അദ്ധ്യാപകനും നാടകാചാര്യനും സാഹിത്യചരിത്രകാരനും നിരൂപകനുമായിരുന്ന പ്രൊഫ.എന്‍.കൃഷ്‌ണപിള്ളയുടെ നൂറ്റിയേഴാം ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രൊഫ.എന്‍.കൃഷ്‌ണപിള്ള ഫൗണ്ടേഷന്‍ കലോത്സവം സംഘടിപ്പിക്കുന്നു.ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ സഹകരണത്തോടെ 19 മുതല്‍ 22 വരെ നന്താവനത്തുള്ള ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തിലാണ് കലോത്സവം. 19നു വൈകുന്നേരം 5.30നു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ഗതാഗതവകുപ്പുമന്ത്രി ആന്റണി രാജു കലോത്സവം ഉദ്‌ഘാടനം ചെയ്യും. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയുടെ എംഎല്‍എ ഫണ്ടില്‍നിന്നനുവദിച്ച തുക വിനിയോഗിച്ചു സജ്ജീകരിച്ച മലയാളഭാഷാലാബിന്റെ ഉദ്‌ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.
എഴുത്തച്ഛന്‍ ഹാളും ഫൗണ്ടേഷന്റെ മുപ്പത്തിനാലാം വാര്‍ഷികാഘോഷവും ശ്രീകുമാരന്‍ തമ്പി ഉദ്‌ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ രചിച്ച അഞ്ചു ഗ്രന്ഥങ്ങള്‍ ശ്രീകുമാരൻ തമ്പി പ്രകാശിപ്പിക്കും. സാംസ്‌കാരികവകുപ്പു ഡയറക്‌ടര്‍ എന്‍ മായ പുസ്‌തകങ്ങള്‍ സ്വീകരിക്കും. ആകാശവാണി പ്രോഗ്രാം മേധാവി വി.ശിവകുമാര്‍ ഭദ്രദീപം തെളിക്കും. ഡോ എഴുമറ്റൂര്‍ രാജരാജവര്‍മ്മ, ജി ശ്രീറാം, ഡോ വിനീത് വി എസ്, എസ്. ഹനീഫ റാവുത്തര്‍, ജി വിജയകുമാര്‍, ബി സനില്‍കുമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും.
ക്ഷേത്രകലാപീഠം ശ്രീവരാഹം വിഷ്‌ണുവും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. സമ്മേളനാനന്തരം ആനാട് കലാബോധിനി കഥകളി വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ നളചരിതം രണ്ടാംദിവസം- കാട്ടാളനും ദമയന്തിയും മേജര്‍ സെറ്റ് കഥകളി അരങ്ങേറും. പിരപ്പന്‍കോട് അശോകന്‍ ആമുഖഭാഷണം നിര്‍വ്വഹിക്കും.
രണ്ടാം ദിവസം ബുധനാഴ്‌ച രാവിലെ 10.30ന് എസ്.ഗോപിനാഥിന്റെ അദ്ധ്യക്ഷതയില്‍ചേരുന്ന സമ്മേളനത്തില്‍ പ്രൊഫ.എന്‍ കൃഷ്‌ണപിള്ളസ്‌മാരകഗ്രന്ഥശാല‑പഠനഗവേഷണകേന്ദ്രത്തിന്റെ പതിനേഴാം വാര്‍ഷികവും സാഹിതീസഖ്യത്തിന്റെ പതിമൂന്നാം വാര്‍ഷികവും ഡോ.കവടിയാര്‍ രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യുകയും സാഹിതീസഖ്യം അംഗങ്ങളുടെ പത്തു പുസ്‌തകങ്ങള്‍ പ്രകാശിപ്പിക്കുകയും ചെയ്യും. ടി പി ശാസ്‌തമംഗലം പുസ്‌തകങ്ങള്‍ സ്വീകരിക്കും. കാരയ്‌ക്കാമണ്ഡപം വിജയകുമാര്‍,തിരുമല ശിവന്‍കുട്ടി, പൂവത്തൂര്‍ സദാശിവന്‍, ശ്രീജി, ശില്‍പ്പ എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. തുടര്‍ന്ന് സാഹിതീസഖ്യാംഗങ്ങള്‍ പങ്കെടുക്കുന്ന കവിയരങ്ങ് ഉണ്ടായിരിക്കും. ഉച്ചയ്‌ക്കുശേഷം കരാക്കെ ഗാനമേള, കാവ്യപൂജ, അക്ഷരശ്ലോകസദസ്സ്, 7ന് കാര്യവട്ടം ശ്രീകണ്‌ഠന്‍ നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഒരു സീരിയല്‍ ദുരന്തം എന്ന നാടകം അരങ്ങേറും.
