23 December 2024, Monday
KSFE Galaxy Chits Banner 2

ഇന്ത്യയില്‍ ഇന്നുള്ളത് അടിയന്തരാവസ്ഥയേക്കാള്‍ മോശമായ അപ്രഖ്യാപിത അടിയന്തരാവസ്ഥ: പ്രശാന്ത് ഭൂഷണ്‍

Janayugom Webdesk
November 8, 2021 2:59 pm

1975ലെ അടിയന്തരാവസ്ഥയേക്കാള്‍ മോശമായ കാലാവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളതെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. നിലവില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പി ജി സംസ്‌കൃതി കേന്ദ്രത്തിന്റെ പി. ഗോവിന്ദപ്പിള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണ്‍ സംസാരിച്ചത്.അടിയന്തരാവസ്ഥയില്‍ ജനങ്ങളുടെ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവുമാണ് വെല്ലുവിളിക്കപ്പെട്ടത്. അന്ന് ആള്‍ക്കൂട്ട കൊലപാതകമോ വ്യാജപ്രചരണങ്ങളോ വിദ്വേഷം വമിപ്പിക്കലോ സാംസ്‌കാരിക ചൂഷണമോ ഉണ്ടായിരുന്നില്ല.ഇന്ന് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മാധ്യമങ്ങളെ വരുതിയിലാക്കുകയും അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുകയും നിശബ്ദരാക്കുകയും ചെയ്യുകയാണ്,” പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ജുഡീഷ്യറി കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ഇടപെടേണ്ട ഘട്ടമാണ് ഇന്ന് രാജ്യത്തുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് മേല്‍ യുഎപിഎ ചുമത്തി, നിയമത്തെ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്നും യുഎപിഎയിലെ പല വ്യവസ്ഥകളും ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന് വിരുദ്ധമാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ത്രിപുരയില്‍ നടക്കുന്ന കലാപത്തെക്കുറിച്ച് വസ്തുതാപരമായ അന്വേഷണം നടത്തിയ അഭിഭാഷകര്‍ക്ക് മേല്‍, ഒരു ട്വീറ്റ് ചെയ്തതിന്റെ പേരില്‍ യുഎപിഎ ചുമത്തിയതിനേയും അദ്ദേഹം വിമര്‍ശിച്ചു.

കോടതികളുടെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശിക്കപ്പെടേണ്ടതുണ്ടെങ്കില്‍ ജനങ്ങള്‍ വിമര്‍ശിക്കണമെന്നും നീതിന്യായ വ്യവസ്ഥയുടെ പരിഷ്‌കരണത്തിനായി പ്രചരണം നടത്തണമെന്നും എങ്കില്‍ മാത്രമേ ജുഡീഷ്യറികള്‍ ഭരണഘടന വിഭാവനം ചെയ്ത രീതിയില്‍ പ്രവര്‍ത്തിക്കൂവെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.”ജഡ്ജിമാര്‍ സ്വതന്ത്രരായിരിക്കണം. വിരമിച്ച ജഡ്ജിമാര്‍ക്ക് പദവികള്‍ നല്‍കുന്നത് നിര്‍ത്തലാക്കണം. ജഡ്ജിമാരുടെ നിയമനത്തിന് പൂര്‍ണമായും സ്വതന്ത്രമായ മുഴുവന്‍സമയ സംവിധാനം വേണം,” പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം രാജ്യസഭാംഗമായി ചുമതലയേറ്റതിനെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം.

ENGLISH SUMMARY:Prashant Bhushan new statement
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.