30 September 2024, Monday
KSFE Galaxy Chits Banner 2

കള്ളനോട്ട് വിതരണത്തിനിടെ പ്രസ് ഉടമയും മൂന്ന് വിതരണക്കാരും മംഗ്ളൂരുവില്‍ അറസ്റ്റില്‍

Janayugom Webdesk
മംഗളൂരു
August 20, 2024 4:58 pm

ചെര്‍ക്കളയിലെ പ്രിന്റിംഗ് പ്രസില്‍ അച്ചടിച്ച 2,13,500 രൂപയുമായി നാലുപേരെ മംഗ്ളൂരു സെട്രല്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ചെര്‍ക്കള ശ്രീലിപി പ്രിന്റിംഗ് പ്രസ് ഉടമ കൊളത്തൂര്‍ കരിച്ചേരി പെരളത്തെ വി പ്രിയേഷ് (38), മുളിയാര്‍ മല്ലം കല്ലുക്കണ്ടത്തെ വിനോദ് കുമാര്‍ (33), പെരിയ കുണിയ വടക്കുംകര ഷിഫ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ (51), ദക്ഷിണകന്നഡ പുത്തൂര്‍ ബല്‍നാട് ബാളിയൂര്‍ കട്ടയിലെ അയൂബ്ഖാന്‍ (51) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 500 രൂപയുടെ 427 കള്ളനോട്ടുകളാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മംഗ്ളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം മംഗലാപുരം ഹബ്ബന്‍കട്ടയിലെ ലോഡ് റെയ്ഡ് ചെയ്താണ് ഇവരെ അറസ്റ്റു ചെയ്തത്. പ്രിയേഷ് ഒറ്റയ്ക്കാണ് കള്ളനോട്ട് നിര്‍മിക്കുന്നതെന്നും കള്ളനോട്ട് യഥാര്‍ത്ഥ നോട്ടിന്റെ അതേ ക്വാളിറ്റിയില്‍ സ്കൂള്‍ നോട്ട്ബുക്ക് പേപ്പര്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചതെന്നും അസി. കമ്മീഷണര്‍ ഗീത ഡി കുല്‍കര്‍ണി പറഞ്ഞു. 

കാസര്‍കോട് ചെര്‍ക്കളയിലെ പ്രിന്റിംഗ് പ്രസ് ഉടമ യുടുബില്‍ പരിശോധിച്ചാണ് നോട്ട് നിര്‍മ്മാണത്തെ കുറിച്ച് മനസ്സിലാക്കിയത്. പ്രസ് നഷ്ടത്തിലായതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് കള്ളനോട്ട് നിര്‍മ്മാണത്തിലേക്ക് പ്രിയേഷ് തിരിക്കാനിടയാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2,13,500 രൂപയോളം മൂല്യമുള്ള പ്രിന്റഡ് നോട്ടുകളുടെ 427 എണ്ണം 500 രൂപയുടെ കള്ളനോട്ടുമാണ് കണ്ടെത്തിയത്. നാല് മൊബൈല്‍ ഫോണുകളും 9030 യഥാര്‍ത്ഥ നോട്ടുകളും ഇവരില്‍ നിന്ന് കണ്ടെത്തി. ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് അടിക്കുമ്പോള്‍ 25,000 രൂപയാണ് ഇയാള്‍ക്ക് ലഭിച്ചിരുന്നത്. യുടുബ് വീഡിയോ കണ്ട് പരിശീലിച്ചതിന്റെ അടിസ്ഥാനത്തില്‍ കള്ളനോട്ട് നിര്‍മ്മിക്കാനുള്ള സാമഗ്രികള്‍ കോഴിക്കോട് നിന്നും ഡല്‍ഹിയില്‍ നിന്നും വരുത്തുകയായിരുന്നു. 

ഗുണനിലവാരമുള്ള നോട്ട് നിര്‍മ്മാണത്തിനായി ഉയര്‍ന്ന നിലവാരമുള്ള പ്രിന്റിംഗ് മെഷീന്‍ വാങ്ങുകയും ചെയ്തിരുന്നതായി കുല്‍കര്‍ണി വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് മാസമായി പ്രിയേഷ് കള്ളനോട്ട് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു പ്രിയേഷിന്റെ ചെര്‍ക്കളയിലുള്ള പ്രിന്റിംഗ് പ്രസില്‍ ഉടന്‍ പരിശോധന നടത്തുമെന്നും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറിയിച്ചു. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എച്ച് എം ശ്യാംസുന്ദര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ നരേന്ദ്ര, സുധീപ്, കെ വി രാമപ്പപൂജാരി, സീനപ്പ, സുജന്‍ ഷെട്ടി എന്നിവരടങ്ങിയ സംഘമാണ് കള്ളനോട്ട് റാക്കറ്റ് സംഘത്തെ പിടികൂടിയത്. ഇവര്‍ക്കുള്ള പാരിതോഷികത്തിനായി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മംഗ്ളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപമ അഗര്‍വാള്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.