23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 7, 2024
October 9, 2024
September 24, 2024
September 24, 2024
September 15, 2024
September 15, 2024
September 14, 2024
September 14, 2024
September 14, 2024
September 13, 2024

സംസ്ഥാനത്തെ പൊതുവിതരണവും ഓണക്കാലവും

അഡ്വ. ജി ആര്‍ അനില്‍
ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി
August 20, 2021 5:08 am

ണച്ചന്തയും മാവേലി സ്റ്റോറുകളും ഇല്ലാത്ത ഓണക്കാലം ഒരു ശരാശരി മലയാളിക്ക് ചിന്തിക്കാൻ കഴിയില്ല. വിഭവസമൃദ്ധമായ സദ്യ ഓണത്തിന് ഒഴിവാക്കാൻ കഴിയാത്തതുകൊണ്ടുതന്നെ പലവ്യഞ്ജന, പച്ചക്കറി കടകൾ കയറിയിറങ്ങാത്ത ഓണത്തെ കടന്നുപോകാൻ നമുക്ക് സാധിക്കില്ല. മാർക്കറ്റുകൾ ഏറ്റവും സജീവമാകുന്ന കാലമാണിത്. ഒപ്പം സാധനങ്ങൾക്ക് വില കൂടുന്നതും! മഹാബലി തമ്പുരാൻ ആഗ്രഹിച്ചതുപോലെ ‘കള്ളവും ചതിയും ഇല്ലാത്ത’ മലയാളനാട് ഓണക്കാലത്തെങ്കിലും യാഥാർത്ഥ്യമാക്കണമെങ്കിൽ വാണിജ്യ വ്യാപാര ശൃംഖലയിൽ സംസ്ഥാന സർക്കാർ കാര്യമായ ഇടപെടൽ നടത്തിയേ മതിയാകു എന്ന ചിന്തയ്ക്ക് നാല് പതിറ്റാണ്ട് പൂർത്തിയാകുന്നു. 1980–82 കാലഘട്ടത്തിൽ കേരളം ഭരിച്ചിരുന്ന ഇ കെ നായനാർ സർക്കാരാണ് ഭക്ഷ്യ‑പൊതുവിതരണ വകുപ്പിന്റെ കീഴിൽ ഓണച്ചന്തയും അതിനു പിന്നാലെ മാവേലിസ്റ്റോറുകളും സ്ഥാപിക്കാൻ തീരുമാനിച്ചത്. അന്നത്തെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും ‘മാവേലി മന്ത്രി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതുമായ ഇ ചന്ദ്രശേഖരൻ നായരാണ് കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തിലെ നിർണായകമായ ചുവടുവയ്പിന് കാർമ്മികത്വം വഹിച്ചത്. നിലവിൽ കേരളത്തിലെ റേഷൻ കടകൾക്ക് പുറമെ സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തിലെ പ്രധാന കേന്ദ്രങ്ങളാണ് പഞ്ചായത്തുകൾ തോറും പ്രവർത്തിക്കുന്ന മാവേലി സ്റ്റോറുകൾ. കിഴക്കേകോട്ട പഴവങ്ങാടി ക്ഷേത്രത്തിനു സമീപം ആരംഭിച്ച ആദ്യത്തെ മാവേലിസ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണ്. മഹാബലി ചക്രവർത്തിയുടെ തത്വചിന്തയും ഓണത്തിന്റെ ദർശനവും കൃത്യമായി സന്നിവേശിപ്പിച്ച് നടപ്പിലാക്കിയ മറ്റൊരു സർക്കാർ പദ്ധതി കേരളത്തിൽ വേറെയുണ്ടെന്ന് പറയാൻ കഴിയില്ല.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കൊണ്ടാടുന്ന ഈ വർഷത്തെ ഓണത്തിനും സംസ്ഥാന / ജില്ലാ / മണ്ഡല അടിസ്ഥാനത്തിലുള്ള ഓണം ഫെയറുകൾ ആരംഭിച്ചുകഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ കഴിഞ്ഞ ഒന്നര വർഷമായി സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം നടത്തിവരുന്നു. സംസ്ഥാനത്തെ ചെറുകിട കർഷകരെയും കുടുംബശ്രീ ഉൾപ്പെടെയുള്ള വനിതാ കൂട്ടായ്മകളുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് ഈ വർഷത്തെ ഓണക്കിറ്റിലെ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ ചെറുകിട കർഷകരെ സഹായിക്കുക എന്നത് സർക്കാരിന്റെ നയമാണ്. ഇതിന്റെ ഭാഗമായാണ് ഭക്ഷ്യ യോഗ്യമായ നാണ്യവിളകൾ കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച് മൂല്യവർധിത ഉല്പന്നങ്ങളാക്കി വിപണനം നടത്തുന്നതിനുള്ള പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുള്ളത്. ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള പ്രസ്തുത പദ്ധതിക്ക് അഞ്ച്കോടി രൂപ വകയിരുത്തുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.

