12 May 2024, Sunday

പുന്നപ്രയിലെ രക്തതാരകങ്ങള്‍ക്ക് ഇന്ന് നാടിന്റെ പ്രണാമം

Janayugom Webdesk
അമ്പലപ്പുഴ
October 23, 2023 8:15 am

പിറന്ന മണ്ണിൽ മനുഷ്യനായി ജീവിക്കാനുള്ള അവകാശ പോരാട്ടത്തിനിടെ സർ സി പിയുടെ ചോറ്റുപട്ടാളത്തിന്റെ വെടിയേറ്റ് മരിച്ച പുന്നപ്രയിലെ രക്തതാരകങ്ങൾക്ക് ഇന്ന് നാട് പ്രണാമം അർപ്പിക്കും. രാവിലെ 9.30ന് ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതാക്കൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കും. പുന്നപ്ര വടക്ക് പുന്നപ്ര തെക്ക് ലോക്കൽ സംഘാടക സമിതികളുടെ നേതൃത്വത്തിൽ കളർകോട് ജങ്ഷന് സമീപത്തുനിന്നും ജാഥയായി ഹൈവേ വഴി കപ്പക്കട ജങ്ഷനിലൂടെ സമരഭൂമിയിൽ എത്തിച്ചേരും. പുന്നപ്ര കിഴക്ക് ലോക്കൽ സംഘാടക സമിതിയുടെ നേതൃത്വത്തിൽ പഴയനടക്കാവ് റോഡിലൂടെ കപ്പക്കട ജങ്ഷൻ വഴി സമരഭൂമിയിൽ എത്തിച്ചേരും. പുന്നപ്ര ലോക്കൽ സംഘാടക സമിതിയുടെ നേതൃത്വത്തിൽ തീരദേശ റോഡുവഴി സമരഭൂമിയിൽ എത്തിച്ചേരും.

രാവിലെ 11.30ന് ശാലിനി തോട്ടപ്പള്ളിയുടെ നേതൃത്വത്തിൽ വഞ്ചിപ്പാട്ട്. 11.45ന് സിംഫണി ആലപ്പുഴയുടെ ഗാനമേള. ഉച്ചയ്ക്ക് 11 മണിക്ക് നടക്കുന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിൽ വി ആർ അശോകൻ അധ്യക്ഷത വഹിക്കും. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ അനുസ്മരണ പ്രസംഗം നടത്തും. ഉച്ചയ്ക്ക് രണ്ടിന് കുട്ടികളുടെ വിവിധ കലാപരിപാടികൾ. മൂന്നിന് പാട്ടും പറച്ചിലുമായി പുന്നപ്ര ജ്യോതികുമാറും കുട്ടികളും.

അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, പുറക്കാട് പഞ്ചായത്തുകളിലെ ലോക്കൽ സംഘാടക സമിതികളുടെ നേതൃത്വത്തിൽ വൈകുന്നേരം നാലുമണിക്ക് വണ്ടാനത്ത് നിന്നും ജാഥയായി നാഷണൽ ഹൈവേ വഴി കപ്പക്കട ജങ്ഷനിലൂടെ പുഷ്പാർച്ചനാ റാലികൾ സമരഭൂമിയിൽ എത്തിച്ചേരും. മൂന്നിന് ദീപശിഖാ റിലേ. രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സമര നായകൻ പി കെ ചന്ദ്രാനന്ദന്റെ മകൾ ഉഷ വിനോദ് കൊളുത്തി നൽകുന്ന ദീപശിഖ അത്‌ലറ്റായ എൻ ശിവകുമാർ ഏറ്റുവാങ്ങി പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്പഞ്ചായത്തുകളിലൂടെ വൈകിട്ട് ആറു മണിക്ക് സമരഭൂമിയിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയന്‍ ദീപശിഖ ഏറ്റുവാങ്ങി രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും.

ആറിന് പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഇ കെ ജയൻ അധ്യക്ഷത വഹിക്കും. മുല്ലക്കര രത്നാകരൻ, സജി ചെറിയാൻ, ടി ജെ ആഞ്ചലോസ്, ആർ നാസർ, ജി സുധാകരൻ, എച്ച് സലാം, പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, വി മോഹൻദാസ്, എന്നിവർ സംസാരിക്കും. സമരഭൂമിയിൽ രാവിലെ 10ന് സാഹിത്യ മത്സരങ്ങൾ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് വയലാർ രാമവർമ്മ ഗ്രന്ഥശാല ബാലവേദി വിഭാഗം അവതരിപ്പിക്കുന്ന ഗാന്ധി എന്ന നാടകം നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. എ എം ആരിഫ് എംപി അധ്യക്ഷത വഹിക്കും. പി കെ മേദിനി, അലിയാർ എം മാക്കിയിൽ, പ്രമോദ് വെളിയനാട്, ചേർത്തല ജയൻ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും.

Eng­lish Summary:Today the coun­try pays its respects to the mar­tyrs of Punnapra
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.