17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 15, 2024
September 14, 2024
June 24, 2024
June 17, 2024
March 21, 2024
March 20, 2024
February 25, 2024
February 23, 2024
February 19, 2024

കന്നുകാലികൾ നിയമം ലംഘിച്ചാല്‍ ഉടമകള്‍ക്ക് ശിക്ഷ

അരുണ്‍ ശ്രീവാസ്തവ
November 6, 2022 5:45 am

സിബിഐ, ഇഡി, ഇന്‍കം ടാക്സ് എന്നീ ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന നരേന്ദ്ര മോഡിഭരണകൂടം, റയിൽവേ സംരക്ഷണ സേനയ്ക്ക് കഴിഞ്ഞ ദിവസം നല്‍കിയ നിർദ്ദേശം ഏറെ വിചിത്രമാണ്. അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ശല്യം തടയാൻ ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും റയിൽവേ ട്രാക്കുകളോട് ചേർന്നുള്ള ഗ്രാമങ്ങളുടെ തലവന്മാർക്ക് നോട്ടീസ് നൽകാനാണ് ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. കാലികളുടെ ഉടമകൾ അനുസരിക്കാത്തപക്ഷം റയിൽവേ നിയമം അനുസരിച്ച് നടപടിയെടുക്കുകയും വേണം. വന്ദേ ഭാരത് ഓടുന്ന റയിൽപ്പാത കടന്നുപോകുന്ന 1000 ഗ്രാമങ്ങളിലെ സർപഞ്ചുമാർക്ക്, കന്നുകാലികളെ അലയാൻ അനുവദിക്കരുതെന്നും ജയിലിൽ കിടക്കാന്‍ ഇടയാക്കരുതെന്നും ആർപിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലികൾ പാളത്തിൽ അലഞ്ഞുതിരിയുന്നതും, വിസർജനം നടത്തുന്നതും രാജ്യത്ത് പുതിയ കാര്യമല്ല. നൂറ്റാണ്ടുകളായി അത് നടക്കുന്നു. എന്നാൽ ഈ ഉത്തരവ് തീർച്ചയായും പുതിയ സൂചനയാണ്. കാലികൾ അതിക്രമിച്ച് കടക്കാതിരിക്കാൻ പാവപ്പെട്ട ഉടമസ്ഥന്‍ വീട്ടിലോ ട്രാക്കിന് സമീപമുള്ള ക്യാമ്പിലോ തീറ്റ ഒരുക്കണമെന്നാണ് ആർപിഎഫിന്റെ മുന്നറിയിപ്പ്. കാലികള്‍ക്ക് പിന്നാലെ മുഴുവന്‍ സമയവും മേൽനോട്ടവുമായി നടക്കാന്‍ ഉടമകളെ നിര്‍ബന്ധിക്കുന്നതിനു പകരം, റയിൽവേ ട്രാക്കിന് സമീപം വേലി സ്ഥാപിക്കാമായിരുന്നു. റയിൽവേ അത് ചെയ്യില്ല; കാരണം വലിയ തുക ചെലവ് വരും.

പുതിയ ഉത്തരവനുസരിച്ച് 1989 ലെ റയിൽവേ ആക്ട് സെക്ഷൻ 154 പ്രകാരം കാലികളുടെ ഉടമകൾ ശിക്ഷിക്കപ്പെടും. ഒരു വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാനിടയുണ്ട്. സെക്ഷൻ 147 പ്രകാരം ആറ് മാസത്തെ തടവോ 1,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താനും സാധ്യതയുണ്ട്. വന്ദേഭാരത് ട്രെയിനുകള്‍ കന്നുകാലികളുമായി കൂട്ടിയിടിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് റയിൽവേ സംരക്ഷണ സേനയുടെ ഉത്തരവ്. മൃഗത്തിന്റെ തെറ്റിന് ഉടമ ഉത്തരവാദിയാകണം. മോഡിയുടെ ഏറെ കൊട്ടിഘോഷിച്ച വന്ദേ ഭാരത് പദ്ധതിക്ക് കന്നുകാലികൾ ഗുരുതരമായ ഭീഷണിയായതോടെയാണ് ഈ നടപടി. സാധാരണഗതിയിൽ ട്രെയിനിടിച്ച് പശുവിനോ എരുമക്കോ ഗുരുതരമായ പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ വന്ദേ ഭാരതിന്റെ കാര്യത്തിൽ നേരെ തിരിച്ചാണ്; മൃഗങ്ങളെ ഇടിച്ച ട്രെയിനുകളുടെ മുന്‍വശം തകരുന്നു. ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും തലസ്ഥാന നഗരങ്ങൾക്കിടയിൽ അതിവേഗ എക്സ്പ്രസ് ട്രെയിൻ സർവീസ് സെപ്റ്റംബർ 30നാണ് മോഡി ഉദ്ഘാടനം ചെയ്തത്. ഓട്ടം തുടങ്ങി ഒരു മാസത്തിനിടയില്‍ മൂന്ന് അപകടങ്ങളാണ് ഗുജറാത്തിൽ നടന്നത്. ഈ സംഭവങ്ങളിലാെന്നും യാത്രക്കാർക്ക് പരിക്കില്ലെങ്കിലും ട്രെയിനിന്റെ മുൻവശത്തിന് കേടുപാടുകൾ സംഭവിച്ചു. ഇത് ട്രെയിനില്‍ ഉപയോഗിച്ച മെറ്റീരിയലുകളുടെയും നിര്‍മ്മാണത്തിന്റെയും ഗുണനിലവാരത്തെക്കുറിച്ച് ചോദ്യമുയർത്തുന്നു. മൃഗങ്ങളുമായി കൂട്ടിയിടിച്ച് ട്രെയിനുകളുടെ ബോണറ്റിന് കേടുപാടുകൾ സംഭവിക്കുന്നത് വിചിത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തീവണ്ടി അപകടങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്നും പാളം തെറ്റാൻ വരെ ഇടയാക്കുമെന്നും റയിൽവേ ഉദ്യോഗസ്ഥർ പോലും നിരീക്ഷിച്ചു.


