നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ കോര്‍പ്പറേറ്റ്- സ്വകാര്യ മേഖല്ക്ക് അടിയറവ് പറയുന്ന നയങ്ങള്‍ തുടരുന്നു. പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യ വല്‍ക്കരിക്കാനാണ് നീക്കം. അതിനുള്ള തീരുമനം എടുത്തു. രണ്ടു ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട ബില്ല് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. നവംബര്‍ 29 മുതലാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത്.
ബാങ്കിങ് ലോസ് (അമന്റ്‌മെന്റ്) ബില്ല് 2021 എന്ന പേരിലാണ് ബില്ല് അവതരിപ്പിക്കുക. 26 ബില്ലുകളാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ ബാങ്കിങ് കമ്പനീസ് ആക്ട്, ബാങ്കിങ് റെഗുലേഷന്‍ ആക്ട് എന്നിവയില്‍ ഭേദഗതി ആവശ്യമാണ്. ഇതെല്ലാം ഉള്‍പ്പെടുന്ന ബില്ലായിരിക്കും അവതരിപ്പിക്കുക. രണ്ടു പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് കഴിഞ്ഞ ബജറ്റ് അവതരിപ്പിക്കവെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.
ഇതുവഴി 1.75 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന് പുറമെ, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (ഭേദഗതി) ബില്ലും അവതരിപ്പിക്കും. പെന്‍ഷന്‍ ഫണ്ട് അതോറിറ്റിയില്‍ നിന്ന് നാഷനല്‍ പെന്‍ഷന്‍ സിസ്റ്റം ട്രസ്റ്റിനെ വേര്‍ത്തിരിക്കുന്നതാകും ഈ ബില്ല്. 2020ലെ ബജറ്റില്‍ സൂചിപ്പിച്ച കാര്യമാണിത്. അതേസമയം, ഏറെ ചര്‍ച്ചയാകുന്ന മറ്റൊരു ബില്ല് ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയില്‍ എല്ലാവിധ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളും നിരോധിക്കുന്നതാകും പുതിയ ബില്ല് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം ഇടിഞ്ഞു. ചില ഡിജിറ്റല്‍ കറന്‍സികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് സാധ്യത എന്നും കേള്‍ക്കുന്നു. ആര്‍ബിഐയുടെ കര്‍ശന നിയന്ത്രണങ്ങള്‍ ഇക്കാര്യത്തില്‍ നടപ്പാക്കുമെന്നാണ് വിവരം. വാര്‍ത്തകള്‍ക്ക് പിന്നാലെ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം ഇടിഞ്ഞു. 15 ശതമാനമാണ് ഇടിഞ്ഞത്. പ്രധാന ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന് വലിയ തകര്‍ച്ച നേരിട്ടു. 18 ശതമാനമാണ് ബിറ്റ്‌കോയിന്റെ തകര്‍ച്ച. എതിറിയം 15 ശതമാവനും ടെതര്‍ 17 ശതമാവനും തകര്‍ന്നു.
ക്രിപ്‌റ്റോകറന്‍സി റഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്ല് 2021 എന്ന പേരിലാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുക. ലോക്‌സഭ പാസാക്കിയാല്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമമാകും. ക്രിപ്‌റ്റോകറന്‍സികളുടെ കാര്യത്തില്‍ കാര്യമായ എതിര്‍പ്പ് ഒരു പാര്‍ട്ടികളില്‍ നിന്നും ഉയരാന്‍ സാധ്യതയില്ല. അതേസമയം, ഇന്ത്യയുടെ പുതിയ ഡിജിറ്റല്‍ കറന്‍സി വരാനുള്ള സാധ്യതയും കല്‍പ്പിക്കപ്പെടുന്നു. ആര്‍ബിഐയുടെ നിയന്ത്രണത്തിലാകുമിത്. സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കണമെന്ന് പല കോണില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പല വിദേശരാജ്യങ്ങളും ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിക്കുന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് വൈമനസ്യത്തിന് കാരണമായിരുന്നത്.
English Summary:Privatizes two public sector banks; Bill in the Winter Session of Parliament
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.