22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 6, 2024
December 5, 2024
December 4, 2024
December 4, 2024
December 3, 2024

മഹാരാഷ്ട്രയിൽ അധികാര അട്ടിമറിക്ക് ബിജെപിയുടെ ഹീനതന്ത്രം: ഏകനാഥ് ഷിൻഡെയെ നീക്കി

* ഉപമുഖ്യമന്ത്രിയാക്കാന്‍ നീക്കം
* ഭൂരിപക്ഷം തങ്ങള്‍ക്കെന്ന് ബിജെപി
Janayugom Webdesk
June 21, 2022 9:31 pm

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായിട്ടും മന്ത്രിസഭയുണ്ടാക്കാൻ കഴിയാതെ പോയ ബിജെപി മഹാരാഷ്ട്രയിൽ അധികാരം പിടിക്കാനുള്ള ഹീനതന്ത്രവുമായി രംഗത്ത്. ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയെ മുന്നില്‍ നിര്‍ത്തിയാണ് പുതിയ ഓപ്പറേഷൻ.
ഇഡിയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും കുതിരക്കച്ചവടത്തിലൂടെയും ഓപ്പറേഷന്‍ താമരയെന്നു പേരിട്ട് മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ നടത്തിയതിനു സമാനമായ നീക്കത്തിലൂടെ സർക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനായി അഞ്ച് സ്വതന്ത്രരടക്കം മഹാവികാസ് അഘാഡിയുടെ 26 എംഎൽഎമാരെ ഗുജറാത്തിലെ സൂറത്തിലെ റിസോർട്ടിൽ എത്തിച്ചിരിക്കുകയാണ് ബിജെപി.
മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടിക്കൊണ്ടാണ് ബിജെപി ഭരണകക്ഷിയെ ഞെട്ടിച്ചത്. അഞ്ചു സീറ്റുകൾ ബിജെപി നേടിയപ്പോൾ ഭരണകക്ഷിയായ ശിവസേനയും നാഷണലിസ്റ്റ് കോൺഗ്രസും രണ്ട് വീതം സീറ്റുകൾ നേടി. നിയമസഭയിൽ 106 എംഎൽഎമാരുള്ള ബിജെപി 134 വോട്ട് നേടി. സ്വതന്ത്ര എംഎൽഎമാരും ചെറിയ പാർട്ടികളും ബിജെപിയ്ക്ക് വോട്ടു നൽകിയെന്നാണ് സൂചന. കൂടാതെ ക്രോസ് വോട്ടിങും നടന്നിട്ടുണ്ട്. ഇതിനു ശേഷമാണ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ മഹാരാഷ്ട്രയിൽ നിന്ന് മുങ്ങിയത്. അതിനിടെ ഷിൻഡെയെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തു നിന്ന് പുറത്താക്കി, പകരം അജയ് ചൗധരിയെ നിയമിച്ചതായി ശിവസേന അറിയിച്ചു.
2019 ൽ കോൺഗ്രസ്-ശിവസേന‑എൻസിപി പാർട്ടികള്‍ ചേര്‍ന്ന മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിച്ചപ്പോൾ നഗരവികസന‑പൊതുമരാമത്ത് വകുപ്പ് കാബിനറ്റ് മന്ത്രിയായിരുന്നു ഷിൻഡെ. ഉപമുഖ്യമന്ത്രി പദമാണ് ഏകനാഥ് ഷിൻഡെ ആവശ്യപ്പെടുന്നതെന്നും അത് നൽകാമെന്ന് ബിജെപി ഉറപ്പു നൽകിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം ഇഡി നടപടി ഭയന്നാണ് ഏകനാഥ് ഷിൻഡെ കൂറുമാറിയതെന്ന് ശിവസേനാ നേതാക്കൾ ആരോപിച്ചു.
288 അംഗ നിയമസഭയിൽ നിലവിൽ 287 പേരാണുള്ളത്. വിശ്വാസ വോട്ട് നേടാൻ 144 വോട്ടുകൾ വേണം. മഹാ വികാസ് അഘാഡിക്ക് 152 എംഎൽഎമാരാണുള്ളത്. സഖ്യത്തില്‍ നിന്ന് ശിവസേനയുടെ 56 പേരിൽ 21 പേരാണ് ഷിൻഡെയോടൊപ്പമുള്ളത്. ഇതോടെ ഭരണകകക്ഷി എംഎൽഎമാരുടെ എണ്ണം 130 ആയി. 21 വിമതരും രാജിവച്ചാൽ ഭൂരിപക്ഷം തെളിയിക്കാൻ 133 വോട്ട് മതിയാകും. ഈ സാഹചര്യത്തിലാണ് 134 പേരുടെ പിന്തുണ ബിജെപി അവകാശപ്പെടുന്നത്.
പ്രതിസന്ധി പരിഹരിക്കാന്‍ ശിവസേന നീക്കം തുടങ്ങിയിട്ടുണ്ട്. ഷിന്‍ഡെയെ ഉപമുഖ്യമന്ത്രി പദം നൽകി അനുനയിപ്പിക്കാനാണ് ശ്രമം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി എൻസിപി നേതാവ് ശരദ് പവാർ ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തി.
——————————
അവകാശവാദം ഉന്നയിക്കുമെന്ന് ബിജെപി
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് ബിജെപി നേതാവ് പ്രവീൺ ദാരേക്കർ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് ശരിയായതെന്തും ചെയ്യുമെന്നും അധികാരത്തെക്കാൾ പൗരന്മാരുടെ താല്പര്യമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലേക്ക് പോയി. ദേശീയ തലസ്ഥാനത്ത് പാർട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തിങ്കളാഴ്ച നിയമസഭാ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 134 വോട്ടുകൾ നേടാൻ കഴിഞ്ഞ തങ്ങൾക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ 11 വോട്ടുകളുടെ കുറവ് മാത്രമേ ഉള്ളൂ എന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.
————————————-
സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് കോണ്‍ഗ്രസ്
സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി നിരീക്ഷിച്ചുവരികയാണെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. എഐസിസി നിരീക്ഷകനായി കമൽ നാഥിനെ നിയോഗിച്ചു. ഇന്ത്യൻ ജനാധിപത്യത്തെ അസത്യങ്ങളിലേയ്ക്കാണ് ബിജെപി കൊണ്ടുപോകുന്നതെന്ന് കോൺഗ്രസ് നേതാവ് നാനാ പടോലെ ആരോപിച്ചു.

Eng­lish sum­ma­ry; Pow­er coup in Maharashtra

You may also like this video;

;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.