18 November 2024, Monday
KSFE Galaxy Chits Banner 2

പുനത്തിലിൻ്റ ‘സ്മാരക ശിലകൾ’ക്ക് ഇനി ചിത്രഭാഷ്യവും

അനിൽകുമാർ ഒഞ്ചിയം
കോഴിക്കോട്
November 18, 2024 12:12 pm

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ പ്രശസ്ത നോവൽ സ്മാരക ശിലകൾക്ക് ചിത്രഭാഷ്യമൊരുക്കി വൈക്കം ഡി മനോജ്. മലയാളത്തിലെ വിഖ്യാത നോവലുകൾക്ക് ചിത്രപരമ്പരയൊരുക്കി പ്രശംസ പിടിച്ചുപറ്റിയ മനോജ്, പുനത്തിലിൻ്റെ സ്മാരക ശിലകൾക്ക് ഫോട്ടോഗ്രാഫിയിലൂടെയാണ് മാസ്മരികത തീർക്കുന്നത്. വടകരയിൽ തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന പുനത്തിൽ സ്മൃതിദിനത്തിൽ പുറത്തിറക്കുന്ന പുസ്തകം എഴുത്തുകാരായ ടി പത്മനാഭനും എം മുകുന്ദനും ചേർന്നാണ് പ്രകാശനം ചെയ്യുന്നത്. എഴുത്തുകാരൻ ജീവിച്ച ദേശത്തിന്റെ കാഴ്ചകളെയും, നോവലുകളിലെ മുഹൂർത്തങ്ങളെയും സ്ഥലകാലങ്ങളെയും ഫോട്ടോഗ്രാഫിയിലൂടെ പകർത്തി വെക്കുന്ന രീതിയാണിത്.

നോവലുകളിലെ പുഴയും മലയും കെട്ടിടങ്ങളും ആരാധാനാലയങ്ങളുമെല്ലാം വായനാ ക്രമത്തിലൂടെ ഫോട്ടോ അനുഭവമാകും. സാഹിത്യ ഫോട്ടോഗ്രാഫി എന്ന നൂതന സങ്കേതത്തിലൂടെ നിരവധി പുസ്തകങ്ങൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എംടിയുടെ നാലുകെട്ട്, ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ തുടങ്ങിയ നോവലുകളുടെ ചിത്രഭാഷ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകളിലെ വേറിട്ട ഭൂമികയായ ഗോസായിക്കുന്നിന്റെ അവിസ്മരണിയത ഉൾപ്പെടെ ചിത്രപരമ്പരയിൽ തിളങ്ങി നിൽക്കുന്നു. രണ്ടു വർഷത്തിലേറയുള്ള അന്വേഷണത്തിലൂടെയാണ് മനോജ് ഈ ചിത്രപരമ്പര ഒരുക്കിയത്. എഴുത്തുകാരന്റെ അക്ഷരോർമ്മകളെ ചിത്രങ്ങളിലൂടെ വീണ്ടെടുപ്പ് നടത്തുയാണ് ഈ കലാകാരൻ.

‘ഗോസായിക്കുന്നിലെ സ്മാരക ശിലകൾ ’ എന്ന പുസ്തകത്തിന് പി കെ രാജശേഖരൻ്റേതാണ് അവതാരിക. പുനത്തിൽ കുഞ്ഞബ്ദുള്ള ജീവിച്ച കാരക്കാടിന്റെ അപൂർവ ദേശാനുഭവങ്ങൾ ഒട്ടേറെ ചിത്രങ്ങളായി പിറവിയെടുത്തു. മനോജിന് ലളിതകലാ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധിഅംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. പാലക്കാട് ഒ വി വിജയൻ സ്മാരക ചിത്രഗാലറിയിൽ ഖസാക്കിന്റെ ഇതിഹാസം ചിത്രപരമ്പര സാഹിത്യ സഞ്ചാരികൾക്ക് ആകർഷകമായ കാഴ്ചയാണ്. വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്ര ശേഷിപ്പ്കളുടെ സമര കാഴ്ചകളും മനോജിന്റെ മികവുറ്റ ഫോട്ടോഗ്രാഫിയ്ക്ക് ഉദാഹരണമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.