20 January 2026, Tuesday

പുന്നമട ജലപൂരം ഇന്ന്

സ്വന്തം ലേഖിക
ആലപ്പുഴ
August 30, 2025 8:00 am

71-ാമത് നെഹ്രുട്രോഫി വള്ളംകളി ഇന്ന് പുന്നമട കായലില്‍ നടക്കും. 21 ചുണ്ടന്‍ ഉള്‍പ്പെടെ 75 വള്ളങ്ങളാണ് ഓളപ്പരപ്പില്‍ മാറ്റുരയ്ക്കാനെത്തുന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് രാവിലെ നടക്കുന്നത്. ഉച്ചകഴിഞ്ഞ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. നാല് മണിക്കു ശേഷം ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലും. ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോഡി പങ്കെടുക്കും. ഈ വര്‍ഷത്തെ ജലമേളയില്‍ കുട്ടനാട്ടില്‍ നിന്നാണ് കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്നത്. 

11 ബോട്ട് ക്ലബ്ബിന്റെ വള്ളങ്ങളാണ് കുട്ടനാട്ടിൽ നിന്ന് വേഗ പോരാട്ടത്തിന് ഒരുങ്ങിയിട്ടുള്ളത്. ട്രാക്ക് എന്‍ട്രിയില്‍ പോലും മികച്ചസമയം കണ്ടെത്തിയ ചുണ്ടന്‍വള്ളങ്ങള്‍ ലക്ഷ്യമിടുന്നത് റെക്കോഡ് വേഗത്തില്‍ ഫൈനലിലെത്തുകയാണ്. സിബിഎല്ലില്‍ മാറ്റുരയ്ക്കാന്‍ ആദ്യ ഒമ്പത് സ്ഥാനം നേടുകയെന്നതും വെല്ലുവിളിയാണ്. ഇക്കുറി യന്ത്രവല്‍കൃത സ്റ്റാര്‍ട്ടിങ് ഫിനിഷിങ് സംവിധാനത്തിനൊപ്പം ഫിനിഷിങ് പോയിന്റില്‍ വെര്‍ച്വല്‍ ലൈനും ക്രമീകരിച്ചിട്ടുണ്ട്. തര്‍ക്കമുണ്ടായാല്‍ വീണ്ടും വീഡിയോ പ്രദര്‍ശിപ്പിച്ച് തീരുമാനമെടുക്കും. വള്ളങ്ങളുടെ സമയക്രമം ഇനി മുതല്‍ മിനിറ്റിനും സെക്കന്‍ഡിനും ശേഷമുള്ള മില്ലിസെക്കന്‍ഡ് (മൂന്ന് ഡിജിറ്റ്) നിജപ്പെടുത്തും. അപ്രകാരം വള്ളങ്ങള്‍ ഒരേപോലെ വന്നാല്‍ നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കും. ആദ്യ ആറുമാസം ആര്‍ക്കെന്നതും നറുക്കെടുപ്പിലൂടെ തീരുമാനിക്കും. മിന്നല്‍ പിണര്‍ പോലെ തുഴ വേഗം തീര്‍ത്ത് വെള്ളിക്കപ്പില്‍ മുത്തമിടുകയെന്നതാണ് ചുണ്ടന്‍ വള്ളങ്ങളുടെ ലക്ഷ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.