
ഇറാനിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിലും കറൻസിയുടെ മൂല്യതകർച്ചയിലും പ്രതിഷേധിച്ച് ആരംഭിച്ച ജനകീയ പ്രക്ഷോഭം പന്ത്രണ്ടാം ദിവസവും തുടരുന്നു. പ്രക്ഷോഭകർക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവയ്പ്പിലും സംഘർഷങ്ങളിലുമായി ഇതുവരെ എട്ട് കുട്ടികൾ ഉൾപ്പെടെ 45 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നോർവേ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്സ് , ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി എന്നിവരാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. പ്രതിഷേധം രാജ്യത്തിന്റെ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചതോടെ ഭരണകൂടം രാജ്യത്തുടനീളം ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും വിച്ഛേദിച്ചു. മുൻ ഇറാനിയൻ രാജകുമാരൻ റെസ പഹ്‌ലവി പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ആശയവിനിമയ സംവിധാനങ്ങൾ തടഞ്ഞത്. പ്രക്ഷോഭത്തിന് പിന്നിൽ വിദേശശത്രുക്കളാണെന്ന് ഖമനേയി ആരോപിച്ചു.
ഗ്രാൻഡ് ബസാർ കേന്ദ്രീകരിച്ച് ആരംഭിച്ച വ്യാപാരികളുടെ സമരം തലസ്ഥാനത്തെ നിശ്ചലമാക്കി. പതിനായിരക്കണക്കിന് ആളുകളാണ് ആയത്തുള്ള കഷാനി എക്സ്പ്രസ് വേയിൽ ഒത്തുകൂടിയത്. ഇലാം, കെർമാൻഷാ തുടങ്ങിയ കുർദിഷ് ഭൂരിപക്ഷ നഗരങ്ങളിൽ ജനജീവിതം പൂർണമായും സ്തംഭിച്ചു. ഇവിടെ സുരക്ഷാസേന നടത്തിയ വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. ഖുദ്സ് ഫോഴ്സ് മുൻ കമാൻഡർ ഖാസിം സുലൈമാനിയുടെ പ്രതിമ പ്രക്ഷോഭകർ തകർത്തു. ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം ഡോളറിനെതിരെ 1.4 ദശലക്ഷം എന്ന റെക്കോർഡ് തകർച്ച നേരിട്ടതാണ് പെട്ടെന്നുള്ള പ്രക്ഷോഭത്തിന് കാരണമായത്. ഭക്ഷണസാധനങ്ങൾക്ക് 70 ശതമാനവും മരുന്നുകൾക്ക് 50 ശതമാനവും വില വർധിച്ചത് സാധാരണക്കാരെ തെരുവിലിറക്കി.
പ്രതിഷേധക്കാരോട് സംയമനം പാലിക്കണമെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നവരെയും അക്രമാസക്തരായ ‘കലാപകാരികളെയും’ വേർതിരിച്ചു കാണണമെന്നും പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ സുരക്ഷാസേനയ്ക്ക് നിർദ്ദേശം നൽകി. എന്നാൽ, പരിക്കേറ്റവരെ പിടികൂടാൻ ആശുപത്രികളിൽ സുരക്ഷാസേന റെയ്ഡ് നടത്തുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.