
പോര്‍ട്ടല്‍ തകരാര്‍ കാരണം വഖഫ് സ്വത്ത് രജിസ്ട്രേഷന്‍ നിലച്ചു. ഇന്ന് വരെയായിരുന്നു വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സമയം അനുവദിച്ചിരുന്നത്. പോര്‍ട്ടല്‍ തകരാര്‍ കാരണം രജിസ്ട്രേഷന്‍ മുടങ്ങിയത് രാജ്യത്തെ നിരവധി വഖഫ് ബോര്‍ഡുകള്‍ക്ക് തിരിച്ചടിയായി.
കേന്ദ്ര സര്‍ക്കാര്‍ വിവാദ വഖഫ് ഭേദഗതി നിയമം പാസാക്കിയശേഷം രാജ്യത്തെ എല്ലാ വഖഫ് ബോര്‍ഡുകളും തങ്ങളുടെ സ്വത്തുക്കള്‍ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപകല്പ ചെയ്ത പോര്‍ട്ടല്‍ നിലച്ചതിനെത്തുടര്‍ന്നാണ് സ്വത്ത് രജിസ്ട്രേഷന്‍ മുടങ്ങിയത്. സാഹചര്യം കണക്കിലെടുത്ത് രജിസ്ട്രേഷന്‍ സമയപരിധി നീട്ടണമെന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടു.
ജൂണ്‍ ആറിനാണ് ഉമീദ് (ഏകീകൃത വഖഫ് മാനേജ്മെന്റ്, ശക്തീകരണം, കാര്യക്ഷമത വികസനം) പോര്‍ട്ടല്‍ ആരംഭിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വത്തുക്കളുടെ രേഖകൾ കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടും, ആവശ്യമായ വിവരങ്ങൾ നൽകുന്നതിന് ഡിജിറ്റലായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ അഭാവവും, സംസ്ഥാനങ്ങളിലുടനീളം വ്യത്യസ്ത ഭൂമി അളക്കൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലെ വെല്ലുവിളിയുമാണ് പോര്‍ട്ടല്‍ നിലയ്ക്കുന്നതിലേക്ക് വഴിതെളിച്ചത്.
ജിയോ ടാഗിങ്ങും ഡോക്യുമെന്റേഷനും ഉള്ള എല്ലാ വഖഫ് ആസ്തികൾക്കുമായി ഒരു കേന്ദ്രീകൃത ഡിജിറ്റൽ ശേഖരം എന്ന പേരിലാണ് ഉമീദ് പോർട്ടൽ ആരംഭിച്ചത്. വഖഫ് ഭേദഗതി നിയമത്തിലെ സെക്ഷൻ 3ബി പ്രകാരം വഖഫ് സ്വത്തുക്കളുടെ പോർട്ടലിൽ നിർബന്ധിത രജിസ്ട്രേഷൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
രാജ്യത്താകെയുള്ള ഏകദേശം 1.2 ലക്ഷം കോടി വഖഫ് സ്വത്തുക്കളാണ് പുതിയതായി രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്. ഏഴ് ലക്ഷം സ്വത്തുക്കളിലായി 9.4 ലക്ഷം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ ആസ്തികളുടെ സുതാര്യത, സംരക്ഷണം, മേൽനോട്ടം എന്നിവ മെച്ചപ്പെടുത്തുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.
പോർട്ടൽ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ കഴിഞ്ഞ ദിവസം എക്സില്‍ ചുണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഉമീദ് പോര്‍ട്ടലില്‍ പ്രവേശിക്കാന്‍ സാധിക്കുന്നില്ല. ഒടിപി ലഭിക്കാതെ സ്വത്തുക്കളുടെ വിശദശാംശങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം എക്സ് പോസ്റ്റില്‍ പറഞ്ഞിരുന്നു.
സുന്നി — ഷിയ ബോര്‍ഡുകളിലായി 1.4 ലക്ഷം സ്വത്തുവകകളുള്ള ഉത്തര്‍പ്രദേശാണ് ഒന്നാം സ്ഥാനത്ത്. ഇവിടെ ഏകദേശം 35% സ്വത്തുക്കളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. പശ്ചിമ ബംഗാള്‍ 80,480 ലക്ഷം (12%), കര്‍ണാടക 65,242 ലക്ഷം(10%) എന്നീ സംസ്ഥാനങ്ങളിലാണ് വഖഫ് സ്വത്തുക്കള്‍ കൂടുതലുള്ളത്.
വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ആറ് മാസത്തെ സമയപരിധി നീട്ടീ നല്‍കാനാകില്ലെന്ന് ഈമാസം ഒന്നിന് ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്തയും അഗസ്റ്റിന്‍ ജോസഫ് മാസീഹും അടങ്ങിയ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് ചുണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിൽ ബോർഡുകൾ പരാജയപ്പെട്ടാൽ അടുത്ത മൂന്ന് മാസത്തേക്ക് മന്ത്രാലയം പിഴ ചുമത്തുകയോ കർശന നടപടി സ്വീകരിക്കുകയോ ചെയ്യില്ലെന്ന് ഇന്നലെ ന്യൂനപക്ഷക്ഷേമ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.