7 November 2024, Thursday
KSFE Galaxy Chits Banner 2

Related news

May 30, 2024
May 10, 2024
March 20, 2024
March 15, 2024
November 24, 2023
October 6, 2023
October 5, 2023
October 3, 2023
August 28, 2023
August 24, 2023

ലോകം ഫുട്ബാൾ ലഹരിയിലേക്ക്

ഹബീബ് റഹ്‌മാൻ കൊടുവള്ളി
November 9, 2022 6:06 pm

പന്തുകൊണ്ട് പച്ച പുൽത്തകിടിയിൽ കണ്ണഞ്ചിപ്പിക്കുന്ന ഇന്ദ്രജാലങ്ങൾ കാഴ്ചവെയ്ക്കുന്ന ലോക കപ്പ് ഫുട്ബോൾ മത്സരത്തിന് ലോകത്തിന്റെയും ആരാധകരുടെയും കാത്തിരിപ്പിന് വിരാമമിട്ട് 2022ലെ ഖത്തർ ലോകകപ്പിന്റെ കിക്കോഫിന് ഏതാനും ദിവസങ്ങൾക്കകം തുടക്കമാകും. പിന്നെ ലോകത്തിന്റെ കണ്ണും കാതും മാത്രമല്ല, സർവ്വാവയവങ്ങളും ഖത്തർ എന്ന രാജ്യത്തേക്കായിരിക്കും തിരിഞ്ഞിരിക്കുക. സർവ്വ സന്നാഹങ്ങളുമായി ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിന് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ചുരുക്കത്തിൽ ലോക ഫുട്ബോളിനെ ത്രസിപ്പിക്കുന്ന പ്രതിഭാശാലികൾ പച്ച പട്ടുടുത്ത പരവതാനി വിരിച്ച പുൽ മൈതാനിയിൽ വർണ്ണ വിസ്മയം തീർക്കുന്നത് കാണാൻ തയ്യാറെടുത്തു കഴിഞ്ഞു ഫുട്ബോൾ ലോകം.

32 ടീമുകളുമായി ലോക ഫുട്ബോളിലെ രാജകുമാരന്മാർ മാറ്റുരക്കുന്നതിന്റെ വേദിയാകാൻ ഖത്തറിലെ അത്യാധുനിക സംവിധാനങ്ങളോടു കൂടി പണിതീർത്ത മൈതാനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. തണുത്തുരുകുന്ന കാല ദിനങ്ങളിൽ വാശിയേറിയ മത്സരങ്ങൾ നടക്കുമ്പോൾ ഫുട്ബാൾ ലഹരിയിൽ ആനന്ദ നൃത്തമാടാനൊരുങ്ങുകയാണ് ലോകം മുഴുവനും. 2022 നവംബർ 15 ന് ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിട്ട് തുടങ്ങുന്ന ഈ മനോഹര മാമാങ്കം ഡിസംബർ 18 ഞായറാഴ്ച 80000 പേർക്കിരിക്കാവുന്ന ലുസൈൽ സ്റ്റേഡിയത്തിലെ ഫൈനലോട് കൂടിയാണ് അവസാനിക്കുക.

ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള കായിക വിനോദമാണ്‌ കാൽപന്തുകളി അഥവാ ഫുട്ബോൾ. പതിനൊന്നു പേരടങ്ങുന്ന രണ്ടു ടീമുകൾ തമ്മിൽ ചതുരാകൃതിയിലുള്ള മൈതാനത്തിലാണ് കളി നടക്കുന്നത്. കാലുകൊണ്ടാണു പ്രധാനമായും ഫുട്ബോൾ കളിക്കുന്നതെങ്കിലും കയ്യൊഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും കളിക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്‌. എന്നാൽ ഇരുടീമിലെയും ഗോൾകീപ്പർമാർക്ക്‌ പന്തു കൈകൊണ്ടു തൊടാം. കളി നിയന്ത്രിക്കുന്നതിന് കളിക്കളത്തിനകത്ത് ഒരു പ്രധാന റഫറിയും, മൈതാനത്തിന്റെ ഇരു പാർശ്വങ്ങളിലും ഓരോ സഹ റഫറിമാരും ഉണ്ടാകും.

ചൈനയിലെ ഹാൻ സാമ്രാജ്യകാലത്താണ് ഫുട്ബോളിന്റെ ആരംഭം. പല പ്രദേശങ്ങളിലായി വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കളിച്ചിരുന്ന ഫുട്ബോളിന്റെ നിയമങ്ങൾ ദീർഘകാല ശ്രമങ്ങളുടെ ഫലമായാണ്‌ ക്രോഡീകരിക്കപ്പെട്ടത്‌. ഇതിനുളള ശ്രമങ്ങൾ ശക്തമായത്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്‌. ഇന്നു നിലവിലുളള നിയമങ്ങളുടെ ഏകദേശ ചിത്രം രൂപപ്പെടുത്തിയതു കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജ് 1848ൽ ഇംഗ്ലണ്ടിലെ വിവിധ ടീമുകളെ ചർച്ചയ്ക്കിരുത്തിയാണ്‌. ഔദ്യോഗികമായി പതിനേഴ്‌ പ്രധാന നിയമങ്ങളാണിന്നുളളത്‌. 1904ൽ പാരിസിൽ രൂപംകൊണ്ട ഫെഡറേഷൻ ഓഫ്‌ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ, ഫിഫ ആണ്‌ ഈ കളിയുടെ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതും നടപ്പിലാക്കുന്നതും.

