23 January 2026, Friday

Related news

January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026

വംശീയ കൂട്ടക്കൊലകള്‍ക്ക് സാധ്യത; ആഗോള പട്ടികയിൽ ഇന്ത്യ നാലാമത്

Janayugom Webdesk
ന്യൂഡൽഹി
January 11, 2026 10:26 pm

വരും വർഷങ്ങളിൽ സാധാരണക്കാർക്കെതിരെയുള്ള കൂട്ടക്കൊലകൾക്കും അക്രമങ്ങൾക്കും സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോകോസ്റ്റ് മെമ്മോറിയൽ മ്യൂസിയത്തിന്റെ വാർഷിക റിപ്പോർട്ട്.
മ്യൂസിയത്തിന് കീഴിലുള്ള ‘ഏർലി വാണിങ് പ്രോജക്റ്റ്’ പുറത്തുവിട്ട 2025 ഡിസംബറിലെ റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. 

നിലവിൽ വലിയ തോതിലുള്ള വംശീയ അക്രമങ്ങൾ നടക്കാത്ത, എന്നാൽ ഭാവിയിൽ അതിന് സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. 2026 അവസാനത്തോടെ ഇന്ത്യയിൽ സാധാരണക്കാർക്കെതിരെ ബോധപൂർവമായ കൂട്ട അക്രമങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ കണക്കാക്കുന്നു. 168 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ മ്യാൻമർ ആണ് ഒന്നാം സ്ഥാനത്ത്. ചാഡ്, സുഡാൻ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഒരു വർഷത്തിനുള്ളിൽ സായുധ സംഘങ്ങളോ രാഷ്ട്രീയ വിഭാഗങ്ങളോ ചേർന്ന് കുറഞ്ഞത് 1000 നിരായുധരായ സാധാരണക്കാരെ കൊല്ലുന്ന സാഹചര്യത്തെയാണ് പഠനത്തിൽ ‘കൂട്ടക്കൊല’ എന്ന് വിശേഷിപ്പിക്കുന്നത്. 

മ്യാൻമർ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിലവിൽ തന്നെ ആഭ്യന്തര സംഘർഷങ്ങൾ നടക്കുന്നു. എന്നാൽ ഇന്ത്യയുടെ റാങ്കിങ് പുതിയൊരു സംഘർഷ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ഡാർട്ട്മൗത്ത് കോളജിലെ ഗവേഷകരും മ്യൂസിയം അധികൃതരും ചേർന്ന് കഴിഞ്ഞ ദശകങ്ങളിലെ ചരിത്രപരമായ വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്. ജനസംഖ്യ, സാമ്പത്തിക സൂചകങ്ങൾ, രാഷ്ട്രീയ സ്വാതന്ത്ര്യം, സായുധ സംഘർഷങ്ങളുടെ ചരിത്രം തുടങ്ങി 30ല്‍ അധികം ഘടകങ്ങൾ ഇതിനായി പരിശോധിച്ചു. 2024 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്. മുന്നറിയിപ്പ് സൂചനകൾ നേരത്തെ തിരിച്ചറിയുന്നതിലൂടെ സർക്കാരുകൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും ഇടപെടാനും ജീവൻ രക്ഷിക്കാനും കഴിയുമെന്ന് മ്യൂസിയത്തിലെ ഗവേഷണ ഡയറക്ടർ ലോറൻസ് വൂച്ചർ പറഞ്ഞു. 

2014 മുതൽ പുറത്തിറക്കുന്ന ഈ വാർഷിക റിപ്പോർട്ട്, ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിനുള്ള ഒരു പ്രതിരോധ ഉപാധിയായാണ് ഗവേഷകർ കണക്കാക്കുന്നത്. മുൻകാലങ്ങളിൽ റോഹിങ്ക്യൻ വംശഹത്യ, എത്യോപ്യയിലെ കൂട്ടമരണങ്ങൾ എന്നിവ ഇത്തരം പഠനങ്ങളിലൂടെ നേരത്തെ തിരിച്ചറിയാൻ സാധിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.