30 June 2024, Sunday
KSFE Galaxy Chits

Related news

June 29, 2024
June 29, 2024
June 29, 2024
June 28, 2024
June 27, 2024
June 24, 2024
June 23, 2024
June 23, 2024
June 23, 2024
June 22, 2024

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: കരിമ്പട്ടികയിലുള്ള സ്ഥാപനത്തിന് ബിജെപി ബന്ധം

Janayugom Webdesk
ന്യൂഡല്‍ഹി
June 27, 2024 8:33 pm

കരിമ്പട്ടികയില്‍പ്പെടുത്തിയ സ്ഥാപനത്തിന് വീണ്ടും പരീക്ഷാ നടത്തിപ്പ് ചുമതല നല്‍കി ബിജെപി സര്‍ക്കാരുകള്‍. നീറ്റ്-നെറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും അനുബന്ധ വിവാദങ്ങളും പുറത്തുവന്നതോടെയാണ് ബിജെപിയും പരീക്ഷാ മാഫിയായും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കുടുതല്‍ വിവരങ്ങള്‍ ചുരുളഴിയുന്നത്.

യുപി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജ്യുടെസ്റ്റ് സൊലുഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് വിവാദത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയത്. സര്‍വദേശിക് ആര്യ പ്രതിനിധി സഭ എന്ന ഹൈന്ദവ സംഘടനയുടെ പ്രസിഡന്റ് സുരേഷ് ചന്ദ്ര ആര്യയുടെ നിയന്ത്രണത്തിലാണ് എജ്യുടെസ്റ്റ് പ്രവര്‍ത്തനം. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധമുള്ളയാണ് സുരേഷ് ചന്ദ്ര.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മത്സരപ്പരീക്ഷകളുടെ ചുമതല വഹിക്കുന്നത് ഇദ്ദേഹത്തിന്റെ സ്ഥാപനമാണ്. ഇതിന്റെ മാനേജിങ് ഡയറക്ടര്‍ പദവി വഹിക്കുന്ന വീനിത് ആര്യ നേരത്തെ പരീക്ഷാ ക്രമക്കേട് നടത്തിയതിന് ജയില്‍വാസം അനുഭവിച്ചയാളാണ് എന്നതും ശ്രദ്ധേയമാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തത്തില്‍ അഴിമതിയും ക്രമക്കേടും നടന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ സ്ഥാപനമാണ് എജ്യുടെസ്റ്റ് സൊലുഷന്‍സ്.

ഈമാസം 20നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥാപനത്തെ കരിമ്പട്ടികയില്‍പ്പെടുത്തിയത്. ഫെബ്രുവരിയില്‍ നടന്ന 43 ലക്ഷം പേര്‍ പങ്കെടുത്ത പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്ന് കണ്ടെത്തിയതിത്തുടര്‍ന്നാണ് നടപടി. യുവജന പ്രക്ഷോഭം രൂക്ഷമായതിന് പിന്നാലെയാണ് ആദിത്യനാഥ് സര്‍ക്കാര്‍ സ്ഥാപനത്തെ കരിമ്പട്ടികയില്‍പ്പെടുത്തിയത്. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക സംഘത്തിന് മുന്നില്‍ മാനേജിങ് ഡയറക്ടര്‍ വീനീത് ആര്യ ഇതുവരെ ഹാജരയിട്ടില്ല.

2023 ല്‍ ബിഹാറിലെ അധ്യാപക നിയമന പരീക്ഷയിലും എജ്യുടെസ്റ്റ് ക്രമക്കേട് നടത്തിയെന്നും ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്നും പരീക്ഷാ കണ്‍ട്രോളര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രേഖമൂലം പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ക്രമക്കേട് സാധൂകരിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സ്ഥാപനത്തെ കരിമ്പട്ടികയില്‍പ്പെടുത്തി. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ പരീക്ഷാനടത്തിപ്പ് ചുമതലയും വിവാദ കമ്പനിക്ക് ലഭിച്ചത്.

കരിമ്പട്ടികയില്‍പ്പെടുത്തുന്നതിന് തൊട്ടുമുമ്പാണ് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) സെക്ഷന്‍ ഓഫിസര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് എജ്യുടെസ്റ്റിന് അനുമതി നല്‍കിയത്. എട്ട് കോടിയിലേറെ (8,00,04,000) രൂപയുടെ കരാറാണ് ഇതു സംബന്ധിച്ച് സ്ഥാപനത്തിന് സിഎസ്ഐആര്‍ കൈമാറിയത്.

ബിഹാര്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി കേവലം ഒരുമാസം പിന്നിട്ട വേളയിലാണ് മോഡി സര്‍ക്കാര്‍ ബിജെപി അനുഭാവിക്ക് പരീക്ഷ നടത്തിപ്പ് ചുമതല കൈമാറിയത്. ഈ പരീക്ഷയിലും വ്യാപകമായ ക്രമക്കേട് നടന്നതായി അന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപണം ഉന്നയിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ ഝാര്‍ഖണ്ഡിലെ ഓഫീസ് പൊലീസ് പരിശോധന നടത്തിയിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ ബിജെപി സംസ്ഥാനങ്ങളിലും സ്ഥാപനത്തിനെതിരെ നിരവധി പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മോഡിയുമായുള്ള അടുപ്പവും ഗുജറാത്ത് ബന്ധവും കാരണം പല അന്വേഷണങ്ങളും മുന്നോട്ട് പോകാതെ അവസാനിക്കുകയായിരുന്നു.

മോഡി യുടെ പല ചടങ്ങളുകളിലും സജീവ സാന്നിധ്യമായി സുരേഷ്ചന്ദ്ര ആര്യ പങ്കെടുത്ത നിരവധി ചിത്രങ്ങളാണ് ഇപ്പോള്‍ സമൂറ്റമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്.

Ques­tion paper leak: BJP links to black­list­ed firm

Eng­lish summary:

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.