
വലിയ അവകാശവാദങ്ങളോടെ കോഴിക്കോട് കോർപറേഷനിലേക്ക് മത്സരിക്കാനൊരുങ്ങുന്ന ബിജെപിക്ക് തുടക്കം തന്നെ തിരിച്ചടി. മുതിർന്ന നേതാക്കൾ മത്സരിക്കാൻ തയ്യാറാവാത്തതും സിറ്റിങ് കൗൺസിലർമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്ക് സീറ്റ് നിഷേധിച്ചതുമാണ് പാർട്ടിയിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ ജില്ലാ നേതൃത്വം ആർഎസ്എസിന് കീഴടങ്ങിയെന്നാണ് പാർട്ടിയിൽ ആരോപണം ശക്തമായിരിക്കുന്നത്. മുതിർന്ന നേതാവ് കെ പി ശ്രീശൻ മേയർ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ മത്സരരംഗത്ത് നിന്ന് അദ്ദേഹം പിന്മാറിയതോടെ മേയർ സ്ഥാനാർത്ഥിയായി ഉയർത്താൻ ഒരാളെപ്പോലുമില്ലാത്ത അവസ്ഥയിലാണ് ബിജെപി.
മുൻ ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പേര് ചാലപ്പുറത്ത് പരിഗണിച്ചുവെങ്കിലും അവസാനം തർക്കം കാരണം അത് നടന്നില്ല. സമീപകാലത്ത് സംഘപരിവാർ സഹയാത്രികനായി എത്തിയ എൻഎസ്എസ് പിന്തുണയുള്ള അനിൽ കുമാർ മത്സരിക്കട്ടേയെന്ന നിലപാടാണ് ആർഎസ്എസ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ ജില്ലാ കോർകമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥി നിർണയത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി വി കെ സജീവൻ ഉൾപ്പെടെയുള്ളവർ രംഗത്തുവരികയും ചെയ്തു.
കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ വെച്ച് ബിജെപിയിലെ പ്രമുഖ ജില്ലാ നേതാവ് രമേശ് ചെന്നിത്തലയെയും എൻ സുബ്രഹ്മണ്യനെയും കണ്ട് ചർച്ച നടത്തിയെന്നായിരുന്നു വി കെ സജീവന്റെ ആരോപണം. ചാലപ്പുറം ഉൾപ്പെടെയുള്ള വാർഡുകളിൽ ദുർബല സ്ഥാനാർത്ഥികളെ നിർത്താനുള്ള തീരുമാനം ഈ ചർച്ചയുടെ ഭാഗമായി ഉണ്ടായതാണെന്നും സജീവൻ തുറന്നടിച്ചു. സിറ്റി ജില്ലാ അധ്യക്ഷൻ കെ പി പ്രകാശ് ബാബു ചാലപ്പുറത്ത് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ജില്ലാ പ്രസിഡന്റുമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാട് സംസ്ഥാന നേതൃത്വം സ്വീകരിച്ചത് പ്രകാശ് ബാബുവിന് അവസരം നിഷേധിച്ചു. ഒരു കേസിൽ ശിക്ഷിക്കപ്പെട്ടതാണ് മുൻ സംസ്ഥാന ഉപാധ്യക്ഷൻ പി രഘുനാഥിന് തിരിച്ചടിയായത്. അയോഗ്യനായതോടെ ഇദ്ദേഹത്തിന് മത്സര രംഗത്ത് നിന്നും മാറി നിൽക്കേണ്ടിവന്നു.
ജില്ലയിലെ പ്രമുഖ നേതാക്കളായ ഇ പ്രശാന്ത് കുമാർ, നിർമ്മല്ലൂർ രാജീവൻ, ശിവപ്രസാദ്, ഷൈമ മാറാട്, സി പി വിജയകൃഷ്ണൻ, എൻ പി പ്രദീപ് കുമാർ എന്നിവർക്കെല്ലാം സീറ്റ് നിഷേധിക്കപ്പെട്ടു. കോർപറേഷനിലേക്ക് 74 സീറ്റിൽ ബിജെപിയും രണ്ട് സീറ്റിൽ ബിഡിജെഎസും മത്സരിക്കാനാണ് എൻഡിഎയിൽ ധാരണ. പാർലമെന്ററി പാർട്ടി നേതാവും മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയുമായ നവ്യ ഹരിദാസ് കാരപ്പറമ്പിലും നിലവിലെ കൗൺസിലർ ടി റനീഷ് പൊറ്റമ്മലിലും മത്സരിക്കുന്നുണ്ട്.
ജില്ലാ ജനറൽ സെക്രട്ടറി രമ്യ മുരളി നടുവട്ടത്താണ് ജനവിധി തേടുന്നത്. പട്ടികയിൽ പ്രധാനമുഖമായുള്ളത് നവ്യ ഹരിദാസ് മാത്രമാണ്. മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് കോഴിക്കോട് കോർപറേഷന്റെ ചുമതല. ഇതേ സമയം സ്ഥാനാർത്ഥി നിർണയത്തിൽ കെ സുരേന്ദ്രൻ വിഭാഗത്തിന് ഉൾപ്പെടെ അതൃപ്തിയുണ്ട്. നിലവിൽ 45 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. കൂടുതൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതോടെ പാർട്ടിയിലെ ചേരിപ്പോര് ശക്തമാകുമെന്നാണ് കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.