
സംസ്ഥാനത്തെ തൊഴിലാളികളുടെ മിനിമം കാർഷിക‑വ്യാവസായിക വേതനത്തിലെ ഒരു പ്രധാന ഘടകമായ ക്ഷാമബത്ത (ഡിഎ) കാലോചിതമായി പുതുക്കി നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാന രേഖ തയ്യാറാക്കുന്നതിനായി സുപ്രധാന ചുവടുവയ്പുമായി സർക്കാർ.
തൊഴിലാളികളുടെ യഥാർത്ഥ ജീവിതച്ചെലവ് പ്രതിഫലിക്കുന്ന തരത്തിൽ ഉപഭോക്തൃ വിലസൂചിക (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ്) പുതുക്കുന്നതിനായി തൊഴില്‍ വകുപ്പ് ‘കുടുംബ ബജറ്റ് സർവേ 2025–26’ ആരംഭിക്കും. ജനങ്ങളുടെ ജീവിതരീതിയിലും ഉപഭോഗശീലങ്ങളിലും വന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾ കാരണം നിലവിലെ 2011-12 വർഷത്തെ അടിസ്ഥാനമാക്കിയുള്ള സൂചിക പുതുക്കണമെന്നുള്ള തൊഴിലാളികളുടെയും മിനിമം വേജസ് ഉപദേശക സമിതിയുടെയും ദീർഘനാളത്തെ ആവശ്യത്തെ തുടർന്നാണ് ഈ പുതിയ സർവേ നടത്തുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2025–26 അടിസ്ഥാന വർഷമാക്കി സർവേ നടത്താൻ തൊഴിൽ വകുപ്പ്, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനോട് നിർദേശിക്കുകയും നടത്തിപ്പിനായി 1.4 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 17 കേന്ദ്രങ്ങളിലായി, മിനിമം വേതന നിയമം ബാധകമായ 7920 തൊഴിലാളി കുടുംബങ്ങളെ ഉൾപ്പെടുത്തി ഒരു വർഷം നീണ്ടുനിൽക്കുന്ന സർവേയാണ് നടത്തുന്നത്. സർവേയുടെ നിയന്ത്രണത്തിനായി തൊഴിലാളി, തൊഴിലുടമ, ഉദ്യോഗസ്ഥർ, വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി 21 അംഗ സംസ്ഥാനതല കൺസ്യൂമർ പ്രൈസ് ഇൻഡക്സ് റിവിഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിവരശേഖരണത്തിനായി 22 എന്യൂമറേറ്റർമാരുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി. സർവേ ഫീൽഡ് പ്രവർത്തനങ്ങൾ ഈ മാസം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്നും നാളെയും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നല്‍കും. തിങ്കളാഴ്ച മുതല്‍ സര്‍വേ ആരംഭിക്കുമെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡയറക്ടര്‍ രജത് ജി എസ് അറിയിച്ചു.
സ്ഥാപനങ്ങളില്‍ നേരിട്ട് പോയി അവരുടെ മിനിമം വേതനം പരിശോധിച്ച ശേഷമാണ് തൊഴിലാളി കുടുംബങ്ങളെ സര്‍വേയ്ക്കായി തെരഞ്ഞെടുക്കുക. 14 ജില്ലകളിലായി 360 കുടുംബങ്ങളിലും അഞ്ച് പ്രധാന കേന്ദ്രങ്ങളില്‍ 720 കുടുംബങ്ങളിലുമാണ് സര്‍വേ നടത്തുക. മിനിമം വേതന നിയമത്തിനു കീഴില്‍ 84 തൊഴില്‍ മേഖലകളാണ് വരുന്നത്. ഇതിനെ 15 ഗ്രൂപ്പുകളായി തിരിച്ചാണ് സര്‍വേ നടത്തുന്നത്. കുടുംബ ബജറ്റ് സർവേയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 ന് തൈക്കാട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ നടക്കും. തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും. കൺസ്യൂമർ പ്രൈസ് ഇൻഡക്സ് റിവിഷൻ കമ്മിറ്റി അംഗങ്ങൾ, സർവേ എന്യൂമറേറ്റർമാർ, ഉദ്യോഗസ്ഥർ ഉൾപ്പെടെ 120 ഓളം പേർ ചടങ്ങിൽ പങ്കെടുക്കും. സംസ്ഥാനത്ത് ഇതുവരെ നാല് കുടുംബ ബജറ്റ് സർവേകളാണ് നടന്നിട്ടുള്ളത്. 1939, 1970, 1998–99, 2011-12 എന്നീ വര്‍ഷങ്ങളായിരുന്നു സര്‍വേ. സർക്കാർ തൊഴിലാളികളുടെ ക്ഷേമത്തിനും പുരോഗതിക്കും പ്രതിജ്ഞാബദ്ധമാണെന്നും ഈ സർവേ വിജയകരമായി പൂർത്തിയാക്കി, തൊഴിലാളികളുടെ യഥാർത്ഥ ജീവിതച്ചെലവിന് ആനുപാതികമായ ക്ഷാമബത്ത ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.