23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024
October 27, 2024
October 23, 2024
October 22, 2024

പ്രധാനമന്ത്രിയുടെ പ്രസ്താവന പട്ടികജാതിക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍

കെ രാധാകൃഷ്ണന്‍
പട്ടിക ജാതി/പട്ടിക വികസന മന്ത്രി
July 9, 2023 4:45 am

കേരളത്തിലെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് പരിഗണന ലഭിക്കുന്നില്ലെന്നും, അവർ വോട്ട്ബാങ്ക് അല്ലാത്തതുകൊണ്ടാണ് അവഗണിക്കപ്പെടുന്നത് എന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചർച്ചകൾ നടന്നുവരികയാണല്ലോ. രാജ്യത്തിന്റെ പൊതു സ്ഥിതിഗതികളോ, ഓരോ സംസ്ഥാനങ്ങളിലെയും ചുറ്റുപാടുകളോ വിശകലനം ചെയ്യാതെ നിക്ഷിപ്ത രാഷ്ട്രീയ താല്പര്യം മാത്രം മുൻനിർത്തിയാണ് പ്രധാനമന്ത്രി ഇത്തരത്തിലുളള പ്രസ്താവന നടത്തിയിരിക്കുന്നത്. സംഘ്പരിവാര്‍ നേതൃത്വം നൽകുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധതയ്ക്കും, വർഗീയതയ്ക്കും ബദലായി രാജ്യം പ്രതീക്ഷയോടെ കാണുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെയും, അതുവഴി ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇകഴ്ത്തിക്കാണിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. കേരളത്തിലെ ദളിത് പിന്നാക്ക വിഭാഗങ്ങളിൽ മഹാഭൂരിപക്ഷവും മതനിരപേക്ഷതയുടെയും, പുരോഗമന ആശയങ്ങളുടെയും പിന്നില്‍ അണിനിരക്കുമ്പോൾ അവരെ തെറ്റിദ്ധരിപ്പിച്ച് വർഗീയതയിലേക്ക് വഴിതിരിച്ചുവിടാനുള്ള ശ്രമവും ഇതിനു പുറകിലുണ്ട്. ബിജെപി ഭരണത്തിൽ രാജ്യത്തെ പട്ടികവിഭാഗക്കാരുടെ യഥാർത്ഥ അവസ്ഥ എന്തെന്നറിയാൻ മധ്യപ്രദേശിലേക്ക് നോക്കിയാൽ മതിയാകും. ചെയ്ത ജോലിക്ക് കൂലി ചോദിച്ച ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ച ദൃശ്യത്തോടെ രാജ്യമാകെ തലകുനിക്കേണ്ട അവസ്ഥയാണ്. മേൽജാതിക്കാരുടെ പീഡനങ്ങൾക്കും ക്രൂരതകൾക്കും ഏത് നിമിഷവും ഇരയാകുമെന്ന ആശങ്കയിലാണ് ദളിത് ജനത ജീവിക്കുന്നത്.


