില്പനയായോ കൈമാറുന്നതിന് തടസമുണ്ടാകുകയും ചെയ്തു. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുന്ന പ്രസ്തുത ബിൽ വലിയ വിഭാഗം ജനങ്ങൾക്ക് ആശ്വാസമാകുമെന്നതിൽ സംശയമില്ല. കടക്കെണിയിൽപ്പെട്ട് ആത്മഹത്യാ മുനമ്പിലെത്തുകയോ ജപ്തി നടപടികൾ നേരിടുകയോ ചെയ്യുന്നവരുടെ ദുരിത കഥകൾ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. അവരിൽ സ്വന്തമായുള്ള ഏക ഭവനവും ജപ്തി ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ളതാണ് കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ. തങ്ങളുടേതല്ലാത്ത കാരണത്താൽ (മനഃപൂർവം വീഴ്ച വരുത്താത്ത) തിരിച്ചടവ് മുടങ്ങിയെന്ന് കണ്ടെത്തുന്ന പാവപ്പെട്ടവരുടെ ഏക പാർപ്പിടം നഷ്ടപ്പെടുന്ന അവസ്ഥ ഈ ബിൽ നിയമമാകുന്നതോടെ ഇല്ലാതാകും. ഇതും സംസ്ഥാനത്തെ കടക്കെണിയിൽപ്പെട്ടുഴലുന്ന ലക്ഷക്കണക്കിനാളുകൾക്ക് ആശ്വാസമേകുന്ന നടപടിയായിരിക്കും.
നിലവിലുള്ള നിയമപ്രകാരം സ്വകാര്യഭൂമിയിലെ ഉണങ്ങിയതും അപകടകരമായതുമായ ചന്ദനമരം മുറിക്കുന്നതിനു മാത്രമാണ് അനുമതിയുള്ളത്. സ്വന്തം ആവശ്യത്തിന് വീട് വയ്ക്കുന്നതിനുള്ള സ്ഥലത്തെ മരവും മുറിക്കാൻ അനുമതി നൽകാനാകുന്ന പുതിയ നിയമ ഭേദഗതിയാണ് മറ്റൊന്ന്. ചന്ദനമരം വനംവകുപ്പ് മുഖേന മുറിച്ച് വിൽക്കുന്നതിനുള്ള അനുമതി നൽകുന്നതിനാണ് കരട് ബിൽ നിയമമാകുന്നതോടെ സാധ്യമാകുക. അതുപോലെ വനവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ പിഴയ്ക്ക് തുല്യമായ തുകയടച്ച് കോടതി അനുമതിയോടെ ഒത്തുതീര്‍ക്കുന്നതിനും ബില്ലിൽ വ്യവസ്ഥകളുണ്ടാകും. സമീപകാലത്ത് വലിയ വിവാദവും നിരവധി പേരുടെ ജീവനെടുത്തതുമായ വിഷയമാണ് വർധിച്ചുവരുന്ന വന്യജീവി ആക്രമണം. കേന്ദ്ര നിയമത്തിന്റെ സങ്കീർണതകളും നൂലാമാലകളും കാരണം സംസ്ഥാന സർക്കാരിന് ഫലപ്രദമായ നടപടികളെടുക്കാൻ കഴിയാത്ത സ്ഥിതിയാണ് ഈ പ്രശ്നത്തിനുള്ളത്. ഈ വിഷയത്തിന് ഒരുപരിധിവരെ പരിഹാരം കാണുന്നതിനുള്ളതാണ് വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബിൽ. സ്വന്തം നാട്ടിലെ ജനങ്ങളും വനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കൃഷിയിടങ്ങളും നേരിടുന്ന പ്രശ്നത്തിന് പരിഹാരമായി, ജനവാസ മേഖലയിലിറങ്ങുന്ന വന്യമൃഗം അക്രമകാരികളായാൽ അടിയന്തരമായി കൊല്ലാൻ ഉത്തരവിടുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്നതാണ് ഈ ബിൽ. ഇന്ത്യയിൽതന്നെ ആദ്യമായാണ് ഒരു സംസ്ഥാനം തങ്ങളുടെ ജനങ്ങളെയും കൃഷിയിടങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഇതുപോലൊരു നിയമഭേദഗതിക്ക് സന്നദ്ധമായിരിക്കുന്നത്. കാർഷികവൃത്തിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങൾ തുടർന്നും നടത്തുന്നതിനുള്ള നിയമഭേഗതിയുടെ കരട് ബില്ലും അംഗീകരിച്ചവയിലുണ്ട്. 1960ലെ കേന്ദ്രനിയമത്തിൽ ദേദഗതി വരുത്താനുള്ളതാണ് ഈ ബിൽ. കേന്ദ്ര നിയമത്തിന്റെയും മുൻകാല സംസ്ഥാന നിയമങ്ങളുടെയും അന്തഃസത്തയ്ക്ക് കോട്ടം തട്ടാതെയും അതേസമയം പുതിയകാല വെല്ലുവിളികൾ നേരിടുന്നതിനും സാധ്യമാകുന്ന ഈ നിയമനിർമ്മാണങ്ങൾ തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.