ലളിതമായ നിയമങ്ങളും പരിമിതമായ സൗകര്യങ്ങളുമാണ് ഫുട്ബോളിനെ ജനപ്രിയമാക്കുന്നത്. 200 രാജ്യങ്ങളിലായി കോടിക്കണക്കിനാളുകൾ ഈ കായികവിനോദത്തിലേർപ്പെടുന്നുണ്ട്‌. ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, യൂറോപ്പ്‌ എന്നിവിടങ്ങളിലാണ്‌ ഫുട്ബോളിന്‌ ഏറ്റവും പ്രചാരമുളളതെങ്കിലും ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളും സെവൻസ് അടക്കമുള്ള ഫുട്ബാൾ ജ്വരം പങ്കിടുന്നവരാണ്. പന്തു വരുതിയിലാക്കി കൈകൾ കൊണ്ട് തൊടാതെ കാലുകൾ കൊണ്ടു നിയന്ത്രിച്ച്‌ മുന്നോട്ടു നീങ്ങി, ടീമംഗങ്ങൾ തമ്മിൽ പരസ്പരം പന്തു കൈമാറി ഗോൾ വലയത്തിനടുത്തെത്തുമ്പോൾ ഗോൾ കീപ്പറെ കബളിപ്പിച്ച്‌ പന്തു വലയിലാക്കുക എന്നതാണ് കളിയുടെ ക്രമം‌. പന്തു കൈക്കലാക്കി ഗോളാക്കാനായി ഇത്തരത്തിൽ ടീമുകൾ തമ്മിൽ നടക്കുന്ന മത്സരമാണ്‌ ഫുട്ബോളിനെ ആവേശഭരിതമാക്കുന്നത്‌.

കളിക്ക് മാത്രമല്ല കളിക്കളത്തിനും പന്തിനുമൊക്കെ നിർണ്ണിതമായ നിയമങ്ങളും വ്യവസ്ഥകളുമൊക്കെയുണ്ട്. ഫിഫയുടെ അംഗീകാരമുള്ള കളികൾക്ക് ലോകമെങ്ങും ഉപയോഗിക്കുന്നത് #5 അളവിലുള്ള 68 മുതൽ 70 സെ. മീ വരെ ചുറ്റളവും 410 മുതൽ 450 വരെ ഗ്രാം ഭാരവുമുള്ള വായുമർദ്ദം സാധാരണ അന്തരീകഷമർദ്ദത്തിന്റെ 0.6 മുതൽ 1.1 വരെ മടങ്ങുള്ള പന്തുകളാണ്. ഫുട്ബോൾ കളിക്കളത്തിന്റെ വിവിധ ഭാഗങ്ങൾ 100 മുതൽ 110 മീറ്റർ വരെ നീളവും 64–75 മീറ്റർ വരെ വീതിയുമുളള ദീർഘ ചതുരാകൃതിയിലുള്ളതായിരിക്കണം. ഫുട്ബാൾ അടക്കമുള്ള കലാ കായിക വിനോദങ്ങൾ രാജ്യങ്ങളുടെ പരസ്പര ബന്ധങ്ങൾ ഊഷ്‌മളമാക്കുകയും സൗഹൃദ പൂർണ്ണമാക്കുകയും ചെയ്യുന്നു. രാജ്യങ്ങൾക്കും സമൂഹങ്ങൾക്കും പരസ്പരം അറിയാനും മനസ്സിലാക്കാനും ആശയങ്ങൾ കൈമാറാനും മാത്രമല്ല, കരാറുകളും ബന്ധങ്ങളും ഊട്ടിയുറപ്പിക്കാനും പുതിയവ നിർമ്മിക്കാനും ഇത്തരം അവസരങ്ങൾ ഉപയോഗപ്പെടുന്നു. ചിലപ്പോഴെങ്കിലും പല രാജ്യങ്ങളും പരസ്പരമുള്ള ശത്രുതയും സംഘർഷങ്ങളും ലഘൂകരിക്കാൻവരെ ഇത്തരം അവസരങ്ങൾ സന്ദർഭമൊരുക്കുന്നു. പാവപ്പെട്ട രാജ്യങ്ങൾക്കാവട്ടെ ഒരു ഉത്‌സവവും ആഘോഷവുമൊക്കെയാണ് ഇത്തരം കളികളും മത്സരങ്ങളും.

