17 November 2024, Sunday
KSFE Galaxy Chits Banner 2

മഴ പെയ്യിക്കാനുള്ള പ്രാകൃതരീതികൾ

കുരീപ്പുഴ ശ്രീകുമാർ
വര്‍ത്തമാനം
July 6, 2023 4:45 am

മനുഷ്യനു കൃഷി അത്യാവശ്യമാണ്. കൃഷിക്ക് മഴയും അത്യാവശ്യമാണ്. നെല്ല്, ഗോതമ്പ്, ചോളം തുടങ്ങി വിശാലമായ പാടശേഖരങ്ങളിൽ കൃഷി ചെയ്യുന്ന കർഷകൻ ഭൂമിയെ എന്നപോലെ ആകാശത്തെയും നിരീക്ഷിക്കും. കാർമേഘങ്ങളെ കാളിദാസകൃതിയിലെന്നപോലെ പ്രതീക്ഷിക്കും. മഴപെയ്തില്ലെങ്കിലോ പിന്നെ മന്ത്രവാദവും പൂജയുമൊക്കെ ആരംഭിക്കുകയായി. വരുണനാണ് മഴയുടെയും കടലടക്കമുള്ള വൻ ജലസംഭരണികളുടെയും ഉടമസ്ഥൻ. അദ്ദേഹത്തെ പ്രീണിപ്പിച്ചാൽ മഴ പെയ്യും എന്നാണ് പഴമക്കാരുടെ ധാരണ. എന്നാൽ വരുണനെയും ഇന്ദ്രനെയുമൊക്കെ പ്രീണിപ്പിക്കാനായി യാഗമൊന്നും നടത്താതെ ആയുധമുപയോഗിച്ച് അമ്പാടിയിലെ വരൾച്ചയ്ക്ക് പരിഹാരം കണ്ട ബലരാമകഥയുമുണ്ട്. ജലസേചനം എന്ന കവിതയിൽ മഹാകവി വൈലോപ്പിള്ളി അതാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. പ്രകൃതിസമ്പത്തിന്റെ അധിപൻമാരായ ദൈവങ്ങൾ പരസ്പരം പിണങ്ങിയതിനാൽ അമ്പാടിയിൽ മഴയുണ്ടായില്ല. ദ്വാരകയിൽ നിന്നും വന്ന ബലഭദ്രനോട് ഗോപജനത പരാതിപറഞ്ഞു. പശുക്കൾ അംബേയെന്ന് വിളിക്കുന്നത്, കിടാവിനു പോലും കുടിക്കാനുള്ള പാൽ ചുരത്താൻ കഴിയാത്തതിലുള്ള ആവലാതിയാണ്. പശുവിന് തിന്നാൻ പുല്ലില്ല.


ഇതുകൂടി വായിക്കൂ;  പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നിര്‍ണായക വഴിത്തിരിവ്


 

കുഞ്ഞിക്കുരുവികളുടെ പാരവശ്യം പാടത്തു മാറ്റൊലിക്കൊള്ളുകയാണ്. എന്തുപരിഹാരം? ബലരാമൻ സ്മോളു കഴിച്ചുകൊണ്ട് ചിന്തിച്ചു. കുമിളപോലെ പരിഹാരമാർഗം പൊന്തിവന്നു. അമ്പാടിയിലൂടെ ഒഴുകാൻ കാളിന്ദിയോട് പോയിപ്പറഞ്ഞു. കള്ളിന്റെ തികട്ടലല്ലേ, കാളിന്ദി കണക്കാക്കിയില്ല. അദ്ദേഹം കലപ്പകൊണ്ടുവന്ന് കാളിന്ദിയെ അമ്പാടിയിലൂടെ വലിച്ചിഴച്ചു. കുറച്ചു നാളുകൾക്കകം ഗോവർധനത്താഴ്‌വരയിലെ ജീവിതം പച്ചപിടിച്ചു. ബലഭദ്രനെപ്പോലുള്ള വിഐപികളെ എല്ലാർക്കും കിട്ടില്ലല്ലോ. അവർ മറ്റുമാർഗങ്ങൾ ആലോചിച്ചു. ഉത്തർപ്രദേശിലെ ഗ്രാമീണർ പരിഹാരം കണ്ടത്, അർധരാത്രിയിൽ നഗ്നരായ സ്ത്രീകളെക്കൊണ്ട് പാടം ഉഴുതുമറിക്കണം എന്നാണ്. മറ്റ് ചില പ്രദേശങ്ങളിൽ തവളകളെ കല്ല്യാണം കഴിപ്പിച്ചു. മധുവിധുവിന്റെ ആഹ്ലാദത്തിൽ തവളകൾ ആനന്ദത്താൽ കരയുകയും ആ കരച്ചിൽ മഴയ്ക്ക് കാരണമാവുകയും ചെയ്യുമെന്നു അവർ കരുതി. ഇ വി രാമസ്വാമിയുടെ ജന്മനാടായ തമിഴകത്ത് മന്ത്രവും തന്ത്രവുമെല്ലാം കളയുകയും മേഘങ്ങളിൽ രാസവസ്തുക്കൾ വിതറി മഴപെയ്യിക്കുകയും ചെയ്തു. ഏറ്റവും ചെലവേറിയ വരൾച്ചാദുരിതനിവാരണ പദ്ധതിയാണ് യാഗം. ലക്ഷങ്ങളോ കോടികളോ ഒക്കെയാണ് ഒരു യാഗത്തിനായി ചെലവാക്കേണ്ടി വരുന്നത്. യാഗാവസാനം മഴപെയ്യുമത്രേ. മഴ പെയ്യാൻ സാധ്യതയുള്ള കേരളം, വടക്കുകിഴക്കൻ പ്രദേശങ്ങൾ, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളാണ് അടിസ്ഥാനരഹിതമായ ഈ പദ്ധതിക്കു തിരഞ്ഞെടുക്കാറുള്ളത്. മഴ പെയ്യാനായി രാജസ്ഥാനിലാരും യാഗം നടത്താറില്ല.