ഇതുകൂടി വായിക്കൂ: പട്ടിണി രാജ്യമാകുന്ന ഇന്ത്യ  


ഗതാഗതം തടസപ്പെടുത്തുകയും റയിൽവേയുടെ സ്വത്ത് നഷ്ടപ്പെടുത്തുകയും മാത്രമല്ല, യാത്രക്കാർക്ക് അപകടമുണ്ടാകാന്‍ സാധ്യതയും വര്‍ധിപ്പിക്കുന്നു. ഇങ്ങനെയൊരു പദ്ധതി ഏറ്റെടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലർത്തേണ്ടതായിരുന്നു. തുടങ്ങുന്നതിന് മുമ്പ് എല്ലാ സാധ്യതകളും സുരക്ഷാ മാനദണ്ഡങ്ങളും ആഴത്തിൽ പഠിക്കണമായിരുന്നു. മോഡിയുടെ രാഷ്ട്രീയവും നേതൃപരവുമായ പ്രതിച്ഛായ വർധിപ്പിക്കാൻ വേണ്ടി തിടുക്കത്തിലാണ് ഈ പദ്ധതി സ്വീകരിച്ചത് എന്നതിൽ സംശയമില്ല. വിരോധാഭാസമെന്നു പറയട്ടെ, റയിൽവേ ഇത്തരമൊരു ഭീഷണി നേരിടുന്നതും ഇതാദ്യമാണ്. റയിൽവേ ട്രാക്കിന് സമീപത്ത് താമസിക്കുന്നവർക്കായി ബോധവല്ക്കരണ ക്യാമ്പയിൻ നടത്താനും മൃഗങ്ങളെ പിടികൂടി ഭരണകൂടമോ സാമൂഹിക സംഘടനകളോ നിർമ്മിച്ച ഗോശാലകളിലേക്ക് അയയ്ക്കാനും ഗ്രാമസഭയിൽ ബോധവല്ക്കരണം നടത്താനും ഗ്രാമമുഖ്യന്മാര്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ പറയുന്നു. റയിൽവേ ട്രാക്കുകൾക്ക് സമീപം ഗോശാലകൾ നിലവിലില്ലാത്തതിനാൽ ഈ ആശയം തന്നെ അര്‍ത്ഥശൂന്യമാണ്. എന്നാല്‍ റയിൽവേ ഈ ദൗത്യം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനകം 1,023 ബോധവല്ക്കരണ ക്യാമ്പയിനുകൾ നടത്തി. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ജാഗ്രതയും ശ്രദ്ധേയമാണ്.

ഒരു മാസത്തിനുള്ളിൽ സർപഞ്ചുമാരുമായി 50 സംവേദനാത്മക സെഷനുകൾ നടത്താൻ അവർക്ക് കഴിഞ്ഞു. കന്നുകാലികളെ ആകർഷിക്കുന്ന രീതിയില്‍ ട്രാക്കുകളിൽ മാലിന്യം വലിച്ചെറിയുന്നത് നിർത്തലാക്കാനാണ് റയിൽവേയുടെ അടുത്ത നടപടി. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും മറ്റ് ഭരണസംവിധാനങ്ങളെയും ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്. ട്രാക്കുകൾക്ക് സമീപം മാലിന്യം തള്ളുന്നില്ലെന്ന് ഉറപ്പാക്കാനും അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ നീക്കം തടയാനും ലോക്കൽ പൊലീസ് സേവനവും ഏകോപിപ്പിക്കും. വന്ദേ ഭാരത് സർവീസ് ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ ആദ്യത്തെ സാങ്കേതിക തകരാർ നേരിട്ടു. ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് പോവുകയായിരുന്ന തീവണ്ടി (നമ്പർ 22436) നോർത്ത് സെൻട്രൽ റയിൽവേയിലെ ദന്‍കൗർ, വെയർ സ്റ്റേഷനുകൾക്കിടയില്‍ സി8 കോച്ചിന്റെ ട്രാക്ഷൻ മോട്ടോറിലെ ബെയറിങ് തകരാർ മൂലം ഓട്ടം നിര്‍ത്തി. യാത്രക്കാരെ ശതാബ്ദി എക്സ്പ്രസിലേക്ക് മാറ്റേണ്ടി വന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. അതിവേഗ ട്രെയിനുകളുടെ സുരക്ഷിതമായ പ്രവർത്തനത്തിന് ട്രാക്ഷൻ മോട്ടോർ ബെയറിങ്ങുകൾ പ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു. അവ മോട്ടോറിന്റെ ഏറ്റവും ദുർബലമായ ഘടകം കൂടിയാണ്. ബെയറിങ് തകരാര്‍ കണ്ടെത്താതെ പോയാല്‍ ഗുരുതരമായ അപകടങ്ങൾക്ക് കാരണമായേക്കാം. (അവലംബം: ഐപിഎ)

TOP NEWS

November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.