എല്ലാ കളികൾക്കുമുള്ളത് പോലെ ലോക കപ്പ് ഫുട്ബോളിനും മുന്നാമ്പുറ കളികളും പിന്നാമ്പുറ കളികളുമൊക്കെയുണ്ട്. അഴിമതിക്കഥകളും പക്ഷപാതങ്ങളുമൊക്കെ ഇതിനും ബാധകമാണ്. ക്രിക്കറ്റിൽ ഐപിഎല്ലിന്റെ സംപ്രേഷണാവകാശം ബിസിസിഐ 48390 കോടി രൂപക്ക് വിറ്റത് വിവാദമായത് കഴിഞ്ഞ ദിവസമാണല്ലോ.അഴിമതി ആരോപണങ്ങളില്‍ പെട്ട ഫിഫ മേധാവി സെപ് ബ്ലാറ്റര്‍ രാജിവെച്ച ശേഷമാണല്ലോ ഇപ്പോഴത്തെ ഫിഫ പ്രസിഡന്റ് ഗിഅന്റ്റി ഇൻഫന്റിനോ ചാർജെടുത്തത്. അതിനൊക്കെപുറമെ ഇത്തരം സന്ദർഭങ്ങളിലാണ് ലോകത്ത് അഴിമതി കൊടികുത്തിവാഴുന്നത്. ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ഒരേ ഒരു പോയിന്റിൽ കേന്ദ്രീകരിക്കുമ്പോൾ ചുറ്റുവട്ടങ്ങളിൽ നടക്കുന്ന അഴിമതികളും അക്രമങ്ങളും ആരറിയാൻ. എല്ലാ നാട്ടിലും എല്ലാ പ്രദേശത്തും ചെറിയ ചെറിയ അഴിമതി മുതൽ രാജ്യാന്തര ലഹരി ഇടപാടുകളും കള്ളക്കടത്തും ആയുധക്കച്ചവടവും വരെ പൊടിപൊടിക്കുന്ന ഒരു മാസക്കാലം കൂടിയാണ് ഇനി വരാൻ പോകുന്നത്!
നിർഭാഗ്യകരമെന്ന് പറയട്ടെ 130 കോടിയിലധികം ജനങ്ങൾ താമസിക്കുന്ന നമ്മുടെ ഇന്ത്യാരാജ്യത്തിൻറെ അവസ്ഥ പരമ ദയനീയമാണെന്നത് ഏറെ ദുഖകരമാണ്.

കേവല ലക്ഷങ്ങൾ മാത്രം ജനസംഘ്യയുള്ള പല രാജ്യങ്ങളും ലോക കപ്പിനായി മത്സരിക്കുമ്പോൾ വിശേഷിച്ചും. കളിയിൽ പോലുമുള്ള നമ്മുടെ കക്ഷി രാഷ്ട്രീയ ഇടപെടലുകൾക്കും പക്ഷപാതങ്ങൾക്കും തെളിവാണല്ലോ ഓൾ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന് (എഐഎഫ്എ) ഫിഫഏർപ്പെടുത്തിയ വിലക്ക്. ഫിഫ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലും അസോസിയേഷൻ ഭരണത്തിൽ പുറത്ത് നിന്നുണ്ടായ ഇടപെടലും കാരണമായുള്ള ഈ വിലക്ക് മുഖേന അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യയ്ക്ക് നഷ്ടമായിരിക്കയാണിപ്പോൾ. കൂടാതെ ഒരു അന്താരാഷ്ട്ര മത്സരത്തിലും ഇന്ത്യയുടെ പുരുഷ വനിതാ ടീമുകള്‍ക്ക് പങ്കെടുക്കാനാകില്ല. പല രാജ്യങ്ങളുടെയും കൊടി തോരണങ്ങളും കളിക്കാരുടെ കട്ടൗട്ടുകളുമായി വൃഥാ സമയവും പണവും അധ്വാനവും ചെലവഴിക്കാനാണ് നമ്മുടെ യോഗം. ഇപ്പോഴിതാ ഫുട്ബാൾ ഭ്രാന്തിന് കണ്ണൂരിൽ നിന്ന് ഒരു രക്ത സാക്ഷി കൂടി ഉണ്ടായിരിക്കുന്നു. ഈ ലേഖകന്റെ വീടിന് തൊട്ടടുത്ത പുഴക്കടവിലാണ് മെസ്സിയുടെയും നെയ്‌മറുടെയും റൊണാൾഡോയുടേയുമൊക്കെ വൈറലായ കട്ടൗട്ടുകളുള്ളത്. ദിവസവും ആയിരക്കണക്കിനാളുകളാണ് അവ സന്ദർശിക്കുന്നത്. ഇത്രക്ക് ആരാധകരെ കാണുമ്പോൾ കാൽനൂറ്റാണ്ടിനുള്ളിലെങ്കിലും ഒരു ലോക കപ്പിൽ കളിക്കാനുള്ള ഭാഗ്യം ഇന്ത്യക്കുണ്ടാകണേ എന്നൊരു പ്രാർത്ഥന മനോമുകുരത്തിലുയരും. ആ പ്രാർത്ഥന സഫലമാകുമെന്ന പ്രതീക്ഷയോടെ.

Eng­lish Sum­ma­ry: Qatar World Cup
You may also like this video

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.