2 January 2025, Thursday
KSFE Galaxy Chits Banner 2

പുൽപ്പള്ളി അക്രമം ആസൂത്രിതം; ജാമ്യമില്ലാ വകുപ്പു പ്രകാരം അഞ്ച് കേസുകൾ

ജോമോൻ ജോസഫ്
കൽപറ്റ
February 18, 2024 11:11 pm

കുറുവാ ദ്വീപിലെ താൽക്കാലിക വനംവകുപ്പ് ജീവനക്കാരനായ പോൾ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പുൽപ്പള്ളിയിലെ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങളിൽ ശക്തമായ നടപടിക്ക് പൊലീസ്. ആക്രമണങ്ങൾക്ക് പിന്നിൽ ആസൂത്രണമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അഞ്ച് കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു. വനംവകുപ്പിന്റെ ജീപ്പ് തകർത്തതിലും, ഡെപ്യൂട്ടി റേഞ്ച് ഓഫിസറെ ആക്രമിച്ചതും ഉൾപ്പെടെയാണ് പുൽപ്പള്ളി പൊലീസ് കേസ് എടുത്തിട്ടുള്ളത്. മൃതദേഹം തടഞ്ഞുവച്ചതും പൊലീസുകാരെ കല്ലെറിഞ്ഞതും ജനപ്രതിനിധികളെ ആക്രമിക്കാൻ ശ്രമിച്ചതുമടക്കമാണ് കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുള്ളത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. പോൾ മരിച്ചതിനുശേഷം പ്രചരിച്ച ചില വാട്സ്ആപ്പ് സന്ദേശങ്ങളും ശേഖരിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നായിരുന്നു വനം മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. താൻ വയനാട്ടിൽ പോയില്ല എന്നത് വസ്തുതയാണ്. വികാരപരമായ അന്തരീക്ഷത്തിലല്ല ശാന്തമായിരിക്കുമ്പോഴാണ് ജനങ്ങളെ കേൾക്കേണ്ടത്. പ്രശ്നങ്ങൾ സങ്കീർണമാക്കാൻ ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രതിഷേധങ്ങൾ അക്രമാസക്തമാകുമ്പോൾ കേസെടുക്കുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. 

അതേസമയം പോളിന്റെ മൃതദേഹം പുൽപ്പള്ളിയിലെത്തിയാൽ സ്വീകരിക്കേണ്ട സമര രീതികൾ സംബന്ധിച്ച് മരണം നടന്ന ദിവസം രാത്രി തന്നെ പദ്ധതി തയ്യാറാക്കിയിരുന്നതായാണ് വിവരം. പ്രദേശത്തെ ജനങ്ങളുടെയും വൈദികരുടെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധങ്ങൾക്കിടയിൽ തീവ്രവലതുപക്ഷ സംഘടനകൾ നുഴഞ്ഞ് കയറിയതായി സൂചനകളുണ്ട്. പോളിന്റെ മൃതദേഹം പുൽപ്പള്ളി ബസ് സ്റ്റാന്റിൽ എത്തിയപ്പോൾ പ്രതിഷേധം അതിരുകടന്നതിനു പിന്നിൽ ഇത്തരം സംഘടനകളുടെ ഇടപെടലാണെന്നാണ് സംശയിക്കപ്പെടുന്നത്. വയനാട് ജില്ല കത്തിക്കണമെന്ന തരത്തിലുള്ള ശബ്ദ സന്ദേശങ്ങൾ കഴിഞ്ഞ ദിവസം പ്രചരിക്കപ്പെട്ടതു സംബന്ധിച്ച് മാനന്തവാടി പൊലീസ് അന്വേഷണം നടത്തുന്നുമുണ്ട്. മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിലെ ഇടവക അംഗങ്ങൾക്ക് കഴിഞ്ഞ ദിവസം രാത്രി തന്നെ വാട്സ്ആപ്പ് വഴി സന്ദേശം കൈമാറിയിരുന്നു. ചില വൈദികർ ഇടവകാംഗങ്ങളോട് സഭാ നേതൃത്വത്തിന്റെ തീരുമാനം എന്ന നിലയ്ക്ക് അറിയിക്കുന്നതായിരുന്നു സന്ദേശം. ‘വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഒരു ജീവൻകൂടി നഷ്ടപ്പെട്ടിരിക്കുന്നു. ശക്തമായി പ്രതിഷേധിച്ചില്ലെങ്കിൽ നാളെ അത് നമുക്കുനേരെ ആവർത്തിക്കപ്പെടും. അതിനാൽ ശക്തമായ ഒരു പ്രതിഷേധം നടത്തണം. പോളിന്റെ കുടുംബത്തിന് നീതി ലഭിക്കണം. ഇടവക അംഗങ്ങളെല്ലാം എല്ലാ തിരക്കുകളും മാറ്റിവച്ച് രാവിലെ 9.30ന് പുൽപ്പള്ളി ബസ് സ്റ്റാന്റ് പരിസരത്ത് എത്തിച്ചേരണം. പുൽപ്പള്ളിയാണ് സമര കേന്ദ്രമെന്നും അറിയിച്ചിരുന്നു. സമരത്തിനായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനടക്കമുള്ള നിർദേശങ്ങളും നൽകിയിരുന്നു. 

ശനിയാഴ്ച രാവിലെ ഒമ്പതോടെ പുൽപ്പള്ളിയിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സമാധാനപരമായി തുടങ്ങിയ സമരം പെട്ടെന്ന് പ്രകോപനത്തിലേക്കും ആക്രമണത്തിലേക്കും വഴിമാറുന്നതാണ് കണ്ടത്. എംഎൽഎമാരടക്കമുള്ള ജനപ്രതിനിധികൾ സർക്കാർ പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ തീരുമാനം അറിയിക്കുമ്പോൾ ആക്രമണമുണ്ടായി. അക്രമം ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ, എസ്‌പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് എത്താതിരുന്നത്. സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച്, സർക്കാർ തീരുമാനം രേഖാമൂലം കൈമാറാൻ എഡിഎം, പോളിന്റെ വീട്ടിലെത്തിലെത്തിയപ്പോഴും പ്രതിഷേധമുണ്ടായി. പോളിന്റെ കുടുംബം വിലക്കിയിട്ടും എഡിഎമ്മിനെ തടയാൻ ചിലർ ശ്രമിച്ചു. ഇതിന്റെ പിന്നിലെല്ലാം ആസൂത്രിത നീക്കമുണ്ടെന്ന് സംശയിക്കപ്പെടുന്നു. 

Eng­lish Summary:Pulpalli vio­lence planned; Five cas­es under non-bail­able section
You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.