പുതുപ്പള്ളിയില്‍ ആവേശക്കൊടുമുടി തീർത്ത് കൊട്ടിക്കലാശം കഴിഞ്ഞു. ഇനി നിശബ്ദ പ്രചാരണത്തിന്റെ ഒരുദിനം കൂടി പിന്നിട്ടാൽ പുതുപ്പള്ളി നാളെ പോളിങ് ബൂത്തിലേക്കെത്തും. മാറ്റത്തിന്റെ ചരിത്രം കുറിക്കാനാവും വോട്ടർമാർ ബൂത്തിലേക്കെത്തുന്നത് എന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ.
വികസനമായിരുന്നു ആദ്യം മുതൽ തന്നെ എൽഡിഎഫ് ഉയര്‍ത്തിയ ചർച്ചാ വിഷയം. അതുകൊണ്ടുതന്നെ കടുത്ത രാഷ്ട്രീയ മത്സരത്തിലേക്ക് പുതുപ്പള്ളിയെ മാറ്റിയെടുക്കാൻ എൽഡിഎഫിനായി. മണ്ഡലത്തിലെ വികസനമുരടിപ്പിന് മറുപടി പറയാൻ യുഡിഎഫിന് അവസാന നിമിഷത്തിലും ആയില്ല. പകരം ഉമ്മൻചാണ്ടിയുടെ പേരില്‍ സഹതാപ തരംഗം ഉയർത്തിയായിരുന്നു പ്രചാരണം. എന്നാൽ, സഹതാപമല്ല വികസനമാണ് നാടിനാവശ്യം എന്നതായിരുന്നു പുതുപ്പള്ളിക്കാരുടെ മറുപടി. നിശ്ശബ്ദ പ്രചാരണത്തിലേക്ക് പുതുപ്പള്ളി കടക്കുമ്പോൾ വോട്ടർമാരുടെ മനസുകളിൽ സ്ഥാനം നേടിയെടുക്കാൻ ജയ്‌ക് സി തോമസിനായിട്ടുണ്ട്. 1957 മുതൽ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ, പുതുപ്പള്ളി ആദ്യമായാണ് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി സി ചെറിയാനായിരുന്നു ജയം. 1396 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇ എം ജോർജിനെയാണ് തോല്പിച്ചത്. 60ലും പി സി ചെറിയാൻ ജയിച്ചു. എതിരാളി സിപിഐയിലെ എം തോമസ്. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന ശേഷം 1965ൽ കോൺഗ്രസിലെ തോമസ് രാജനെ തോൽപ്പിച്ച് ഇ എം ജോർജിലൂടെ സിപിഐ(എം) ആദ്യമായി പുതുപ്പള്ളിയിൽ ചെങ്കൊടി പാറിച്ചു. 67ലും ജോർജ് പുതുപ്പള്ളി നിലനിർത്തി. 1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഉമ്മൻ ചാണ്ടി 27-ാം വയസിൽ കന്നിപ്പോരാട്ടത്തിൽ അട്ടിമറി വിജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന്റെ ജെയ്‌ക് സി തോമസ് പരാജയപ്പെട്ടത് 9044 വോട്ടിനായിരുന്നു. ഉമ്മൻ ചാണ്ടിയുടെ തുടർച്ചയായ 12-ാം ജയമായിരുന്നു അത്. 2016ലും ജെയ്‌ക് തന്നെയായിരുന്നു എതിരാളി.
അവസാന തെരഞ്ഞെടുപ്പുകളിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെ എത്തിക്കാനായി എന്നത് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം ഏറെ വർധിപ്പിക്കുന്നുണ്ട്. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ പുതുപ്പള്ളി ഉൾപ്പെടെ ആറ് പഞ്ചായത്തുകളിൽ എൽഡിഎഫാണ് ഭരിക്കുന്നത്. അയർകുന്നം, മീനടം പഞ്ചായത്തുകളിൽ മാത്രം യുഡിഎഫ് ഭരണം. 2016ൽ ഉമ്മൻചാണ്ടിക്ക് മൂവായിരത്തിലധികം വോട്ടിന്റെ ലീഡ് നൽകിയ പാമ്പാടിയിൽ 2021ൽ ജെയ്‌ക് സി തോമസ് ആയിരത്തോളം വോട്ടിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. മണർകാട് പഞ്ചായത്തിൽ ജയ്‌കിന് ആയിരത്തിന് മേൽ വോട്ടിന്റെ ഭൂരിപക്ഷവും ഉണ്ടായിരുന്നു.
അതേസമയം പ്രചാരണവേളയിലൊന്നും കാര്യമായ പ്രതികരണം ഉളവാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. 2016ൽ 15,993 വോട്ട് നേടിയ ബിജെപിയുടെ വോട്ട് 2021ൽ 11,694 ആയി കുറഞ്ഞിരുന്നു. ഇത്തവണ അത്രപോലും ആത്മവിശ്വാസമില്ലാത്ത നിലയിലായിരുന്നു ബിജെപിയുടെ പ്രവർത്തനം.
മണ്ഡലത്തിലെ പ്രധാനകേന്ദ്രമായ പാമ്പാടി കേന്ദ്രമാക്കിയായിരുന്നു ഇന്നലെ മൂന്നുമുന്നണികളുടെയും കൊട്ടിക്കലാശം. രാവിലെ മുതൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആരംഭിച്ച റോഡ് ഷോകൾ വൈകുന്നേരത്തോടെ പാമ്പാടിയിൽ സംഗമിച്ചു. തുടർന്ന് കൊട്ടും കുരവയും വാദ്യഘോഷങ്ങളും, വർണബലൂണുകളും, കരിമരുന്ന് പ്രയോഗങ്ങളും അടക്കം തീർത്ത നിറപ്പകിട്ടിൽ ആവേശോജ്ജ്വലമായ കൊട്ടിക്കലാശം നടന്നു.
English Summary: Puthupally; Silent campaign today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.