 


ഇതുകൂടി വായിക്കൂ; മഴക്കെടുതിയില്‍ ജാഗ്രത പുലര്‍ത്തുക


മഴ പെയ്യിക്കാനായി പ്രബുദ്ധകേരളത്തിലെ പ്രബുദ്ധപാലക്കാട്ടെ പ്രബുദ്ധകോട്ടായിയിൽ നടന്ന ഒരു പ്രകടനമാണ് ഈയിടെ പൊട്ടിച്ചിരിപ്പിച്ചത്. അതെ, പ്രസിദ്ധരായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ഗുരു കുഞ്ചുക്കുറുപ്പിന്റെയും കവി രാജിടീച്ചറുടെയും മറ്റും സ്വന്തം നാട്ടിൽ. ഇടതുഭരണമുള്ള പഞ്ചായത്തിലാണ് ഫോക്‌ലോറിൽപ്പെടുത്തേണ്ടുന്ന രസകരമായ ഈ സംഭവം നടന്നത്. വൈക്കോലും കമ്പും കൊണ്ട് ഒരു മനുഷ്യരൂപം കെട്ടിയുണ്ടാക്കി വസ്ത്രങ്ങളണിയിക്കുക. അത് കൊടുംപാപിയാണ്. കൊടുംപാപിയെ ഒരു ശവമഞ്ചത്തിൽ കിടത്തി. നാട്ടുകാർ നെഞ്ചത്തടിച്ചു നിലവിളിച്ചുകൊണ്ട് ആ ശവമഞ്ചം പ്രദേശമാകെ വലിച്ചുകൊണ്ടു നടന്നു. സ്ത്രീവേഷം കെട്ടിയ ഒരാളാണ് ഈ വിലാപയാത്രയ്ക്ക് നേതൃത്വം നല്കിയത്. കുറേ ആളുകൾ കൂട്ടനിലവിളിയുമായി ഒപ്പം നടന്നു. ഉപ്പിലി, അയറോട്, കരിയങ്കോട് തുടങ്ങിയ പ്രദേശങ്ങളിലുള്ള മൂന്നു പാടശേഖരസമിതിക്കാരാണ് ഇത് സംഘടിപ്പിച്ചത്. രണ്ടു ദിവസം കൊടുംപാപിയെ വലിച്ചിഴച്ച് നടന്നു. മൂന്നാം ദിവസം ചേന്നങ്കാട് വച്ച് കത്തിച്ചു. തുടര്‍ന്ന് ഗംഭീരമായ സദ്യയും നടത്തി. കൊടുംപാപിദഹനം മഴപെയ്യാൻ കാരണമായില്ലെങ്കിലും കേരളത്തിന്റെ ഫോക്‌ലോർ പുസ്തകത്തിലേക്ക് ഒരു അധ്യയം സംഭാവനചെയ്യാൻ ഇതിന് കഴിഞ്ഞു. ചെയ്തവർക്ക് ഇത് ഫോക്‌ലോർ ആണെന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ലെന്നെയുള്ളൂ. പൊറാട്ട് നാടകവും കൊങ്ങൻ പടയും കണ്യാർ കളിയും വേലയും കാളയും ശിങ്കാരിയും ഒക്കെ ഫോക് ലോർ ആണെങ്കിൽ ഇതും ഫോക്‌ലോറിൽ പെടും. പക്ഷേ പ്രശ്നം അതല്ല. പാടശേഖരസമിതിക്കാർ, മഴപെയ്യുമെന്ന വിശ്വാസത്തിൽ തന്നെയാണ് ഈ ശവഘോഷയാത്ര നടത്തിയത്! ആ വിശ്വാസത്തെയാണ് പ്രബുദ്ധകേരളം അന്ധവിശ്വാസമെന്ന് വിളിക്കുന്നത്. അത്തരം അബദ്ധധാരണകളെയാണ് ആലത്തൂർ ആസ്ഥാനമാക്കി പ്രവർത്തിച്ച ബ്രഹ്മാനന്ദശിവയോഗിയും നിർമ്മലാനന്ദ യോഗിയും മറ്റും തള്ളിപ്പറഞ്ഞതെന്നും നമ്മൾ ഓർക്കേണ്ടതുണ്ട്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.