ജനഹൃദയങ്ങളിൽ വിപ്ലവ ആവേശത്തിന്റെ അഗ്നിജ്വാലകൾ പകർന്ന പുന്നപ്ര രക്തസാക്ഷികൾക്ക് ആയിരങ്ങളുടെ ശ്രദ്ധാഞ്ജലി. ഐതിഹാസികമായ സമരത്തിന്റെ ഓർമ്മ പുതുക്കുവാൻ രക്തസാക്ഷി കേന്ദ്രങ്ങളിൽ ഒരു നാടാകെ ഒഴുകിയെത്തി. സാമ്രാജ്യത്വ ശക്തികൾക്ക് മുന്നിൽ മുട്ടുമടക്കാതെ ജീവൻ ത്യജിച്ച് പോരാടിയ പുന്നപ്രയിലെ 29 ധീരസഖാക്കൾക്ക് മരണമില്ലെന്ന് ആയിരങ്ങൾ പ്രഖ്യാപിച്ചു. ഇതോടെ പുന്നപ്ര സമരത്തിന്റെ 78-ാം വാർഷിക വാരാചരണത്തിന് സമാപനമായി.
ഇന്നലെ രാവിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ അണമുറിയാത്ത ജനപ്രവാഹം പുന്നപ്ര സമരഭൂമിയിൽ പുഷ്പാർച്ചന നടത്തി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ, വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാർ, മന്ത്രി സജി ചെറിയാൻ, വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയൻ, സെക്രട്ടറി എ ഓമനക്കുട്ടൻ, എച്ച് സലാം എംഎൽഎ, എ എം ആരിഫ് തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.
തുടർന്ന് നടന്ന സമ്മേളനത്തിൽ ടി ജെ ആഞ്ചലോസ്, ആർ നാസർ എന്നിവർ രക്തസാക്ഷി അനുസ്മരണ പ്രഭാഷണം നടത്തി. വി ആർ അശോകൻ അധ്യക്ഷനായി. വി കെ ബൈജു സ്വാഗതം പറഞ്ഞു. വൈകിട്ട് പൊതുസമ്മേളനം സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഇ കെ ജയൻ അധ്യക്ഷനായി. മന്ത്രി പി പ്രസാദ്, ടി ജെ ആഞ്ചലോസ്, ആർ നാസർ, എച്ച് സലാം എംഎൽഎ, പി വി സത്യനേശൻ, വി സി മധു, ആർ രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.
പുന്നപ്ര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ പുഷ്പാർച്ചനയും ദീപക്കാഴ്ച പ്രകടനവും നടന്നു. അനുസ്മരണ സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി പി ചിത്തരഞ്ജൻ അധ്യക്ഷനായി. സി എസ് സുജാത മുഖ്യ പ്രഭാഷണം നടത്തി. ആർ സുരേഷ്, വി എസ് മണി, കെ കെ ജയമ്മ, പി പി പവനൻ, ആർ അനിൽകുമാർ, ഡി ലക്ഷ്മണൻ, ജി രാജമ്മ, പി കെ ബൈജു, പി കെ സദാശിവൻപിള്ള എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.