മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റപ്പുലികൂടി ചത്തതോടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രോജക്ട് ചീറ്റ വീണ്ടും വിവാദത്തിലാകുന്നു. അഞ്ച് മാസം പ്രായമുള്ള ഒരു ചീറ്റ കുഞ്ഞാണ് ഇന്ന് ചത്തത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും നമീബയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റകളില്‍ ഒന്നായ ഗമിനിയുടെ ആറ് ചീറ്റകുഞ്ഞുങ്ങളില്‍ ഒന്നാണ് ചത്തത്. നട്ടെല്ലിന് പരിക്കേറ്റ് ശരീരം ഉയർത്താൻ പറ്റാത്ത നിലയിൽ ചീറ്റക്കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സ നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ചീറ്റ കുഞ്ഞിന് എങ്ങനെയാണ് മുറിവ് പറ്റിയതെന്നുള്ള വിവരം കുനോഅധികൃതര്‍ അറിയിക്കുമെന്ന് ഫോറസ്റ്റ് കൻസര്‍വേറ്റര്‍ ചീഫ് സുഭരഞ്ജൻ സെൻ പറഞ്ഞു.
ജുണില്‍ ഒരു ചീറ്റ കുഞ്ഞ് ചത്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ആഫ്രിക്കയില്‍ നിന്നും 20 ചീറ്റകളെ കുനോയില്‍ എത്തിച്ചത്. ഇതില്‍ അഞ്ച് ചീറ്റകുഞ്ഞുങ്ങള്‍ പിന്നീട് ചത്തിരുന്നു. നിലവില്‍ 13 ചീറ്റകളും 12 കുഞ്ഞുങ്ങളുമാണ് കുനോയില്‍ ഉള്ളത്. ഏറെ കൊട്ടിഘോഷിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനത്തില്‍ രാജ്യത്ത് ചീറ്റപ്പുലികളെ എത്തിച്ചത്. എത്തിച്ച ചീറ്റകളില്‍ ഒമ്പതെണ്ണം കഴിഞ്ഞ ഓഗസ്റ്റിനുള്ളില്‍ത്തന്നെ ചത്തിരുന്നു.
70 വര്‍ഷം മുൻപ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും ഇന്ത്യയില്‍ പുനരുജ്ജീവിപ്പിക്കുക എന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി ആരംഭിച്ചത്. അതേസമയം വൻ ചെലവുണ്ടാക്കി എത്തിച്ച ചീറ്റകളില്‍ ഭൂരിഭാഗവും ചത്തത് പോഷകാഹാരക്കുറവുമൂലമാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യയിലെ കാലാവസ്ഥയോട് പൊരുത്തപ്പെടാനും പോഷകാഹാരക്കുറവുമെല്ലാം ചീറ്റകളുടെ മരണനിരക്ക് വര്‍ധിക്കാൻ കാരണമാകുമെന്ന് നേരത്തെതന്നെ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അധികൃതര്‍ കാര്യമാക്കിയിരുന്നില്ലെന്ന് ആക്ടിവിസ്റ്റുകള്‍ ആശങ്കപ്പെട്ടിരുന്നു. പ്രോജക്ട് കൊണ്ടുവരുന്നതല്ലാതെ നടപ്പാക്കുന്നതില്‍ വേണ്ടത്ര ശുഷ്കാന്തി കാണിക്കാതിരിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാരിന്റെ നടപടി ഏറെക്കാലമായി പ്രോജക്ട് ചീറ്റ പദ്ധതിയെ ഏറെ വിവാദത്തിലാക്കിയിരുന്നു.
English Summary: Project Cheetah Controversy Again: A baby cheetah died after sustaining a spinal injury
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.