മൂന്നാം ദിവസം വ്യാഴാഴ്‌ച രാവിലെ 10.30ന് നന്ദനം ബാലവേദിയുടെ പതിനാറാം വാര്‍ഷികവും കുട്ടികളുടെ വിവിധ കലാപരിപാടികളും മണക്കാട് ഗോപന്‍ ഉദ്‌ഘാടനം ചെയ്യും. അനില്‍ നെടുങ്ങോട്, സാവിത്രീദേവി എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് ഇറയാംകോട് വിക്രമന്‍ അവതരിപ്പിക്കുന്ന ‘ഭക്രാ-നംഗല്‍’ കഥാപ്രസംഗവും റസല്‍ സബര്‍മതി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘മാനിഷാദ’ നാടകവും ഉണ്ടായിരിക്കും. ഉച്ച കഴിഞ്ഞ് വനിതാവേദിയുടെ ഒന്നാംവാര്‍ഷികവും ഗാനാര്‍ച്ചനയും നൃത്തശില്‍പ്പവും ഡോ.സി. ഉദയകല ഉദ്‌ഘാടനം ചെയ്യും. 4ന് അച്യുത് ശങ്കര്‍ എസ്.നായരുടെ സംഗീതസല്ലാപം, 6ന് വി.ആനന്ദക്കുട്ടന്റെ പത്തുമുതല്‍ നാലുവരെ എന്ന നാടകം അനില്‍ പാപ്പാടിയുടെ സംവിധാനത്തില്‍ കാലടി സാന്ദീപനി സേവാ ട്രസ്റ്റിലെ ബാലവേദി അവതരിപ്പിക്കും. 7ന് താമരക്കുടി ഹരികുമാറിന്റെ സംവിധാനത്തില്‍ താമരക്കുടി പ്രണവം തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന ചന്ദ്രക്കലാധരന്‍ കാക്കാരിശ്ശി നാടകം അരങ്ങേറും.
നാലാം ദിവസം വെള്ളിയാഴ്‌ച രാവിലെ 10.30ന് ‘എന്‍.കൃഷ്‌ണപിള്ളയുടെ സ്‌ത്രീകഥാപാത്രങ്ങള്‍’ എന്ന വിഷയത്തിലുള്ള നാടകസെമിനാര്‍ ഡോ.ജോര്‍ജ് ഓണക്കൂര്‍ ഉദ്‌ഘാടനം ചെയ്യും. എസ്.രാധാകൃഷ്‌ണന്‍, ഡോ.എം.എന്‍. രാജന്‍, ഡോ.സി. ഉദയകല, ഡോ.വി.എസ്. വിനീത്, ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അനന്തപുരം രവി, ശ്രീരാജ് ആര്‍.എസ് എന്നിവര്‍ സംബന്ധിക്കും. ഉച്ചയ്‌ക്കുശേഷം 2ന് കലാംഗന്‍ സെന്റര്‍ ഫോര്‍ മ്യൂസിക് ആന്റ് ആര്‍ട്ടിന്റെ നേതൃത്വത്തില്‍ നൃത്തനൃത്യങ്ങള്‍ അരങ്ങേറും. തുടര്‍ന്ന് കളത്തട്ട് സംഘത്തിന്റെ തിരുവാതിരയും സാഹിതീസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ എന്‍.കൃഷ്‌ണപിള്ളയുടെ ‘മുടക്കുമുതല്‍’ നാടകപാരായണവും ഉണ്ടായിരിക്കും. 5.30ന് പന്ന്യന്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ധനകാര്യവകുപ്പുമന്ത്രി ബാലഗോപാല്‍ ജന്മവാര്‍ഷികദിനസമ്മേളനം ഉദ്‌ഘാടനം ചെയ്യും. ശ്രീകുമാര്‍ മുഖത്തല, എന്‍.കൃഷ്‌ണപിള്ള അനുസ്‌മരണപ്രഭാഷണം നിര്‍വ്വഹിക്കും. എന്‍.കൃഷ്‌ണപിള്ള നാടകവേദിയുടെ പതിനാറാം വാര്‍ഷികം ഡോ.അംബി ഉദ്‌ഘാടനം ചെയ്യും. ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ, ലീലാ പണിക്കര്‍, ഇറയാംകോട് വിക്രമന്‍, ഡോ.ബി.വി. സത്യനാരായണ ഭട്ട് എന്നിവര്‍ സംബന്ധിക്കും. സമ്മേളനാനന്തരം എന്‍.കൃഷ്‌ണപിള്ളയുടെ അഴിമുഖത്തേക്ക് എന്ന നാടകം അനന്തപുരം രവിയുടെ സംവിധാനത്തില്‍ എന്‍.കൃഷ്‌ണപിള്ള നാടകവേദി അവതരിപ്പിക്കും.
കലോത്സവപരിപാടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.പത്രസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, സെക്രട്ടറി ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീരാജ് ആര്‍.എസ്. എന്നിവര്‍ സംബന്ധിച്ചു.
English Summary:
Prof N.Krishnapilla Arts Festival 2023 will start on 19th
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.