22 November 2024, Friday
KSFE Galaxy Chits Banner 2

സർവകലാശാലാ കലോത്സവത്തിന് ഒരുക്കങ്ങളായി

Janayugom Webdesk
കൊല്ലം
April 19, 2022 8:41 pm

ഏപ്രിൽ 23 മുതൽ 27 വരെ നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തെ വരവേൽക്കാൻ ഒരുങ്ങി കൊല്ലം നഗരം. പ്രധാന വേദി ആയ കൊല്ലം എസ് എൻ കോളേജ് അടക്കം ആറ് ക്യാമ്പസുകളിലെ ഒൻപത് വേദികളിലായി നടക്കുന്ന 102 മത്സര ഇനങ്ങളിൽ 250 ലധികം കോളേജുകളിൽ നിന്നുള്ള മൂവായിരത്തോളം കാലപ്രതിഭകളാണ് മാറ്റുരക്കുന്നത്.
കെപിഎസി ലളിത, നെടുമുടി വേണു, ലതാ മങ്കേഷ്കർ, വി എം കുട്ടി, എസ് പി ബാലസുബ്രഹ്മണ്യം, കൈനകരി തങ്കരാജ്, ബിച്ചു തിരുമല, പി എസ് ബാനർജി, പി ബാലചന്ദ്രൻ എന്നിങ്ങനെ കലാ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ മണ്മറഞ്ഞ പ്രഗത്ഭരുടെ പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്. കലാ പ്രതിഭകളെ വരവേൽക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് സംഘാടക സമിതി ചെയർപേഴ്സൺ പ്രസന്ന ഏണസ്റ്റും ജനറൽ കൺവീനർ അനന്തു പിയും അറിയിച്ചു.
കലോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേൽ പ്രകാശനം ചെയ്തു. യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർപേഴ്സൺ ആയിഷ ബാബു അധ്യക്ഷത വഹിച്ചു. കലോത്സവം ജനറൽ കൺവീനർ അനന്തു പി സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഗോപീകൃഷ്ണൻ, വോളന്റിയർ കമ്മിറ്റി കൺവീനർ വിഷ്ണു, യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് അംഗം അരവിന്ദ് എന്നിവർ സംസാരിച്ചു.
കലോത്സവത്തോട് അനുബന്ധിച്ചുള്ള വിളംബര ജാഥ ഇന്ന് വൈകിട്ട് മൂന്നിന് കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിൽ നിന്നും ആരംഭിച്ച് എസ് എന്‍ കോളേജിൽ അവസാനിക്കും. കാലഘട്ടത്തെയും സാമൂഹിക വൈവിദ്ധ്യങ്ങളെയും ചേർത്തുപിടിക്കുന്ന വേഷവിധാനങ്ങളുമായി വിവിധ ക്യാമ്പസുകളിലെ വിദ്യാർഥികൾ അണിനിരക്കും.
കലാരൂപങ്ങൾ, ഫ്ലോട്ടുകൾ ഉൾപ്പെടെ ജാഥയുടെ ഭാഗമായി ഉണ്ടാകും. ജനപ്രതിനിധികൾ, യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ എന്നിവര്‍ ജാഥയിൽ പങ്കാളിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.