
നവജാത ശിശുക്കളെ വിൽക്കുന്ന അന്തർസംസ്ഥാന ശൃംഖലയെ പിടികൂടി തെലങ്കാന പൊലീസ്. സൈബരാബാദ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം നടത്തിയ നീക്കത്തിൽ സംഘത്തിലെ പ്രധാനികളുൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദ് കേന്ദ്രീകരിച്ച് മാത്രം 15ഓളം കുഞ്ഞുങ്ങളെ ഇവർ വിറ്റഴിച്ചതായാണ് പ്രാഥമിക വിവരം. ഒരു കുഞ്ഞിന് 15 ലക്ഷം രൂപ വരെയാണ് സംഘം ഈടാക്കുന്നത്. കുട്ടികളില്ലാത്ത സമ്പന്നരായ ദമ്പതികളെ ലക്ഷ്യമിട്ടായിരുന്നു സംഘത്തിന്റെ പ്രവർത്തനം അധികവും.
അഹമ്മദാബാദ് പോലുള്ള നഗരങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ എത്തിച്ച് ഹൈദരാബാദിൽ വിൽക്കുകയായിരുന്നു പതിവ്. ദത്തെടുക്കൽ നിയമപരമാണെന്ന് വിശ്വസിപ്പിക്കാൻ വ്യാജ രേഖകളും ഇവർ നിർമ്മിച്ചു നൽകിയിരുന്നു.ആരോഗ്യമേഖലയിലെ ജീവനക്കാരുടെ സഹായത്തോടെയാണ് സംഘം പ്രവർത്തിച്ചിരുന്നത്. എട്ടോളം ആശുപത്രികളിലെ ജീവനക്കാർക്കും ഇടനിലക്കാർക്കും ഇതിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി.
വില്പനയ്ക്കായി എത്തിച്ച രണ്ട് കുഞ്ഞുങ്ങളെ പൊലീസ് റെസ്‌ക്യൂ ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തി. ഇവരെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ദരിദ്രരായ മാതാപിതാക്കളെ സ്വാധീനിച്ചും അനാഥരായ കുഞ്ഞുങ്ങളെ കൈക്കലാക്കിയുമാണ് സംഘം കച്ചവടം നടത്തിയിരുന്നത്. സംഭവത്തിൽ കൂടുതൽ ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും പങ്കുണ്ടോ എന്ന് കണ്ടെത്താൻ ബാങ്ക് അക്കൗണ്ടുകളും ആശുപത്രി രേഖകളും പൊലീസ് പരിശോധിച്ച് വരികയാണ്. കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.