സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ വർദ്ധനവിനും മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഗവൺമെന്റ് പ്രഥമ പരിഗണന നൽകുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിവരസാങ്കേതിക വിദ്യയുടെയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പിന്നോക്ക മേഖലയിലെ വിദ്യാലയങ്ങൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലൂടെയും നമ്മുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കോരുത്തോട് പഞ്ചായത്തിലെ പിന്നോക്ക മേഖലയായ കോസടിയിലുള്ള ഗവൺമെന്റ് ട്രൈബൽ യു.പി സ്കൂളില്‍ നിർമാണം പൂർത്തീകരിച്ച പുതിയ സ്കൂൾ കെട്ടിടത്തിന്റെയും വർണക്കൂടാരത്തിന്റെയും സംയുക്ത ഉദ്ഘാടനകർമ്മം നിർവഹിക്കുകയായിരുന്നു മന്ത്രി.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈൻ സ്വാഗതം ആശംസിച്ചു. നിർമ്മാണത്തിന്റെ ചുമതല വഹിച്ചിരുന്ന പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജ്യോതിലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. സമഗ്ര ശിക്ഷ കേരളയുടെ ജില്ലാ കോഓഡിനേറ്റർ കെ ജെ പ്രസാദ് പദ്ധതി വിശദീകരണം നടത്തി.
സ്കൂളിന് ആവശ്യമായ ഒന്നര ഏക്കർ സ്ഥലം 1958‑ൽ സൗജന്യമായി വിട്ടുനൽകിയ കല്ലേശ്ശേരി, മേനോത്ത്, പുളിഞ്ചേരിയിൽ കുടുംബങ്ങളുടെ ഇപ്പോഴത്തെ പിന്മുറക്കാരെയും ആദ്യകാല അധ്യാപകനായ ചെല്ലപ്പൻ ആചാരിയെയും സ്വാതന്ത്ര്യസമര സേനാനി രവീന്ദ്രൻ വൈദ്യരെയും ചടങ്ങിൽ ആദരിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ പി.ഡി പ്രകാശ്, ഗിരിജ, എന്നിവരും കാഞ്ഞിരപ്പള്ളി ഡിഇഒ രാകേഷ് ഇ. റ്റി കെഎഎസ്, കാഞ്ഞിരപ്പള്ളി എഇഒ സുൽഫിക്കർ എസ്, കാഞ്ഞിരപ്പള്ളി ബിപിസി ഓ അജാസ് വി. എം, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ സജു എസ്, കോസടി ഊരുമൂപ്പൻ കെ പി ഗംഗാധരൻ, മുൻ ഹെഡ് മിസ്ട്രസ് സുലു കെ.കെ, രാഷ്ട്രീയകക്ഷി നേതാക്കളായ ജോയി പുരയിടം, സി.എ തോമസ്, കെ.ബി രാജൻ, പിടിഎ പ്രസിഡന്റ് ജയ അജയകുമാർ, പ്രിയാ നാരായണൻകുട്ടി, ബോബിനാ സിറിയക്ക്, ഹെഡ് മിസ്ട്രസ് ശോഭന കുമാരി പി.റ്റി എന്നിവർ സംസാരിച്ചു.
പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന ഏക വിദ്യാലയമായ കോസടി ഗവൺമെന്റ് ട്രൈബൽ യു.പി സ്കൂളിന്റെ കെട്ടിടം കാലപ്പഴക്കം മൂലം ഏറെ ജീർണാവസ്ഥയിലായിരുന്നു. പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചതോടുകൂടി സ്മാർട്ട് ക്ലാസ്സ് റൂമുകളും മികച്ച അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാകും.
English Summary: Quality education is government’s first priority: Minister V Sivankutty
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.