11 January 2026, Sunday

Related news

January 7, 2026
January 6, 2026
December 17, 2025
December 11, 2025
November 26, 2025
October 28, 2025
October 6, 2025
September 15, 2025
August 28, 2025
August 21, 2025

1200 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ നടപടികള്‍ ആരംഭിച്ചു: മന്ത്രി കെ രാജന്‍

Janayugom Webdesk
കല്‍പറ്റ
October 12, 2024 9:11 am

ജില്ലയിലെ വനത്തിനുള്ളിൽ നൂൽപ്പുഴ, നെന്മേനി, പൂതാടി, തിരുനെലി പഞ്ചായത്തുകളിലായി കുടിയിരുത്തിയിരുന്ന 1200-ഓളം കുടുംബങ്ങൾക്ക് പട്ടയം അടക്കമുള്ള രേഖകളും മറ്റ് ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. വിഷയം പ്രത്യേകമായി പരിശോധിക്കാന്‍ വനം, റവന്യൂ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒരു യോഗം താമസിയാതെ ചേരുമെന്നും ഐ സി ബാലകൃഷ്ണൻ്റെ സബ്‌മിഷന് മറുപടിയായി റവന്യൂ മന്ത്രി പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധകാലത്തെ അതി രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ ‘ഗ്രോ മോർ ഫുഡ്’ പദ്ധതിയുടെ ഭാഗമായി 1882‑ലെ മദ്രാസ് ഫോറസ്റ്റ് ആക്ട് പ്രകാരം അപേക്ഷയുടെ അടിസ്ഥാനത്തിൽ ലീസ് വ്യവസ്ഥയിൽ കൃഷി ചെയ്യുന്നതിനാണ് ഇവിടങ്ങളിൽ വനഭൂമി പാട്ടത്തിന് അനുവദിച്ചിരുന്നത്. കൃഷി ആവശ്യത്തിന് മാത്രമായ ഇത്തരം പാട്ട ഭൂമിയിൽ പാട്ടക്കാരന് ക്രയവിക്രയാവകാശം ഇല്ലാത്തതും മറ്റാർക്കും പിന്തുടർച്ചാവകാശമില്ലാത്തതുമാണ്. സുൽത്താൻ ബത്തേരി ഡിവിഷന് കീഴിൽ വയനാട് വന്യജീവി സങ്കേതത്തിലെ എടത്തന, കല്ലൂർ, കാട്ടിക്കുളം, കദ്രക്കോട്, കുപ്പാടി, കുറിച്യാട്, മാവിൻഹള്ള, നെന്മിയാട്, നൂൽപ്പുഴ, രാംപൂർ എന്നീ റിസർവുകളിൽപ്പെട്ട 385.8963 ഹെക്ടർ ഭൂമിയാണ് ഗ്രോ മോർ ഫുഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നല്കിയിരുന്നത്. ഈ ഭൂമിയിൽ 2003 കാലഘട്ടം വരെ പാട്ടം പുതുക്കി നല്കിയിട്ടുളളതായി ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഉണ്ട്. എന്നാൽ ഈ ഭൂമി വയനാട് വൈൽഡ് ലൈഫ് ഡിവിഷന്റെ മാനേജ്‌മന്റ് പ്ലാനിൽ ഉൾപ്പെട്ടിട്ടുള്ളതും റവന്യൂ രേഖകളിൽ ഇത് ‘വനഭൂമി’ എന്ന് പരാമർശിക്കപ്പെട്ടിട്ടുള്ളതുമാണ്.