ഇതുകൂടി വായിക്കൂ: നാല് വര്‍ഷത്തിനിടെ ദളിതർക്കെതിരെ 1,89,945 അതിക്രമങ്ങൾ


ബിജെപി ഭരിക്കുന്നയിടങ്ങളിൽ ദളിതരെ അടിച്ചുകൊല്ലുന്നതും പെൺകുട്ടികളെ കൂട്ടബലാത്സംഗം നടത്തി നാക്ക് മുറിച്ചും, കണ്ണുകൾ ചൂഴ്ന്നെടുത്തും കൊന്നുതള്ളുന്നതും പതിവാണ്. ഗുജറാത്ത് വംശഹത്യയുടെ മാതൃകയിൽ മണിപ്പൂരിനെയും കലാപഭൂമിയാക്കിയ ബിജെപി സർക്കാരിന്റെ നടപടി ദളിത് പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനമാണ്. ഇന്ത്യയിലെ പൊതു അവസ്ഥയിൽ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ പട്ടികജാതി-വർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗക്കാരുടെ ജീവിതമെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. കേരളത്തിന്റെ വികസന മുന്നേറ്റവും, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ പുരോഗതിയും മുന്നിൽ നിൽക്കുന്നു എന്ന് പ്രധാനമന്ത്രിക്കും അറിയാത്തതാവില്ല. ഈ സാമൂഹ്യപുരോഗതി ഒരുനാള്‍ കൊണ്ട് കൈവരിച്ചതല്ല. സാമൂഹിക അസമത്വങ്ങളും, അനീതികളും, തിന്മകളും, അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും നിറഞ്ഞുനിന്ന ഒരു നാടിനെ എല്ലാവർക്കും അക്ഷരം പഠിക്കാനും, അറിവു നേടാനും, വഴി നടക്കാനും, പണിയെടുക്കാനും, കൂലി ചോദിക്കാനും, ക്ഷേത്രങ്ങളിൽ പ്രവേശിക്കാനും ആത്മാഭിമാനമുള്ളവരായി മാറ്റാനും ഒട്ടനവധി മഹത് വ്യക്തികളുടെ ത്വാഗോജ്വലമായ പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനൊപ്പം പുരോഗമന പ്രസ്ഥാനങ്ങൾ ഏറ്റെടുത്ത പോരാട്ടങ്ങളും, കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും, ഇടതുപക്ഷ ജനാധിപത്യ മുന്നണികളുടെയും നേതൃത്വത്തിലുള്ള സർക്കാരുകളുടെ പ്രവർത്തനങ്ങളും മുന്നേറ്റത്തിന് കരുത്തുപകര്‍ന്നു. എന്നാൽ കേരളത്തിലെ ജീവിതാനുഭവങ്ങളാണോ രാജ്യത്താകെ ഉള്ളത് എന്ന് പ്രധാനമന്ത്രി പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയിൽ 16.6 ശതമാനം പേർ പട്ടികജാതി വിഭാഗത്തിലും, 8.06 ശതമാനം പേർ പട്ടികവർഗ വിഭാഗത്തിലും പെട്ടവരാണ്. ഇവരിൽ മഹാഭൂരിപക്ഷത്തിന്റെയും സ്ഥിതി അതീവ ദയനീയമാണെന്നാണ് എല്ലാ സൂചകങ്ങളും വിരൽചൂണ്ടുന്നത്. സമൂഹത്തിൽ ഉയരാനുള്ള അവസരങ്ങൾ ഒരുക്കാതിരിക്കുന്നതും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതും പതിവായിട്ടുണ്ട്. ദളിതര്‍ പഠിച്ച് ഉയരേണ്ടവരല്ലെന്ന കാഴ്ചപ്പാടാണിതിന് പിന്നിൽ. പഠിക്കാൻ അവസരം കിട്ടിയാൽ, അർഹതപ്പെട്ട തൊഴിലവസരങ്ങൾ പോലും നിഷേധിക്കുന്നു. സംവരണം തന്ത്രപരമായി അട്ടിമറിക്കുകയാണ്. സർവീസിലുള്ളവർക്ക് മതിയായ സ്ഥാനക്കയറ്റം പോലും നിഷേധിക്കുന്നു. അതേസമയം സ്വകാര്യ കമ്പനികളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാരിലെ നിർണായക തസ്തികളിൽ നിയമിക്കുന്നു.


