3 May 2024, Friday

Related news

September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 5, 2023
September 5, 2023

പുതുപ്പള്ളി ചര്‍ച്ചചെയ്യുന്നത് വികസനവും രാഷ്ട്രീയവും

ജയ്സൺ ജോസഫ്
കോട്ടയം
September 2, 2023 11:06 pm

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ വൈകാരികതയിലും കണ്ണീരിലും കുതിർത്ത കോൺഗ്രസും യുഡിഎഫും പ്രചാരണം കലാശക്കൊട്ടിലെത്തുമ്പോഴും കണ്ണീർക്കയത്തിൽ തന്നെ. കഴിഞ്ഞ ദിവസം മണ്ഡലത്തിൽ പ്രചരണത്തിനെത്തിയ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്റണി ഉമ്മൻചാണ്ടിക്കെതിരെ അപവാദം പറഞ്ഞവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണമെന്നു പറഞ്ഞായിരുന്നു കണ്ണീർ വാർത്തത്. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കണ്ട് ഉമ്മൻചാണ്ടിയെ അപമാനിച്ചവർ ഞെട്ടിവിറച്ച് ബോധംകെടണമെന്നും ആന്റണി ആഗ്രഹം പ്രകടിപ്പിച്ചു.
ഉമ്മൻചാണ്ടിയുടെ കുടുംബത്തെ വേട്ടയാടുന്നുവെന്ന് ആന്റണി വിലപിക്കുമ്പോൾ ഏതാനും കിലോമീറ്റർ അകലെ കൂരോപ്പടയിൽ, മകൻ അനിൽ ആന്റണി മോഡിയുടെ മഹത്വം ഘോഷിക്കുകയായിരുന്നു. പുതുപ്പള്ളിയുടെ പിന്നാക്കാവസ്ഥയും അനില്‍ ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു.
വികസനം പറയില്ലെന്നും വികസനത്തെപ്പറ്റി നാലാംകിടക്കാരുമായി ചർച്ചയില്ല എന്നും വീമ്പുപറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്നീട് വാക്ക് വിഴുങ്ങേണ്ടി വന്നു. വികസനപ്രവർത്തനങ്ങളിൽ വേണ്ടത്ര മുന്നോട്ടു പോകാനാവാത്ത മണ്ഡലമാണ് പുതുപ്പള്ളി എന്ന ഉണ്മ നാടറിഞ്ഞു. അതുകൊണ്ടുതന്നെ വികസനമായിരുന്നു എല്‍ഡിഎഫ് മുന്നോട്ടു വച്ചതും ജനം ചര്‍ച്ചചെയ്തതും.

മണ്ഡലത്തെ 21 മേഖലാ കമ്മിറ്റികളായി തിരിച്ചായിരുന്നു എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനം. ഓരോ ബൂത്തുകളിലും കുറഞ്ഞത് പത്ത് കുടുംബയോഗങ്ങൾ നടന്നു. മന്ത്രിമാരും ജനപ്രതിനിധികളും പ്രവർത്തകരും ജനങ്ങളുമായി സംവദിച്ചു. നേരിട്ട് വോട്ടർമാരെ കാണുക എന്നതിനായിരുന്നു ഇടതുപക്ഷ പ്രാധാന്യം. വീടുകൾ തോറും കയറിയിറങ്ങിയായിരുന്നു വികസന കാര്യങ്ങൾ ചര്‍ച്ചചെയ്തത്. എല്ലാം എളുപ്പം എന്ന് ആഘോഷിച്ച യുഡിഎഫ് ഒന്നും എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞു. വൈകാരിക തരംഗം തുണയ്ക്കില്ലെന്ന് ബോധ്യപ്പെട്ട നെെരാശ്യത്തിലാണവര്‍.
മണ്ഡലത്തിലെ എട്ടുപഞ്ചായത്തുകളിലും മുഖ്യമന്ത്രി പങ്കെടുത്ത പൊതുയോഗങ്ങളിൽ ജനക്കൂട്ടം നിറഞ്ഞു. കൊള്ളലാഭം കൊയ്യുന്ന ടയർകമ്പനികളിൽ നിന്നും പിഴ ഈടാക്കി റബ്ബർ കർഷകർക്കു നൽകാനുള്ള നടപടികളിൽ സർക്കാരിനൊപ്പം നിലകൊള്ളാൻ പ്രതിപക്ഷം തയ്യാറാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനു നേരെ പ്രതിപക്ഷം ചെവി കൊട്ടിയടച്ചു. എംആർഎഫ് അടക്കമുള്ള ടയർകുത്തകകൾക്കെതിരെ സർക്കാരിനൊപ്പം ഒരേ സ്വരത്തിൽ നിലപാടു സ്വീകരിക്കാനും കർഷക താല്പര്യങ്ങൾക്കായി സ്വരമുയർത്താനും പ്രതിപക്ഷത്തിനു കഴിയുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കോൺഗ്രസ് ഒന്നും കേട്ടതേയില്ല. റബ്ബർ കർഷകർക്കായി നിലവിളിക്കുന്ന യുഡിഎഫ് ഘടകകക്ഷികളും. 

മികച്ച സംഘടനാ പ്രവർത്തനത്തിനൊപ്പം ഉയർത്തിയ രാഷ്ട്രീയവികസന നിലപാടുകളും ജയ്‌ക് സി തോമസിനെ വിജയവഴിയിൽ എത്തിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് എൽഡിഎഫ് എന്ന് തെരഞ്ഞടുപ്പു കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി ബി ബിനു പറഞ്ഞു.
53 കൊല്ലക്കാലത്തെ യുഡിഎഫ് വിജയത്തിന് അവസാനം കുറിക്കുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വലിയ അവകാശവാദങ്ങളില്ല, പുതുപ്പള്ളിയിൽ ജയിക്കും, അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Puthu­pal­ly dis­cuss­es devel­op­ment and politics

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.