ഇത്തരത്തിൽ വനഭൂമി പാട്ട വ്യവസ്ഥയിൽ ലഭിച്ച് ഇപ്പോഴും കൈവശം വച്ചു വരുന്ന കർഷകരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമായി വനം-റവന്യൂ വകുപ്പുകളുടെ പ്രത്യേക സംഘത്തെ നിയോഗിച്ച വിവരശേഖരണം നടത്തി വരികയാണ്. ഇത്തരത്തിലുള്ള വിവര ശേഖരണം പൂർത്തിയായാൽ മാത്രമേ കൈവശക്കാരുടേയും കൈവശ വിസ്തീർണത്തിന്റെയും പൂർണമായ വിശദാംശങ്ങൾ ലഭ്യമാവു എന്ന് മന്ത്രി പറഞ്ഞു. 1882‑ലെ മദ്രാസ് ഫോറസ്റ്റ് ആക്ടിന്റ് സെക്‌ഷൻ 21 പ്രകാരം നിശ്ചയിക്കപ്പെട്ട ഫീസ് ഈടാക്കിക്കൊണ്ട് നിഷ്‌കർഷിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരം കാർഷിക വിളകൾ കൃഷി ചെയ്യുന്നതിനാണ് കൃഷിക്കാർക്ക് പെർമിറ്റ്/ഗ്രാന്റ് അനുവദിച്ചിരുന്നത്. പെർമിറ്റ് 2023–2024 വരെ കർഷകർക്ക് പുതുക്കി നല്കിയിരുന്നതും ഫീ തുക വനം വകുപ്പ് 2023–2024 വരെ കർഷകരിൽ നിന്നും ഈടാക്കിയിട്ടുണ്ട്.

എന്നാൽ വനം വകുപ്പ് പാട്ടത്തിന് നൽകിയിട്ടുള്ള ഭൂമിയുടെ അതിർത്തികൾ നിർണയിച്ചിട്ടില്ല. ഫോറസ്റ്റ് ലീസ് ഭൂമികൾ മൈനർ സർക്ക്യൂട്ട് ആയി സർവ്വെ ചെയ്തിട്ടുള്ളതിനാൽ മേൽപ്പറഞ്ഞ കൈവശങ്ങൾക്ക് പ്രത്യേകമായി റീസർവേ സബ് ഡിവിഷനുകൾ ഇല്ലാത്തതാണ്. സുൽത്താൻ ബത്തേരി താലൂക്കിലെ നൂൽപ്പുഴ, കിടങ്ങനാട്, പുൽപ്പള്ളി, നടവയൽ വില്ലേജുകളിലായിട്ടുള്ള 732 കൈവശ ഭൂമികളും മേൽപ്പറഞ്ഞ ഭൂമിയിൽ ഉൾപ്പെടുന്നു. മാനന്തവാടി താലൂക്കിൽ 115-ഓളം കുടുംബങ്ങൾ (തിരുനെല്ലി വില്ലേജിൽ സർവ്വേ നമ്പർ 402, 450 എന്നിവയിൽപ്പെട്ട ഭൂമിയിലും തൃശ്ശിലേരി വില്ലേജിൽ സർവേ നമ്പർ 568‑ൽ ഉൾപ്പെട്ട ഭൂമിയിലും) ഫോറസ്റ്റ് ലീസ് ഭൂമിയിൽ കൃഷി ചെയ്തും കൈവശം വച്ചും താമസിച്ചു് വരുന്നു. ഈ താലൂക്ക് പരിധിയിലെ ഫോറസ്റ്റ് ലീസ് ഭൂമികളുടെ വിവര ശേഖരണ നടപടികൾ പൂർത്തിയായിട്ടില്ല. ഈ വിഷയത്തില്‍ റവന്യൂ വകുപ്പിന് മാത്രമായി ഒരു തീരുമാനം കൈകൊള്ളാനാവില്ല.

ഈ ഭൂമി രണ്ടാം ലോക മഹായുദ്ധ കാലത്തെ അതിരൂക്ഷമായ ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനായി 1996 ഡിസംബർ 12‑ന് മുൻപ് വനേതര ആവശ്യങ്ങൾക്കായി പരിവർത്തനപ്പെടുത്തിയിട്ടുള്ളതിനാൽ ഈ വിഷയം സംസ്ഥാനതല വിദഗ്ധ സമിതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി രാജൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.