അധികാരത്തിലേറി നൂറ് ദിവസത്തിനകം തന്നെ ജനോപകാരപ്രദമായ നിരവധി പദ്ധതികളാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ അധികാരം ഏറ്റെടുത്ത ആദ്യ ആഴ്ചയിൽതന്നെ പൊതുജനങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവരിൽ നിന്നും വകുപ്പിനെ സംബന്ധിച്ച പരാതികൾ, നിർദ്ദേശങ്ങൾ എന്നിവ സ്വരൂപിക്കുന്നതിനായി ഒരു ഫോൺ‑ഇൻ-പരിപാടി നടത്തുകയുണ്ടായി. പ്രസ്തുത ഫോൺ‑ഇൻ-പരിപാടികളിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് മുൻഗണനാ കാർഡുകളുടെ വിതരണം സംബന്ധിച്ചാണ്. കൂടുതൽ പരിശോധനയിൽ അനർഹമായി നിരവധിപേർ മുൻഗണനാ കാർ‍ഡുകൾ കൈവശം വച്ചുവരുന്നതായി ബോധ്യപ്പെടുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചുവരുന്നവർക്ക് പിഴയോ ശിക്ഷയോ കൂടാതെ സർക്കാരിലേക്ക് തിരിച്ചേൽപ്പിക്കാൻ അവസരം നൽകിയത്. സർക്കാർ ജനങ്ങളോട് നടത്തിയ ഈ അഭ്യർത്ഥനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇക്കാലയളവിൽ ഇതുവരെ 1,35,244 കാർഡുകളാണ് സർക്കാരിലേക്ക് തിരിച്ചേൽപ്പിക്കപ്പെട്ടത്. അനർഹർ തിരിച്ചേൽപ്പിച്ച 10,879 എഎവൈ കാർഡുകൾ അർഹരായവരെ കണ്ടെത്തി ഓഗസ്റ്റ് അഞ്ച് മുതൽ വിതരണം നടത്തിവരുന്നു. അർഹരായവരെ തിരഞ്ഞെടുക്കുമ്പോൾ ഗുരുതരമായ രോഗം ബാധിച്ചവർക്കും നിരാലംബർക്കും മുൻഗണന നൽകുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഭക്ഷ്യ വസ്തുക്കളുടെ ദൗർലഭ്യവും ഒരു സർക്കാരിനെതിരെ ജനാഭിപ്രായം രൂപപ്പെടുന്നതിനുള്ള നിർണായക ഘടകങ്ങളാണ്. പൊതു വിപണിയുമായി ബന്ധപ്പെട്ട് സാധാരണക്കാരിലുണ്ടാകുന്ന അസംതൃപ്തി ഇല്ലാതാകുമ്പോഴാണ് ഒരു സർക്കാരിന് വിജയിക്കാൻ കഴിയുക എന്ന് ഞാൻ വിശ്വസിക്കുന്നു. വിപണിയിൽ കാര്യക്ഷമമായി ഇടപെട്ടുകൊണ്ട് ഗുണനിലവാരമുള്ള സാധനങ്ങൾ ന്യായവിലയ്ക്ക് നൽകുക എന്നതാണ് സർക്കാരിന്റെ നയം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മാവേലി സ്റ്റോറുകളുടെ പ്രവർത്തനം എന്റര്‍പ്രൈസ് റിസോ­ഴ്സ് പ്ലാനിങ് (ഇആര്‍പി) സംവിധാനത്തോടെ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. മാവേലി സ്റ്റോറുകളുടെ പ്രവർത്തനം സംസ്ഥാനത്ത് വ്യാപകമാക്കുന്നതിന്റെ ഭാഗമായി നാല് പുതിയ മാവേലി സ്റ്റോറുകളുടെയും നവീകരിച്ച് അപ്ഗ്രേഡ് ചെയ്ത് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചതുമായ 25 മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റുകളുടെ ഉദ്ഘാടനം നടന്നുവരുന്നു. ഈ മാസം 18 വരെ 15 മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചുകഴിഞ്ഞു. ഓഗസ്റ്റ് 30-ഓടുകൂടി ബാക്കിവരുന്നവയുടെ പ്രവർത്തനം ആരംഭിക്കും.

