7 November 2024, Thursday
KSFE Galaxy Chits Banner 2

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് ചികിത്സ വേണം

Janayugom Webdesk
ന്യൂഡല്‍ഹി
May 9, 2024 10:43 pm

പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിനെന്ന പേരില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് കൊണ്ട് വന്ന പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (പിഎംജെഎവൈ) യും അവതാളത്തില്‍. ഫണ്ടിന്റെ അപര്യാപ്തതയും ചികിത്സാ സേവനം നല്‍കിയ വകയില്‍ ലഭിക്കാനുള്ള തുക കിട്ടാത്തതും കാരണം സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ നിന്നും പിന്‍മാറുന്നു. ഇതിന്റെ ഫലമായി പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള മെച്ചപ്പെട്ട ചികിത്സാ സേവനം ലഭിക്കാതായി. മിക്ക സംസ്ഥാനങ്ങളിലും സ്വകാര്യ ആശുപത്രികള്‍ പദ്ധതിയോട് മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സേവനം നല്‍കിയ വകയില്‍ കിട്ടാനുള്ള ഭീമമായ തുക വൈകുന്നതാണ് പ്രധാനമായും ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള കാരണമെന്ന് ദി മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് ഈ മാസം ഒന്നിന് നിതി ആയോഗ്, ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ 60–40 ശതമാനം തുക വിനിയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയില്‍ സംസ്ഥാന വിഹിതം മാത്രം കൃത്യമായി ലഭിക്കുന്ന സ്ഥിതിയാണുള്ളത്. ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പിഎംജെഎവൈ പദ്ധതിക്ക് നീക്കി വച്ചത് 7,500 കോടി രൂപ മാത്രമാണ്. പണം ലഭിക്കുന്നതില്‍ അനിശ്ചിതമായ കാലതാമസം നേരിടുന്നതാണ് പ്രശ്നം വഷളാക്കിയതെന്ന് അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് പ്രൊവൈഡേഴ്സ് ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ഗിരിധര്‍ ഗ്യാനി പറഞ്ഞു. മുടക്കിയ തുക യഥാസമയം ലഭിക്കാതെ വരുന്നത് സ്വകാര്യ ആശുപത്രി പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നായും അദ്ദേഹം പ്രതികരിച്ചു. ദേശീയ ആരോഗ്യ പദ്ധതി നടത്തിപ്പ് ചുമതലയുള്ളവര്‍ വിഷയത്തില്‍ കാണിക്കുന്ന ഉദാസീനതയാണ് പലപ്പോഴും പ്രതിഫലം വൈകാന്‍ കാരണമാകുന്നത്. ഇപ്പോള്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും അവരുടെ വിഹിതം നല്‍കിയാണ് പദ്ധതി മുന്നോട് കൊണ്ട് പോകുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

പദ്ധതി ആരംഭ കാലത്ത് വളരെ പ്രതീക്ഷയര്‍പ്പിച്ചാണ് സ്വകാര്യ ആശുപത്രികള്‍ മുന്നോട്ട് വന്നത്. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. മേഖലയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ കൂടി പിന്മാറുന്നത് പദ്ധതിയില്‍ അംഗങ്ങളായ ഗുണഭോക്താകള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം നിഷേധിക്കപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക- സാമൂഹ്യ സ്ഥിതി ‑ജാതി എന്നിവ പരിഗണിച്ചാണ് പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നത്. നിലവിലെ കണക്ക് അനുസരിച്ച് 32 കോടി ജനങ്ങളാണ് പദ്ധതിയില്‍ അംഗങ്ങളായുള്ളത്. എന്നാല്‍ മോഡി സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണം സാധാരണ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭിക്കാത്ത അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് ഗിരിധര്‍ ഗ്യാനി അഭിപ്രായപ്പെട്ടു. 

Eng­lish Summary:Pradhan Mantri Jan Aro­gya Yojana needs treatment
You may also like this video

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.