3 May 2024, Friday

Related news

September 14, 2023
July 25, 2023
January 2, 2023
July 5, 2022
March 31, 2022
January 22, 2022
December 27, 2021
August 14, 2021

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി മുടങ്ങില്ല; കുടിശികയിലെ 50 ശതമാനം അനുവദിച്ചതായി മന്ത്രി വി ശിവന്‍കുട്ടി

സ്വന്തം ലേഖിക
തിരുവനന്തപുരം
September 14, 2023 8:43 pm
 സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ കുടിശികയിലെ 50 ശതമാനം തുകയായ 81.73 ലക്ഷം രൂപ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജൂൺ,​ ജൂലൈ മാസങ്ങളിലെ മുഴുവൻ തുകയും ഓഗസ്റ്റ് മാസത്തെ ഒരു വിഹിതവുമാണ് ഇപ്പോൾ നൽകുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. 163.15 കോടിയാണ് പദ്ധതിയിലെ സംസ്ഥാനവിഹിതം. ഇതിൽ പകുതിയാണ് അനുവദിച്ചത്. നടപ്പു വർഷത്തെ ആദ്യ ഗഡു കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 170.59 കോടിയാണ്. ഈ തുക ഇതുവരെ കേന്ദ്രം അനുവദിച്ചിട്ടില്ല. തുക ലഭിക്കുന്ന മുറയ്ക്ക് ബാക്കി വിതരണം ചെയ്യും. ഒരു കാരണവശാലും പദ്ധതി മുടങ്ങില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉച്ചഭക്ഷണ പദ്ധതി നിര്‍ത്തുകയാണെന്ന് പറയാനുള്ള അവകാശം ഒരു ഉദ്യോഗസ്ഥനും ഇല്ല. പദ്ധതി നടത്തിക്കൊണ്ടു പോകുക എന്നത് സ്കൂളിന്റെ തലവന്‍ എന്ന നിലയില്‍ അവരുടെ ഉത്തരവാദിത്തമാണ്. പദ്ധതി നടത്തിക്കൊണ്ടുപോകാന്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് വിദ്യാഭ്യാസ വകുപ്പിനെയാണ് അറിയിക്കേണ്ടത്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഉച്ചഭക്ഷണ കമ്മിറ്റിയുടെ യോഗം വിളിച്ചു ചേര്‍ക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും യോഗം ചേരുക. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉച്ചഭക്ഷണ വിതരണത്തിന് താല്‍പ്പര്യമുള്ളവരെ ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു കാരണത്താലും കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങില്ലെന്നും മന്ത്രി പറഞ്ഞു. വളരെ കുറച്ചു സ്കൂളുകള്‍ മാത്രമാണ് ഇതു സംബന്ധിച്ച് കത്ത് നല്‍കിയിട്ടുള്ളത്. ഉച്ചഭക്ഷണം നിര്‍ത്തുകയാണെന്ന് ചൂണ്ടിക്കാട്ടി കരകുളം വിദ്യാധിരാജ സ്കൂൾ ഹെഡ് മാസ്റ്റർ അയച്ച കത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് പത്രമാധ്യമങ്ങള്‍ക്ക് കൈമാറിയത് ഏതു സാഹചര്യത്തിലാണെന്നാണ് വിശദീകരണം ചോദിച്ചിട്ടുള്ളത്. വിശദീകരണം ലഭിച്ചതിനുശേഷം മാത്രമേ തുടര്‍ നടപടികളേക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂള്‍ പാചകതൊഴിലാളികള്‍ക്ക് ഒരു രൂപ പോലും കുടിശികയില്ലെന്നും മന്ത്രി പറഞ്ഞു. ആകെ കേന്ദ്ര വിഹിതം ലഭിക്കാത്ത പശ്ചാത്തലത്തിൽ പ്രതിമാസ കേന്ദ്ര- സംസ്ഥാന വിഹിതമായ 1000 രൂപ മാറ്റി നിർത്തി ബാക്കിയുള്ള തുക ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഓണറേറിയമായി സംസ്ഥാന സർക്കാർ പാചക തൊഴിലാളികൾക്ക് നൽകിയിട്ടുണ്ട്. നിപ ബാധയെ തുടർന്ന് കൂടുതൽ ദിവസം സ്‌കൂളുകൾ അടച്ചിടേണ്ടിവന്നാൽ പൂർണമായി ഓൺലൈൻ ക്ലാസുകളാക്കുമെന്നും മന്ത്രി അറിയിച്ചു.
Eng­lish Sum­ma­ry: min­is­ter v sivankut­ty about school lunch scheme
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.