ഇതുകൂടി വായിക്കൂ: വീണ്ടും ന്യൂനപക്ഷ വേട്ട


38 പേരെയാണ് ഇതുവരെ ജോയിന്റ് സെക്രട്ടറിമാരായി നിയമിച്ചത്. പൊതുമേഖലാ സ്ഥപനങ്ങൾ സ്വകാര്യവൽക്കരിക്കുമ്പോഴും പട്ടികവിഭാഗക്കാരും പിന്നാക്കക്കാരും തൊഴിൽശ്രേണിയിൽ നിന്ന് പുറത്താകുകയാണ്. ബാങ്കുകളിലെ ഉദ്യോഗങ്ങൾ സമ്പന്നർക്ക് മാത്രമാക്കി മാനദണ്ഡമിറക്കി. വായ്പയെടുത്ത് പഠിച്ച ദരിദ്ര വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾ പരീക്ഷയും ഇന്റർവ്യുവും വിജയിച്ചാലും ജോലി നിഷേധിക്കും. രക്ഷിതാക്കളുടെ സിബിൽ സ്കോര്‍ ഈ നിയമനങ്ങൾക്ക് ബാധകമാക്കുമെന്നാണ് റിപ്പോർട്ട്. ഈ തീരുമാനം ദളിത് ഉദ്യോഗാർത്ഥികളെയാണ് ഏറെയും ബാധിക്കുക. രാജ്യത്ത് പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു. 2021ലെ നാഷണല്‍ ക്രെെം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് പട്ടികജാതി വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങളിൽ 50,291 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ 2802 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിലേറെയും ബിജെപി സംസ്ഥാനമായ മധ്യപ്രദേശിലാണ്. ബിജെപി ഭരിക്കുന്ന യുപിയിലും ഗുജറാത്തിലും വലിയതോതിൽ ദളിതർ വേട്ടയാടപ്പെടുന്നുണ്ട്. ഈ സാഹചര്യം നിലനിൽക്കുമ്പോൾ പട്ടികവിഭാഗങ്ങളുടെ പുരോഗതിക്ക് എന്ത് നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. ബജറ്റ് വിഹിതം പരിശോധിച്ചാൽ സര്‍ക്കാര്‍ നൽകുന്ന പരിഗണന ബോധ്യപ്പെടും. കേരളത്തില്‍ ആകെ ജനസംഖ്യയുടെ 9.1 ശതമാനം വരുന്ന പട്ടികജാതി വിഭാഗങ്ങൾക്ക് വാർഷിക പദ്ധതിയുടെ 9.8 ശതമാനം തുകയും 1.45 ശതമാനം മാത്രം വരുന്ന പട്ടികവർഗ വിഭാഗത്തിന് വാർഷിക പദ്ധതിയുടെ 2.83 ശതമാനം തുകയും സംസ്ഥാന സർക്കാർ മാറ്റിവയ്ക്കുന്നു. എന്നാൽ രാജ്യത്തെ 16.6 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന് 3.53 ശതമാനവും 8.6 ശതമാനം വരുന്ന പട്ടികവർഗ വിഭാഗത്തിന് 2.65 ശതമാനം പദ്ധതി വിഹിതവും മാത്രമാണ് കേന്ദ്രം മാറ്റി വച്ചിട്ടുള്ളത്. ജനസംഖ്യയുടെ പകുതിയിലേറെപ്പേരും അതിദരിദ്രരായ സംസ്ഥാനങ്ങൾ രാജ്യത്തുണ്ടെന്ന് പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള നിതി ആയോഗിന്റെ കണക്കുകൾ പറയുന്നു. ഇവരിലേറെപ്പേരും പട്ടികവിഭാഗ‑പിന്നാക്ക ന്യൂനപക്ഷങ്ങളാണ്. യുപിയിൽ 38 ശതമാനം പേരും ഝാർഖണ്ഡിൽ 42 ശതമാനം പേരും അതിദരിദ്രരായിരിക്കെ കേരളത്തിൽ അത് കേവലം 0. 07 ശതമാനം ആണ്. അവർക്കുകൂടി മെച്ചപ്പെട്ട ജീവിതം പ്രദാനം ചെയ്ത്, അതിദാരിദ്ര്യം പരിഹരിക്കുന്നതോടെ കേരളം മറ്റൊരു വികസന മാതൃക കൂടി സൃഷ്ടിക്കും. 2025 നവംബർ ഒന്നിനു മുമ്പ് കേരളത്തിലെ അതിദരിദ്രരെ സർക്കാർ മികച്ച നിലയിലാക്കും. ഇത്തരം സാമൂഹ്യ മുന്നേറ്റങ്ങളെയും ഭരണപരിഷ്കാരങ്ങളെയും വിലയിരുത്തിക്കൊണ്ടാണ് അടുത്തിടെ കേരളത്തിൽ സന്ദർശനം നടത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിന് കേരളം നൽകുന്ന മുന്തിയ പരിഗണനയിൽ സന്തോഷിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടത്. എല്‍ഡിഎഫ് തുടര്‍സർക്കാർ അധികാരത്തിലെത്തിയശേഷം സമഗ്രവും വൈവിധ്യ പൂർണവുമായ വികസന പദ്ധതികൾ പട്ടികജാതി-പട്ടിക വർഗ മേഖലകളിൽ നടപ്പാക്കി വരികയാണ്. ഭൂമി, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം എന്നിവയിൽ ഈ സമൂഹത്തെ കൈപിടിച്ചുയർത്താൻ സർക്കാരിന് സാധിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: സ്ത്രീ, ദളിത്, ന്യൂനപക്ഷങ്ങൾക്ക് തൊഴിലിൽ വിവേചനം


മനുസ്മൃതിയും വിചാരധാരയും അടിസ്ഥാന പ്രമാണങ്ങളായി കൊണ്ടുനടക്കുന്ന ചിതലരിച്ച ചിന്താഗതികളുടെ വക്താക്കളെ ഒരുകെെ അകലത്തിൽ നിർത്താൻ കേരളത്തിലെ സാമൂഹിക ബോധം എന്നും ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ അജണ്ടകൾക്ക് മുന്നിൽ കീഴടങ്ങാതെ പൊരുതുന്ന മലയാളികളോട് സംഘ്പരിവാറിന് ശത്രുതാമനോഭാവം നിലനിൽക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ പ്രസ്താവന ആ വിദ്വേഷത്തിന്റെ ബഹിർസ്ഫുരണമാണ്. ഇത്തരം നീക്കങ്ങളെ ചരിത്രബോധമുള്ള മലയാളി തള്ളിക്കളയുമെന്ന കാര്യത്തിൽ സംശയമില്ല.

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.