26 December 2024, Thursday
KSFE Galaxy Chits Banner 2

കാലിക്കറ്റ് പ്രസ്‌ക്ലബ് സുവർണജൂബിലി ആഘോഷം ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്
കോഴിക്കോട്
March 31, 2022 4:40 pm

കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവർണജൂബിലി ആഘോഷങ്ങൾ ഏപ്രിൽ രണ്ടിന് തുടങ്ങും. ഉച്ചയ്ക്ക് 12ന് എരഞ്ഞിപ്പാലം ആശീർവാദ് ലോൺസിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ, സെക്രട്ടറി പി എസ് രാകേഷ്, ട്രഷറർ ഇ പി മുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ കെ ശശീന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. എം പിമാരായ എം കെ രാഘവൻ, കെ മുരളീധരൻ, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റെജി, ജനറൽ സെക്രട്ടറി ഇ എസ് സുഭാഷ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീളുന്ന വ്യത്യസ്തങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. കോവിഡ് മഹാമാരിയും നിയന്ത്രണങ്ങളും കാരണമാണ് ആഘോഷ പരിപാടികൾ നീണ്ടുപോയത്. 1971 നവംബർ 16ന് അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനാണ് പ്രസ്‌ക്ലബ് കെട്ടിടത്തിന് തറക്കല്ലിട്ടത്. പ്രവർത്തനമാരംഭിച്ച അന്ന് മുതൽ ജനങ്ങളെയും മാധ്യമങ്ങളെയും തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണിയായി പ്രസ്‌ക്ലബ് മാറി. രാഷ്ട്രീയത്തിനും മത‑ജാതി വേർതിരിവുകൾക്കുമപ്പുറം മുഴുവൻ മാധ്യമ പ്രവർത്തകരെയും ഒന്നിച്ചുകൊണ്ടുപോകുന്നതിന് കാലിക്കറ്റ് പ്രസ്‌ക്ലബ് എപ്പോഴും ശ്രമിച്ചുപോന്നിട്ടുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.