
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശീയ ഉന്മൂലനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ചടങ്ങ് അലങ്കോലമാക്കി ഹിന്ദുത്വ പ്രവര്‍ത്തകര്‍. നെഹ്രു പ്ലേസിന് മുന്നില്‍ ഹര്‍ഷ് മന്ദര്‍ അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും നടത്തിയ സമാധാനപരമായ പ്രതിഷേധമാണ് ഒരു സംഘം ഹിന്ദുത്വപ്രവര്‍ത്തകര്‍ അലങ്കോലമാക്കിയത്. പ്രകടനം നടത്തിയവര്‍ക്ക് നേരെ ചെളി വാരിയെറിഞ്ഞും ‘ജയ് ശ്രീറാം’, ‘ഹര്‍ഹര്‍ മഹാദേവ്’, ‘വന്ദേമാതരം’ മുദ്രാവാക്യങ്ങള്‍ വിളിച്ചും തടയുകയായിരുന്നു. പൊലീസ് നോക്കി നില്‍ക്കെയാണ് അക്രമികള്‍ അതിക്രമം നടത്തിയത്. “നിങ്ങള്‍ക്ക് പ്രതിഷേധിക്കണമെങ്കില്‍ പലസ്തീനില്‍ പോയി പ്രതിഷേധിക്കൂ” എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. “ഞങ്ങൾ ഒരു മുദ്രാവാക്യവും ഉയർത്തിയില്ല, സമാധാനപരമായി പ്രതിഷേധിക്കാൻ തുടങ്ങി. എന്നിട്ടും ഞങ്ങളെ തടഞ്ഞു. ഗാസയിലെ വംശഹത്യയെ എതിർക്കാനും വെടിനിർത്തൽ ആവശ്യപ്പെടാനും മാത്രമല്ല, ഇന്ത്യൻ സർക്കാരിന്റെ പങ്കാളിത്തം ആവശ്യപ്പെടാനുമാണ് ഞങ്ങൾ ഇവിടെയെത്തിയത്”. പ്രകടനത്തിൽ പങ്കെടുത്ത സാമ്പത്തിക ശാസ്ത്രജ്ഞനും സാമൂഹിക പ്രവർത്തകനുമായ ജീൻ ഡ്രെസ് പറഞ്ഞു.
സാങ്കേതികവിദ്യ, പ്രത്യേകിച്ച് പ്രതിരോധം, നിരീക്ഷണ സാങ്കേതികവിദ്യ എന്നിവയ്ക്കായി ഇസ്രയേലിനെ ആശ്രയിക്കുന്നതിനാലാണ് കേന്ദ്ര സർക്കാർ അവരോടൊപ്പം നിൽക്കുന്നത്. ഇസ്രയേലുമായി നിരവധി വാണിജ്യ ബന്ധങ്ങളുണ്ട്. പലസ്തീനികൾ ശക്തിയില്ലാത്തവരാണ്. അവർക്ക് ഒന്നും വാഗ്ദാനം ചെയ്യാനില്ല, അതിനാൽ സ്വാഭാവികമായും ഇന്ത്യൻ സർക്കാർ ഇസ്രയേലിന്റെ പക്ഷം ചേരുകയാണ്. പക്ഷേ ഞങ്ങൾ പലസ്തീൻ ജനതയോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ പ്രതിഷേധം വിലക്കി ഡല്‍ഹി പൊലീസും രംഗത്ത് വന്നു. എച്ച്പി കമ്പ്യൂട്ടര്‍ സ്റ്റോറിന് മുന്നില്‍ പ്രതിഷേധിക്കാന്‍ അനുമതിയില്ല എന്ന വാദമാണ് പൊലീസ് ഉയര്‍ത്തിയത്. പൊലീസിന്റെ ഇരട്ടത്താപ്പിനെ ഹര്‍ഷ് മന്ദര്‍ വിമര്‍ശിച്ചു. രാജ്യത്തെ സാധാരണ പൗരന്‍മാരുടെ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇസ്രയേല്‍ പക്ഷപാതം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനപരമായി നടത്തിയ ചടങ്ങ് ജയ് ശ്രീറാം വിളിച്ചും ചെളി വാരിയെറിഞ്ഞും അലങ്കോലമാക്കിയ ഹൈന്ദവ പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.