21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 9, 2024
October 18, 2024
October 18, 2024
October 7, 2024
October 4, 2024
September 28, 2024
September 23, 2024
September 23, 2024
August 1, 2024

പോക്സോ നിയമം 2012: കുട്ടികൾക്കൊരു സംരക്ഷണ വലയം

Janayugom Webdesk
August 8, 2022 6:00 am

ഒരു രാഷ്ട്രത്തിന്റെ സ്വപ്നത്തിന് നിറക്കൂട്ട് പകരുന്നതും ഒരു സമൂഹത്തിന്റെ സ്വകാര്യ അഹങ്കാരവും അവിടെയുള്ള കുഞ്ഞുങ്ങളാണ്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾ എന്ന സ്വത്തിനെ കാത്ത് സൂക്ഷിക്കാൻ നാം നിർമ്മിക്കുന്ന നിയമങ്ങൾക്ക് പ്രത്യേക കരുതലും കാവലും ഉണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട് ഏതൊക്കെ നിയമങ്ങളാണ് നമ്മുടെ രാജ്യത്ത് നിലവിലുള്ളത്. കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി ആവശ്യമായ നിയമ നിർമ്മാണങ്ങൾ നടത്താമെന്ന് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15 (3) ഉറപ്പ് നൽകുന്നു. ഇത് അനുസരിച്ച് പാർലമെന്റും നിയമസഭകളും നിരവധി നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. ഈ നിയമങ്ങൾ കൃത്യമായി വിശകലനം ചെയ്യണമെങ്കിൽ നിയമത്തിന്റെ മുന്നിൽ ആരാണ് കുട്ടി? എന്ന് നാം അറിഞ്ഞിരിക്കണം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവിധ നിയമങ്ങളിൽ വിവിധ നിർവചനങ്ങളാണ് കുട്ടി എന്ന വാക്കിന് നൽകുന്നത്. 1989 ലെ UNCRC (യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ റൈറ്റ്സ് ഓഫ് ചൈൽഡ്) പ്രകാരം 18 വയസിനു താഴെ ഉള്ളവരാണ് കുട്ടികൾ. എന്നാൽ 2006 ലെ ബാലവേല നിരോധന നിയമപ്രകാരം 14 വയസിനും , 1948 ലെ ഫാക്ടറി നിയമപ്രകാരം 15 വയസിനും, 1973 ലെ ക്രിമിനൽ പ്രൊസീജ്യർ കോഡ് അനുസരിച്ച് 16 വയസിനും, താഴെയുള്ളവരാണ് കുട്ടികൾ. 2015 ലെ ജുവനൈൽ ജസ്റ്റിസ് കെയർ ആന്റ് പ്രൊട്ടക്ഷൻ ആക്ട്, 2006 ലെ ചൈൽഡ് മേരേജ് നിരോധന നിയമം, 2012 ലെ പോക്സോ നിയമം എന്നിവ പ്രകാരം 18 വയസിനു താഴെ ഉള്ളവരെയാണ് കുട്ടികൾ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നത്. നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള പ്രായം 18 വയസാണ്. അതായത് പൊതുവെ 18 വയസി­നു താഴെ ഉള്ളവരെയാണ് ലോ­കമെമ്പാടും കുട്ടികളായി പരിഗണിക്കുന്നത്. ഇന്ത്യൻ പാർലമെന്റ് 2012 നവംബർ 14 ന് പാസാക്കിയ നിയമമാണ് പോക്സോ (Pro­tec­tion of chil­dren from Sex­u­al offences Act — 2012 ). ഈ നിയമം 18 വയസിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തങ്ങൾക്കെതിരെ ഉണ്ടാകാവുന്ന എല്ലാ വിധ ലൈംഗിക ചൂഷണങ്ങളെ പ്രതിരോധിക്കുവാനും അവക്കെതിരെ നടപടി സ്വീകരിക്കുവാനുമുള്ള അവസരം ഉറപ്പു നൽകുന്നു. ശിശുക്കൾ നിഷ്കളങ്കരും തങ്ങൾക്ക് ചുറ്റും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് പലപ്പോഴും അറിവില്ലാത്തവരുമാണ്. ഈ കുഞ്ഞുങ്ങളുടെ ജീവിതം ഒരു തരത്തിലും പോറലേൽക്കാതെ കാത്ത് സൂക്ഷിക്കേണ്ടതും രാജ്യത്തിന്റെ കടമയാണ്. ഈ ബോധ്യത്തിൽ നിന്നുകൊണ്ടാണ് കുട്ടികളെ സംരക്ഷിക്കാൻ പോക്സോ നിയമം നിർമ്മിക്കപ്പെട്ടത്. ഈ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങൾ എന്തൊക്കെയാണ്? കുട്ടികളെ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ചൂഷണത്തിന് വിധേയരാക്കുക, അശ്ലീല ചിത്രങ്ങൾ നിർമ്മിക്കാനോ അവ സൂക്ഷിക്കാനോ പ്രചരിപ്പിക്കാനോ കുട്ടികളെ ഉപയോഗിക്കുക, അശ്ലീല ചുവയുള്ള വർത്തമാനം കുട്ടികളോട് പറയുക, കുട്ടികളെ ലൈംഗിക ചൂഷണത്തിന് പ്രേരിപ്പിക്കുക, ലൈംഗിക അതിക്രമങ്ങൾക്ക് ശ്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് എ­ന്തൊ­ക്കെ ശിക്ഷകളാണ് ലഭിക്കുന്നത് ? 2012 ൽ പാസാക്കിയ നിയമമനുസരിച്ച് കുറ്റവാളിക്ക് 6 മാസം മുതൽ ജീവപര്യന്തം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ കുറ്റകൃത്യത്തിന്റെ വ്യാപ്തിക്കനുസരിച്ച് ശിക്ഷയായി ലഭിക്കുമായിരുന്നു. എന്നാൽ 2019ൽ പാർലമെന്റ് ഒരു നിയമ ഭേദഗതിയിലൂടെ വധശിക്ഷ വരെ നൽകാനുള്ള വകുപ്പുകൾ ചേർത്തിട്ടുണ്ട്. ഈ നിയമം അനുസരിച്ച് ഹരിയാനയിലെ പോക്സോ കോടതി 12 വയസ് പ്രായമായ പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി മൃഗീയമായി കൊലപ്പെടുത്തിയ രണ്ട് യുവാക്കൾക്ക് രാജ്യത്തെ ആദ്യത്തെ ഇരട്ട വധശിക്ഷ നൽകുകയുണ്ടായി. കുട്ടികളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ അവരെ സംരക്ഷിക്കാൻ ചുമതലപ്പെട്ടവർ ധാരാളം ഉണ്ട്. ഉദാ: പൊലീസ്, സർക്കാർ ഉദ്യോഗസ്ഥർ, കുട്ടികളുടെ പരിചരണത്തിനും സംരക്ഷണത്തിനും , വേണ്ടിയുള്ള സ്ഥാപനങ്ങളുടെ ജീവനക്കാർ, ഉദ്യോഗസ്ഥർ, ഗാർഹിക ബന്ധമുള്ള വ്യക്തികൾ, ഇത്തരം വ്യക്തികൾ കുറ്റവാളികളായി പരിണമിക്കുമ്പോൾ അവർക്ക് ലഭിക്കുന്ന ശിക്ഷ സാധാരണ ശിക്ഷയിൽ നിന്നും കാഠിന്യമേറിയതായിരിക്കും. ഇത് ഈ നിയമത്തിന്റെ മറ്റൊരു സവിശേഷതയാണ്. അതുപോലെ പ്രാധാന്യമർഹിക്കുന്ന മറ്റൊന്നാണ് പോക്സോ കേസുകൾ ശ്രദ്ധയിൽ പെടുകയും യഥാസമയം റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്താൽ ആറു മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. “മനുഷ്യന്റെ മനസ് മൃഗത്തിന് തുല്യമാകുമ്പോൾ, സഹജീവികളോട് കരുണയില്ലാത്ത ഹൃദയത്തിനുടമയാകുമ്പോൾ, അത്തരം മനുഷ്യരെ ശിക്ഷിക്കുകയും പരലോകത്ത് പറഞ്ഞയക്കുകയും ചെയ്യണമെന്ന പോക്സോ കോടതിയുടെ നിരീക്ഷണം വളരെ പ്രസക്തമാണ്”. പോക്സോ ആക്ടുമായി ബന്ധപ്പെട്ട മറ്റ് പ്രധാന വിവരങ്ങൾ അടുത്ത ലക്കം സഹപാഠിയിൽ വായിക്കുമല്ലൊ? സമൂഹത്തിലെ കുഞ്ഞുങ്ങൾ ബ­ഹുഭൂരിപക്ഷവും സ്കൂൾ വിദ്യാർത്ഥികളാണെന്നിരിക്കെ ഇത്തരം നിയമങ്ങൾ സ്കൂൾ പാഠ്യ പദ്ധതിയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതല്ലേ? (അവസാനിക്കുന്നില്ല)

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.