പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം നൽകുന്നതിന് മുഖ്യപരിഗണന നൽകുമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കണ്ണൂർ താണയിൽ പട്ടികജാതി വികസന വകുപ്പിൻറെ കീഴിലെ ബോയ്സ് പോസ്റ്റ്മെട്രിക് ഹോസ്റ്റലിനായി പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ കാലത്ത് ഡിജിറ്റൽ സാക്ഷരത അനിവാര്യമാണ്. ആധുനിക സാങ്കേതിക വിദ്യകൾ ഗുണകരമായ മാറ്റത്തിനു ഉപയോഗപ്പെടുത്തണം. പൈലറ്റ്, ന്യൂജനറേഷൻ കോഴ്സുകൾ, വിദേശ സർവകലാ ശാലകൾ, നഴ്സിങ്, എയർഹോസ്റ്റേഴ്സ്, സിവിൽ സർവീസ് എന്നിവയിലേക്കെല്ലാം പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികളെ സർക്കാർ പഠനത്തിനായി അയക്കുന്നുണ്ട്. 286 വിദ്യാർഥികളെയാണ് വിദേശ സർവകലാശാലയിലേക്ക് പഠനത്തിനായി അയച്ചത്. 40 കുട്ടികളെ സിവിൽ സർവീസിലേക്ക് വിട്ടു. ആറു വിദ്യാർഥികളെ പൈലറ്റാവാനും 150 കുട്ടികളെ എയർഹോസ്റ്റസ് ആവാനും ഇതുവരെ വിട്ടെന്ന് മന്ത്രി പറഞ്ഞു. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് വിദ്യാഭ്യാസ രീതിയിലും മാറ്റം വേണം. ഏതൊരു സമൂഹത്തിൻറെയും മാറ്റത്തിന് അനിവാര്യം വിദ്യാഭ്യാസമാണ്. പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ സൗകര്യങ്ങൾ ഒരുക്കുന്നതോടെ പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് കൂടതൽ കുട്ടികൾ ഉന്നത വിദ്യാഭ്യാ സത്തിന് കടന്നുവരുന്നുണ്ട്. അവർക്കുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും സർക്കാർ ഒരുക്കും.
പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നൽകുന്ന ഫണ്ട് കാര്യക്ഷമമായി വിനിയോഗക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അവരുടെ ഉന്നമനത്തിനായി പിന്നോക്ക വിഭാഗത്തിലെ 500 അക്രഡിറ്റഡ് എൻജിനിയർമാരെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അയച്ചിട്ടുള്ളത്. പതിനാലാം പഞ്ചവത്സര പദ്ധതി കഴിയുമ്പോൾ അതിദരിദ്രരും വിശപ്പുമില്ലാത്ത രാജ്യത്തെ ഏക സംസ്ഥാനമായി കേരളം മാറും. അതിദരിദ്രരായ 64,000 കുടുംബങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവരെ അതിൽനിന്ന് മോചിപ്പിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കിക്കഴിഞ്ഞു.
പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം അവർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാവണം. ആനുകൂല്യങ്ങളും അവസരവും കിട്ടുന്നവർ അത് കൃത്യമായി വിനിയോഗിക്കാൻ തയ്യാറാവണം. ആശ്രിതത്വത്തിലേക്ക് തള്ളിവിടുകയല്ല സ്വയം പര്യാപ്‌തത കൈവരിക്കുകയാണ് വേണ്ടതെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ജില്ലയിലെ ഏക പോസ്റ്റ് മെട്രിക് ഹോസ്റ്റലാണ് താണയിലേത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബിരുദം, ബിരുദാന്തര ബിരുദം, മറ്റു ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് പോകുന്ന പട്ടിക ജാതി വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്കായാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്.
നേരത്തെയുള്ള കെട്ടിടം കാലപ്പഴക്കം കാരണം പഴകിയതോടെ രാമചന്ദ്രന്‍കടന്നപ്പള്ളി എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് പുതിയ കെട്ടിടത്തിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപ അനുവദിക്കുകയായിരുന്നു.പുതിയ കെട്ടിടത്തില്‍ മൂന്നു നിലകളിലായി കിടപ്പു മുറികള്‍, വിനോദം, വായന, രോഗ ശുശ്രൂഷ എന്നിവക്കുള്ള സ്ഥലം, വാര്‍ഡനും സന്ദര്‍ശകര്‍ക്കുമുള്ള മുറികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. വിശാലമായ പാര്‍ക്കിംഗ് സ്ഥലം, ഭക്ഷണശാല, അടുക്കള എന്നിവയും സജീകരിച്ചിട്ടുണ്ട്.
പുതിയ ഹോസ്റ്റലില്‍ 60 പേര്‍ക്ക് താമസിക്കാനാകും. താമസവും ഭക്ഷണവും സൗജന്യമാണ്.ഭാവിയില്‍ സോളാര്‍ പാനല്‍, ലിഫ്റ്റ് എന്നിവ സ്ഥാപിക്കാനുള്ള സൗകര്യവുമുണ്ട്. കണ്ണൂരിന് പുറമെ മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, വയനാട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഈ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്.ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു
English Summary:
Priority will be given to digital education for scheduled category students: Minister K Radhakrishnan
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.