
മതേതര രാജ്യമായ ഇന്ത്യ സന്ദര്‍ശിക്കണമെന്ന അടങ്ങാത്ത മോഹം ഉള്ളിലടക്കിയാണ് ഫ്രാൻസിസ് മാർപാപ്പയുടെ മടക്കം എന്ന യാഥാർത്ഥ്യം കത്തോലിക്കാ സമൂഹത്തിലാകെ വേദനയും അമർഷവും പരത്തുന്നു. ഇന്ത്യാ സന്ദർശനത്തിനായി സർക്കാരിന്റെ വാതിലുകളിൽ മുട്ടിക്കൊണ്ടിരിക്കുന്നു. പക്ഷേ, തുറക്കുന്നില്ല എന്ന മാർപാപ്പയുടെ നൈരാശ്യം പ്രകടമാകുന്ന വാക്കുകളുടെ പ്രതിധ്വനിയാണ് സഭയിലെമ്പാടും. രാജ്യ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പയെ ഔദ്യോഗികമായി ക്ഷണിച്ചു എന്ന് രണ്ട് പ്രാവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചിട്ടും രണ്ട് വട്ടവും സർക്കാർ തലത്തിൽ ഇതിനുള്ള തുടർനടപടികളില്ലാതെ പോയത് സംഘ്പരിവാറിന്റെ ശക്തമായ സമ്മർദ്ദം മൂലമാണെന്ന ധാരണ പ്രബലമാണ്. അവരുടെ താളത്തിനൊത്ത് ഭരണ നേതൃത്വം തുള്ളുകയും ചെയ്തു.
1999‑ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഇന്ത്യ സന്ദർശന വേളയിൽ, അതിനെതിരെ വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ് ദൾ തുടങ്ങിയ സംഘ്പരിവാർ സംഘടനകൾ കടുത്ത എതിർപ്പുമായി രംഗത്തെത്തുകയും മാർപാപ്പയുടെ കോലം കത്തിക്കുകയും പാർലമെന്റിന് മുമ്പിൽ പ്രതിഷേധം കടുപ്പിക്കുകയും ചെയ്തിരുന്നു. ഈ ചരിത്രം ഇപ്പോൾ വിശ്വാസികൾക്കിടയിൽ സജീവ ചർച്ചയാണ്. നരേന്ദ്ര മോഡി അധികാരത്തിലെത്തിയ 2014 മുതൽ തന്നെ ഇന്ത്യൻ കത്തോലിക്കാ മെത്രാൻ സമിതിയും (സിബിസിഐ) ഏഷ്യൻ ബിഷപ്സ് കോൺഫറൻസും (എഫ്എബിസി) കൂടിക്കാഴ്ചകളിലൂടെയും മറ്റും മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനായി നിരന്തര ഇടപെടലാണ് നടത്തിക്കൊണ്ടിരുന്നത്. ഇന്ത്യാ സന്ദർശനത്തിനായി താൻ ഔദ്യോഗികമായി മാർപാപ്പയെ ക്ഷണിച്ചുവെന്ന് മോഡി ആദ്യം വെളുപ്പെടുത്തിയത് 2021 ലാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശ്, ഇന്തോനേഷ്യ, മ്യാൻമർ, ശ്രീലങ്ക സന്ദർശന വേളകളിൽ ഇന്ത്യാ സന്ദർശനവും സാധ്യമാകുമെന്ന് മാർപാപ്പയും രാജ്യത്തെ കത്തോലിക്കാ വിശ്വാസികളും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ക്ഷണത്തിനപ്പുറത്തേക്ക് അതിനാവശ്യമായ തുടർ നടപടികൾ നീണ്ടില്ല.
കഴിഞ്ഞ വർഷം ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ വച്ച് മാർപാപ്പയെ നേരിൽ കണ്ടപ്പോൾ ക്ഷണം ആവർത്തിച്ചുവെന്ന് മോഡി വീണ്ടും വെളിപ്പെടുത്തി. കത്തോലിക്കാ സഭയുടെ ഈ വർഷത്തെ ജൂബിലി വേളയിൽ പാപ്പയുടെ ഇന്ത്യാ സന്ദർശനമുണ്ടാകുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പിന്നാലെ ഏറ്റുപറഞ്ഞു. പക്ഷേ, ഇക്കുറിയും അതിനു വേണ്ടി സർക്കാർ യന്ത്രം ചലിച്ചില്ല. ഇത്, സംഘ്പരിവാറിന്റെ ഇടപെടൽ രണ്ടാംവട്ടവും വിജയം കണ്ടു എന്നതിന്റെ തെളിവായാണ് വിശ്വാസി സമൂഹം വിലയിരുത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.