
തെരുവുനായ ശല്യം ലഘൂകരിക്കുന്നതിന് വേണ്ടി തിരുവനന്തപുരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ സ്ഥാപിച്ച പോർട്ടബിൾ എബിസി സെന്റർ രാജ്യത്തിന് മാതൃകയാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പൈലറ്റ് പ്രോജക്ടായി സ്ഥാപിച്ച പോർട്ടബിൾ എബിസി സെന്റർ പൂർണമായും പരിസ്ഥിതിപൊതുജന സൗഹൃദത്തിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും ഇത് കേരളത്തിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ പോർട്ടബിൾ എബിസി സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മൃഗസംരക്ഷണ തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് എബിസി സെന്റർ സ്ഥാപിച്ചിട്ടുള്ളത്. നെടുമങ്ങാട് നഗരസഭയുടെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ, കാവ എന്ന സംഘടനയുടെ സഹകരണത്തോടെ, ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ടിൽനിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സെന്റർ പ്രവർത്തനമാരംഭിച്ചത്. ഒരു പ്രദേശത്ത് നിശ്ചിത ദിവസം ക്യാമ്പ് ചെയ്ത് ആ പ്രദേശത്തെ പരമാവധി തെരുവുനായ്ക്കളെ വന്ധീകരിയ്ക്കുകയും അതിനു ശേഷം മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ച് വന്ധ്യംകരണ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്ന തരത്തിലാണ് സെന്റർ പ്രവർത്തിക്കുക. ഡോക്ടർമാരടങ്ങുന്ന ഒരു ടീം ഒരു ദിവസം ഏഴു മുതൽ പത്ത് വരെ തെരുവുനായ്ക്കളെ വന്ധീകരിയ്ക്കും. സെന്ററിന്റെ സുഗമമായ പ്രവർത്തനത്തിനാവശ്യമുള്ള വെറ്ററിനറി സർജന്മാരെയും ഓപ്പറേഷൻ തീയേറ്റർ അറ്റൻഡർമാരെയും വന്ധീകരണത്തിനു ശേഷം നായ്ക്കളെ ശുശ്രുഷിക്കുന്നതിനുള്ള ഡോഗ് ഹാൻഡ്ലേഴ്സിനെയും ഡോഗ് ക്യാച്ചേഴ്സിനെയും നിയമിച്ചിട്ടുണ്ട്.
ജനറേറ്റർ സൗകര്യത്തോടു കൂടിയ, എയർകണ്ടീഷൻ ചെയ്ത ഓപ്പറേഷൻ തീയേറ്ററാണ് പോർട്ടബിൾ സെന്ററിൽ ക്രമീകരിച്ചിരിക്കുന്നത്. വന്ധീകരിച്ച നായ്ക്കളെ പോർട്ടബിൾ സെന്ററിനോട് ചേർന്ന് പ്രത്യേകമായി സ്ഥാപിച്ചിട്ടുള്ള കൂടുകളിൽ നാല് മുതൽ അഞ്ച് ദിവസം വരെ പാർപ്പിച്ച്, ആവശ്യമുള്ള ശുശ്രൂഷയും ഭക്ഷണവും പരിചരണവും പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പും നൽകിയതിനുശേഷം അവയെ പിടിച്ച അതേ സ്ഥലത്തു തന്നെ തിരികെ വിടും. ഇത്തരത്തിൽ 35 കൂടുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ അധ്യക്ഷയായി. വൈസ് ചെയർമാൻ എസ് രവീന്ദ്രൻ, മൃഗസംരക്ഷണ ഡയറക്ടർ എം സി റെജിൽ, സ്റ്റേറ്റ് അനിമൽ വെൽഫെയർ ബോർഡ് അംഗം വേണുഗോപാൽ. ആർ, പബ്ലിക് ഹെൽത്ത് അസിസ്റ്റന്റ് ഡയറക്ടർ ഹരികുമാർ എസ് തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.