ടി20 ലോകകപ്പില്‍ സെമിഫൈനല്‍ പ്രതീക്ഷയ്ക്ക് കരുത്തേകാന്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ വൈകിട്ട് 4.30നാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ ഗ്രൂപ്പ് രണ്ടില്‍ തലപ്പത്താണ്. സിംബാബ്‌വെക്കെതിരായ ആദ്യ കളി മഴമൂലം ഉപേക്ഷിച്ചത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായിരുന്നു. എങ്കിലും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ 104 റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. റൂസോയുടെ സെഞ്ചുറി ബാറ്റിങ് വെടിക്കെട്ടും ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തേകും.
കാഗസോ റബാഡ, ആന്‍റിച്ച് നോര്‍ക്യ എന്നീ പേസര്‍മാര്‍ ദക്ഷിണാഫ്രിക്കയുടെ തുറുപ്പ് ചീട്ടാണ്. ബൗളര്‍മാരെ സഹായിക്കുന്ന ബൗണ്‍സ് ഉള്ള പിച്ച് ആണ് പെര്‍ത്തിലേത്. അതുകൊണ്ട് തന്നെ ഇവരുടെ സ്‌പെല്ലുകള്‍ അതിജീവിക്കുക രോഹിത്തിനും രാഹുലിനും കോഹ്‌ലിക്കുമെല്ലാം വലിയ വെല്ലുവിളിയാവും. ടി20 ലോകകപ്പില്‍ ഇതുവരെ മൂന്ന് മത്സരങ്ങളാണ് ഇവിടെ നടന്നത്. അതില്‍ 24 വിക്കറ്റുകളാണ് പേസര്‍മാര്‍ വീഴ്ത്തിയത്. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ സ്വിങ് കണ്ടെത്താന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞാല്‍ ഫോമില്ലാതെ നില്‍ക്കുന്ന രാഹുലിന് ഉള്‍പ്പെടെ അത് വെല്ലുവിളിയാണ്.
മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഏതാണ്ടുറപ്പിക്കാം. പാകിസ്ഥാനെ നാല് വിക്കറ്റിനും നെതര്‍ലന്‍ഡ്‌സിനെ 56 റണ്‍സിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ തലപ്പത്ത് നില്‍ക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കൂടി ഫോമായതോടെ ഇന്ത്യന്‍ ബാറ്റിങ് നിര ശക്തമാണ്. കഴിഞ്ഞ മത്സരത്തില്‍ രോഹിത്തിനൊപ്പം വിരാട് കോലിയും സൂര്യകുമാറും അര്‍ധസെഞ്ചുറി കുറിച്ചിരുന്നു. എന്നാല്‍ ഇതുവരെയും ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് കെ എല്‍ രാഹുല്‍. രോഹിത്തിനൊപ്പം മികച്ചൊരു ഓപ്പണിങ് പടുത്തുയര്‍ത്താന്‍ രാഹുലിന് സാധിക്കാത്തത് ഇന്ത്യക്ക് ആശങ്കയാണ്.
മികച്ച രീതിയിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിയുന്നത്. മുഹമ്മദ് ഷമിയും അര്‍ഷദീപ് സിങ്ങും ഭുവനേശ്വര്‍ കുമാറും പിച്ചിനെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പെര്‍ത്തില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെന്നത് പോലെ സ്പിന്നര്‍മാര്‍ക്കും പിന്തുണ ലഭിക്കുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ മാക്സ്‌വെല്ലും, ഷദബ് ഖാനും ധനഞ്ജയ സില്‍വയും എല്ലാം അത് തെളിയിച്ചു. കേശവ് മഹാരാജ് ആണ് ഇവിടെ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത്. ഇന്ത്യക്ക് ഇവിടെ തുറുപ്പുചീട്ടാവുക അശ്വിനും.
English Summary: Proteas war for India
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.