
‘പുഷ്പ 2: ദ റൂൾ’ എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് താരം അല്ലു അർജുനെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുൻ ഉൾപ്പെടെ 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഹൈദരാബാദിലെ നമ്പള്ളി കോടതിയിലാണ് അന്വേഷണസംഘം രേഖകൾ സമർപ്പിച്ചത്. 2024 ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലായിരുന്നു ദാരുണമായ സംഭവം നടന്നത്. അല്ലു അർജുൻ തിയേറ്ററിലെത്തുന്നത് അറിഞ്ഞ് തടിച്ചുകൂടിയ ആരാധകരുടെ തിരക്കിൽപ്പെട്ട് 35 വയസ്സുകാരിയായ രേവതി മരണപ്പെടുകയും അവരുടെ മകൻ ശ്രീതേജിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്തതും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തി.
അപകടസാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും മുൻകരുതലുകൾ എടുക്കാതെ സന്ദർശനവുമായി മുന്നോട്ട് പോയതാണ് നടനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ കാരണം. അല്ലു അർജുന്റെ പേഴ്സണൽ മാനേജർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ, എട്ട് പ്രൈവറ്റ് ബൗൺസർമാർ എന്നിവരും പ്രതികളാണ്. ബൗൺസർമാർ ജനക്കൂട്ടത്തിന് നേരെ നടത്തിയ ആംഗ്യങ്ങൾ തിരക്ക് വർദ്ധിക്കാൻ കാരണമായെന്നും കുറ്റപത്രത്തിൽ പറയുന്നു. തിയേറ്റർ ഉടമകളെയും മാനേജ്‌മെന്റിനെയും അശ്രദ്ധയ്ക്ക് പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ അല്ലു അർജുൻ നിലവിൽ ജാമ്യത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.