വിശപ്പ്-രഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സുഭിക്ഷാ ഹോട്ടലുകൾ ആരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, മറ്റ് സന്നദ്ധസംഘടനകൾ, സപ്ലൈകോ, സഹകരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹായത്തോടെ 20 രൂപ നിരക്കിൽ ഉച്ച ഭക്ഷണം ലഭ്യമാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറി കോമ്പൗണ്ടിലെ ക്യാന്റീൻ കെട്ടിടത്തിലും, കൊടുങ്ങാനൂർ, നെടുമങ്ങാട് എന്നിവിടങ്ങളിലും സുഭിക്ഷാ ഹോട്ടലുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉർജ്ജിതമായി നടന്നുവരുന്നു. സംസ്ഥാനവ്യാപകമായി ഇത്തരം ഹോട്ടലുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലസൗകര്യം കണ്ടെത്തുന്നതിനുള്ള പ്രവർത്തങ്ങളും പുരോഗമിച്ചുവരുന്നു.

സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പാക്കുന്നതിൽ സക്രിയമായ പങ്കുവഹിച്ചവരാണ് കേരളത്തിലെ റേഷൻ വ്യാപാരികൾ. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്, കേരളത്തിലെ മുഴുവൻ റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും ആളൊന്നിന് 1,060 രൂപ പ്രീമിയം നിരക്കിൽ സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന 7.5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയത്. കൂടാതെ, റേഷൻ ഡീലേഴ്സ് ക്ഷേമനിധി ബോർഡിന് സർക്കാർ വിഹിതമായി അ‌ഞ്ച് കോടി രൂപ അനുവദിക്കുക, കോവിഡ് ബാധിച്ച് മരണപ്പെട്ട റേഷൻ വ്യാപാരികളുടെ അനന്തരാവകാശികൾക്ക് റേഷൻ കടയുടെ ലൈസൻസ് ലഭിക്കുന്നതിന് നൽകേണ്ട സോൾവൻസി തുക ഒരു ലക്ഷം രൂപ എന്നത് പതിനായിരം രൂപയായി കുറവ് വരുത്തുക, കോവിഡ് ബാധിച്ച് മരണപ്പെട്ട റേഷൻ വ്യാപാരിയുടെ അനന്തരാവകാശിക്ക് ലൈസന്‍സ് നൽകുന്നതിന് പത്താം ക്ലാസ് പാസായിരിക്കണം എന്ന നിബന്ധനയിൽ ഇളവ് നൽകുക തുടങ്ങി റേഷൻ വ്യാപാരികളുടെ ആവശ്യങ്ങളിന്മേൽ അനുഭാവപൂർവമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ഇതിനായുള്ള ഫയലിൽ നടപടികൾ പുരോഗമിക്കുന്നു.

കേരളത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർ, പാർശ്വവല്ക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവരെ മുന്നിൽ കണ്ടുകൊണ്ടുള്ള ചില പദ്ധതികളും ഭക്ഷ്യ‑പൊതുവിതരണ വകുപ്പ് ഓണക്കാലത്ത് നടപ്പിലാക്കുകയുണ്ടായി. സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ താമസിക്കുന്ന കാർഡുകൾക്ക് കൃത്യമായി റേഷൻ വിഹിതം കൈപ്പറ്റാൻ കഴിയാത്ത സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉൾവനങ്ങളിൽ താമസിക്കുന്ന ഇത്തരക്കാർക്ക് പരിമിതമായ യാത്രാസൗകര്യങ്ങളാണുള്ളത്. ഇതിന്റെ ഭാഗമായിട്ടാണ് ഓണക്കാലത്ത് കേരളത്തിലെ ആദിവാസി ഊരുകളിൽ പാെതുവിതരണ വകുപ്പ് ജീവനക്കാർ നേരിട്ടെത്തി റേഷൻ വിഹിതവും ഓണക്കിറ്റും വാതിൽപ്പടി വിതരണം നടത്താൻ തീരുമാനിച്ചത്. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 15 ന് വിതുരയ്ക്ക് സമീപം പൊടിയകാല ആദിവാസി കോളനിയിൽ തുടക്കമിട്ടു. കേരളത്തിലെ എല്ലാ ആദിവാസി ഊരുകളിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ വാതിൽപ്പടി വിതരണം നടന്നുവരുന്നു.

സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അംഗീകാരമുള്ളതും ഇല്ലാത്തതുമായ അഗതിമന്ദിരങ്ങൾ, അനാഥാലയങ്ങൾ, കന്യാസ്ത്രീമഠങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലെയും താമസക്കാർക്ക് കഴിഞ്ഞ ജൂൺ മാസത്തിലും ഈ ഓണക്കാലത്തും സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇത്തരം സ്ഥാപനങ്ങളിലെ താമസക്കാർക്ക് നേരിട്ടെത്തി കിറ്റുകൾ കൈപ്പറ്റുന്നതിന് പ്രയാസം നേരിടുന്ന വിവരം എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, പ്രസ്തുത സ്ഥാപനത്തിലെ താമസക്കാർക്ക് പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥർ മുഖാന്തരം കിറ്റുകൾ വാതിൽപ്പടി വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുരയിലെ അഗതിമന്ദിരത്തിൽ ഈ മാസം 17ന് എന്റെ സാന്നിധ്യത്തിൽ നടത്തുകയുണ്ടായി. കേരളത്തിലെ എല്ലാ ക്ഷേമസ്ഥാപനങ്ങളിലേക്കുമുള്ള വാതിൽപ്പടി കിറ്റു വിതരണം പുരോഗമിച്ചുവരുന്നു.

സ്വന്തമായൊരു ട്രാൻസ്ജെന്റർ പോളിസിയുള്ള സംസ്ഥാനമാണ് കേരളം. സർക്കാരിന്റെ പ്രത്യേക പരിഗണന അർഹിക്കുന്ന ഒരു വിഭാഗമായിട്ടാണ് അവരെ ഞാൻ കാണുന്നത്. പല കാരണങ്ങളാൽ വീടുകളിൽ നിന്നും അകന്നുമാറി താമസിക്കേണ്ട അവസ്ഥ ഇവരിൽ പലർക്കുമുണ്ട്. പ്രസ്തുത സാഹചര്യം മനസിലാക്കിക്കൊണ്ടാണ് ഒരു റേഷൻ കാർഡിലും പേരില്ലാത്ത ട്രാൻസ്ജെന്റർ വിഭാഗത്തിൽപ്പെട്ടവർക്ക് ആധാർ പരിശോധന നടത്തിയശേഷം, റേഷൻ കാർഡും സൗജന്യ കിറ്റും നൽകുവാൻ സർക്കാർ തീരുമാനിച്ചത്. പ്രസ്തുത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സാമൂഹികനീതി വകുപ്പിന്റെ കൂടി സഹകരണത്തോടെ 17ന് നിർവഹിക്കുകയുണ്ടായി.

ജനങ്ങളുടെ നിത്യജീവിതവുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്ന വകുപ്പുകളിലൊന്നാണ് ഭക്ഷ്യ‑പൊതുവിതരണ വകുപ്പ്. പൊതുവിതരണ സമ്പ്രദായത്തെക്കുറിച്ച് ജനങ്ങളിൽ ആവശ്യമായ അവബോധം സൃഷ്ടിച്ചാൽ മാത്രമേ പൊതുവിതരണം കൂടുതൽ ജനകീയമായും വിജയകരമായും നടപ്പിലാക്കാൻ കഴിയൂ. പൊതുവിതരണ സംവിധാനത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ കാരണം ഗുണഭോക്താക്കൾ പലതരം ചൂഷണങ്ങൾക്ക് വിധേയരായിരുന്നു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിൽ വന്നതോടുകൂടി വകുപ്പിന്റെ പ്രവർത്തനങ്ങൾ ഒരു പരിധിവരെ സുതാര്യവും അഴിമതി രഹിതവും കാര്യക്ഷമവുമാക്കാൻ കഴിഞ്ഞു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം സംസ്ഥാനത്തിന്റെ കേന്ദ്ര ഭക്ഷ്യ വിഹിതത്തിലും മുൻഗണനാ കാർ‍ഡുകളുടെ എണ്ണത്തിലും കുറവു വരുത്തുകയുണ്ടായി എന്ന വസ്തുത ഇവിടെ വിസ്മരിക്കുന്നില്ല. മുൻഗണനാ കാർഡുകളുടെ എണ്ണത്തിൽ വർധന വരുത്തണമെന്ന ആവശ്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ‑പൊതുവിതരണ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ നേരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.